അയ്യപ്പന്റെ യോഗദണ്ഡില്‍ സ്വര്‍ണം ചുറ്റുന്ന പ്രവൃത്തിക്ക് ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും അത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മനു ലഭിച്ചു; ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പിടിമുറുക്കിയത് 'സ്‌പോണ്‍സര്‍ഷിപ്പ്' ഒഴുക്കി; ചില്ലിക്കാശില്ലാത്ത പോറ്റി കോടീശ്വരനുമായി; അന്വേഷണത്തിന് ഇഡിയും എത്തുന്നു; വിവര ശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി ആരംഭിച്ചിരിക്കുന്നത്. അതിനിടെ കേസില്‍ പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ആര്‍ക്കും വിരമില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികളാണ്. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേര്‍ത്തത്. ദേവസ്വം ബോര്‍ഡിന്റെ പരാതിയിലാണ് എഫ്‌ഐആര്‍. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. കട്ടിളയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്‌ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്‌ഐആറില്‍ ഇല്ല. എ. പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്. പാളികള്‍ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചവരാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവര്‍ച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേര്‍ത്തത്.
ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ 2019ല്‍ കേടു വന്നതുകൊണ്ടാണ് മാറ്റി പുതിയതു നിര്‍മിച്ച് സ്വര്‍ണം പൂശി സമര്‍പ്പിക്കുന്നതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചുമതലപ്പെടുത്തിയതെന്നു രേഖ. 2019 ഫെബ്രുവരി 28നാണ് ഉണ്ണിക്കൃഷ്ണന് ഇതിനായി ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. തേക്കു കതകിലെ ചെമ്പുപാളികള്‍ ചെന്നൈയില്‍വച്ച് ഗോള്‍ഡ് പ്ലേറ്റിങ് നടത്തുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിന് തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നെന്നും 2019 മാര്‍ച്ച് 3ന് തയാറാക്കിയ മഹസര്‍ വ്യക്തമാക്കുന്നു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്കു സദ്യ നല്‍കിയിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത നേടിയ ശേഷം സ്‌പോണ്‍സറായി ആദ്യം രംഗപ്രവേശം നടത്തുന്നത് 2016 ലാണ്. ശബരിമലയിലെ തിടപ്പള്ളി വാതില്‍, വലിയമ്പല വാതില്‍, കൊച്ചുകടുത്തസ്വാമി നട, കുറുപ്പുസ്വാമി നട വാതിലുകള്‍ കട്ടിളയും കതകും ഉള്‍പ്പെടെ പിച്ചള പൊതിയുന്നതിനാണ് ആദ്യം അനുമതി ലഭിച്ചത്. ഭഗവാനുള്ള സംഭാവന എന്ന നിലയില്‍ ഈ പണികള്‍ നടത്തുകയായിരുന്നുവെന്ന് 2016 ഓഗസ്റ്റ് 30 ലെ ദേവസ്വം മഹസര്‍ വ്യക്തമാക്കുന്നു.
അയ്യപ്പന്റെ യോഗദണ്ഡില്‍ സ്വര്‍ണം ചുറ്റുന്ന പ്രവൃത്തിക്ക് ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും അത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മനു ലഭിക്കുകയായിരുന്നു. യോഗദണ്ഡും രുദ്രാക്ഷമാലയും സ്വര്‍ണം കെട്ടി നവീകരിക്കുന്നതിന് 2019 മാര്‍ച്ച് 16നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. 4 ദിവസത്തിനു ശേഷം ശ്രീകോവില്‍ കട്ടിള പൊതിഞ്ഞ ചെമ്പുപാളികളില്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സ്വര്‍ണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണനെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് 2019 ജൂലൈ 5നാണു പുറപ്പെടുവിച്ചത്. ഇതിന് ശേഷവും ശബരിമലയിലെ പ്രധാനിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. ഈ ദേവസ്വം ബോര്‍ഡിന്റെ കാലത്തും പല ഇടപാടുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റി പങ്കാളിയായിട്ടുണ്ട്.
ശബരിമലയിലെ ശില്‍പപാളിയിലെ സ്വര്‍ണമോഷണം അന്വേഷിക്കുന്ന എസ്‌ഐടി സംഘം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ ഈ സ്ഥാപനത്തില്‍ കൊണ്ടുപോയാണ് പാളികളിലെ സ്വര്‍ണം നീക്കിയത്. ഉണ്ണിക്കൃഷ്ണന്‍പോറ്റിയുടെ 2017 മുതല്‍ 2025 വരെയുള്ള ആദായ നികുതി വകുപ്പിന്റെ റിട്ടേണ്‍ രേഖകളില്‍ നിന്ന് അദ്ദേഹത്തിന് ചില്ലിക്കാശിന്റെ സ്ഥിരവരുമാനമില്ലെന്നും പണമെല്ലാം സ്‌പോണ്‍സര്‍മാരില്‍നിന്ന് തട്ടിയതാണെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന പണം ഇയാള്‍ തട്ടിയെടുത്തിരുന്നതായാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളില്‍നിന്നും സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണം പിരിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞവര്‍ഷം കാമാക്ഷി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെപേരില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് 10,85,150 രൂപ വന്നതായി കാണുന്നുണ്ട്. ഇതെല്ലാം കേന്ദ്ര ഏജന്‍സിയായ ഇഡിയും പരിശോധിക്കും.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍നിന്നും ശ്രീകോവിലിന്റെ കട്ടിളയില്‍ നിന്നും കവര്‍ന്ന അരക്കിലോയോളം സ്വര്‍ണം കണ്ടെടുക്കുക പ്രത്യേക അന്വേഷക സംഘത്തിന്റെ ചുമതലയാണ്. ഉണ്ണികൃഷണന്‍ പോറ്റി എത്തിച്ച പാളികളില്‍നിന്ന് സ്വര്‍ണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചത്.