ആ വിമാനം പറത്താൻ നിയമിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുക്കി; പകരക്കാരനാകാൻ വിളി വന്നത് ദുരന്തത്തിന് മണിക്കൂറുകൾക്ക് മുൻപ്; ബാരാമതി വിമാനാപകടത്തിലെ പൈലറ്റ് സുമിത് കപൂർ പരിചയസമ്പന്നൻ; ആ വൈകി വന്ന ധൗത്യം മരണത്തിലേക്കെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കൾ

Update: 2026-01-30 05:59 GMT

മുംബൈ: ബാരാമതിയിൽ ഇന്നലെ അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരിൽ ഒരാളായ ക്യാപ്റ്റൻ സുമിത് കപൂറിനെക്കുറിച്ചുള്ള ഓർമ്മകളുമായി സുഹൃത്തുക്കൾ. യഥാർത്ഥത്തിൽ സുമിത് കപൂർ ആ വിമാനം പറത്തേണ്ടതായിരുന്നില്ലെന്നും, ഗതാഗതക്കുരുക്കിൽ കുടുങ്ങിയ മറ്റൊരു പൈലറ്റിന് പകരക്കാരനായാണ് അദ്ദേഹം എത്തിയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഹോങ്കോങ്ങിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയ കപൂറിന്, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അജിത് പവാറിനെ ബാരാമതിയിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവ് ലഭിച്ചത്.

ഡൽഹിയിൽ നടന്ന അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് സുഹൃത്തുക്കൾ ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽ നിന്ന് പവാറിന്റെ ജന്മനാടായ ബാരാമതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുക എന്നതായിരുന്നു കപൂറിന്റെ ദൗത്യം. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് പ്രവർത്തിപ്പിക്കുന്ന ലിയർജെറ്റ് 45 വിമാനത്തിൽ രാവിലെ എട്ട് മണിയോടെയാണ് ഇവർ പുറപ്പെട്ടത്. പവാറിനെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി വിമാനത്തിലുണ്ടായിരുന്നു. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ നടത്തിയ രണ്ടാമത്തെ ശ്രമത്തിനിടെ രാവിലെ 8:45-ഓടെയാണ് അപകടം സംഭവിച്ചത്.

ക്യാപ്റ്റൻ കപൂർ, സഹപൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പവാറിന്റെ സുരക്ഷാ ഗാർഡ് വിദിപ് ജാദവ് എന്നിവരും അപകടത്തിൽ മരിച്ചു. മോശം കാഴ്ചപരിധിക്കിടയിൽ വിമാനം ഇറക്കാൻ ശ്രമിച്ചപ്പോൾ പൈലറ്റിന് സംഭവിച്ച പാകപ്പിഴയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാങ്കേതിക തകരാറുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാൽ, അനുഭവസമ്പന്നനായ കപൂറിന് പിഴവ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.

ജോലി ജീവനോളം സ്നേഹിച്ചിരുന്ന സുമിത് കപൂർ വളരെ ദയാലുവായ വ്യക്തിയായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. മകനും മരുമകനും പൈലറ്റുമാരാണ്. അദ്ദേഹത്തിന്റെ കൈയ്യിലെ ബ്രേസ്‌ലെറ്റ് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് സുഹൃത്ത് സച്ചിൻ തനേജ പറഞ്ഞു. ഹോങ്കോങ്ങിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹം ഏറെ നേരം സംസാരിച്ചിരുന്നുവെന്നും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാൻ ഉപദേശിച്ചിരുന്നുവെന്നും സുഹൃത്തായ ജി.എസ്. ഗ്രോവർ ഓർക്കുന്നു.

Tags:    

Similar News