മാസപ്പടി കേസിന്റെ രേഖകള്‍ തേടി എസ്എഫ്‌ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്; എസ്എഫ്‌ഐഒ കേസില്‍ 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?

വീണ വിജയന് കുരുക്കുമായി ഇഡി

Update: 2025-04-09 12:14 GMT

കൊച്ചി: എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 11 ാം പ്രതി ആക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കുരുക്കുമായി ഇഡിയും. ടി.വീണയ്ക്ക് എതിരെ കള്ളപ്പണ കേസ് എടുക്കാന്‍ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്‌സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.

സിഎംആര്‍എല്‍, എക്‌സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്ഐഒ പ്രതി ചേര്‍ത്തത്. അതേസമയം സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം.

2018-19ല്‍ കൊച്ചിന്‍ മിനല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ ( സിഎംആര്‍എല്‍) നിന്ന് സേവനങ്ങളൊന്നും കൈമാറാതെ എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി അനധികൃതൃമായി വാങ്ങിയെന്നാണ് കേസ്. 2023 ലെ ഒരു ആദായനികുതി കേസിനെ തുടര്‍ന്ന് വീണ വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് വീണയ്ക്ക് എതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐഒ കൊച്ചി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

' കേസിന്റെ രേഖകള്‍ തേടി എസ്എഫ്‌ഐക്ക് ഞങ്ങള്‍ എഴുതിയിട്ടുണ്ട്. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കും'-മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരമാണ് എസ്എഫ്‌ഐഒ വീണയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇത് പിഎംഎല്‍എയുടെ കീഴില്‍ വരുമെന്നാണ് ഇഡി പറയുന്നത്.

എസ്എഫ്‌ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ല

മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്.

ഏപ്രില്‍ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. തത്കാലം എസ്എഫ്ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവും കോടതിയില്‍ ഹാജരായി. സ്റ്റേ ചെയ്യാത്തത് വലിയ തിരിച്ചടിയാണ് സിഎംആര്‍എല്ലിന്. ഏപ്രില്‍ 22ന് മുമ്പ് കേസില്‍ തുടര്‍ നടപടികള്‍ എസ് എഫ് ഐ ഒയ്ക്ക് എടുക്കാം.

തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. എസ് എഫ് ഐ ഒ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതി ചോദിച്ചു. അതേസമയം, കേസില്‍ ഇഡി കടന്നുവരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

കുുറേകാലമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീന്‍ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോള്‍ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിച്ചത്. അത് വീണ്ടും ജസ്റ്റീസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബഞ്ചിലേക്ക് മാറി. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്‍ ആവശ്യപ്പെട്ടത്.

കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ ചീഫ് ജസ്റ്റിസിന് കേസ് വിട്ടതോടെ കേസ് നടപടികള്‍ ഇനിയും നീളുമെന്നാണ് വ്യക്തമാകുന്നത്.

സ്റ്റേ അനുവദിക്കാത്തതോടെ എസ് എഫ് ഐ ഒ തുടര്‍ നടപടികളുമായി മുമ്പോട്ട് പോകും. കുറ്റപത്രം കൊച്ചി കോടതി അംഗീകരിച്ചാല്‍ ഇഡിയും കേസിലേക്ക് വരും. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കെതിരെ ഇ.ഡിയും കേസെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇഡി എസ്എഫ്ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. എസ്എഫ്ഐഒയുടെ രേഖകള്‍ കിട്ടിയ ശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

നേരത്തെ മാസപ്പടികേസില്‍ സി എം ആര്‍ എല്‍, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മാസപ്പടി കേസില്‍ ഇഡി കൂടി എത്തുന്നതോടെ കോര്‍പ്പറേറ്റ് ഫ്രാഡ് എന്നതിനപ്പുറം സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലേക്ക് കൂടി അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.

Tags:    

Similar News