'വെടിയേറ്റതോടെ തന്റെ ബോധം പോയി; കണ്ണു തുറന്നത് ജോര്‍ദാന്‍ ക്യാമ്പില്‍ വെച്ച്; ബിജു എന്ന ഏജന്റ് വഴിയാണ് പോയത്; ഒന്നര ലക്ഷം രൂപ വിസയ്ക്കായി നല്‍കിയിരുന്നു'; വെളിപ്പെടുത്തലുമായി ഇസ്രയേലില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ എഡിസണ്‍; തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വെടിയേറ്റതോടെ തന്റെ ബോധം പോയി

Update: 2025-03-02 17:00 GMT

തിരുവനന്തപുരം: ഇസ്രായേല്‍ - ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെച്ച് വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ വെടിവെപ്പില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട മലയാളി വെളിപ്പെടുത്തലുമായി രംഗത്ത്. ഇസ്രായേലില്‍ നിന്ന് രക്ഷപെട്ടെത്തിയ എഡിസണ്‍ ചാള്‍സാണ് വെടിവെപ്പ് സംഭവത്തെ കുറിച്ചു വെളിപ്പെടുത്തിയത്. ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പേരേരയുടെ(അനില്‍ തോമസ് - 45) ഭാര്യാസഹോദരനാണ് എഡിസണ്‍. ബിജു എന്ന ഏജന്റ് വഴിയാണ് ജോര്‍ദാനിലേക്ക് പോയതെന്നും മൂന്നര ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നുവെന്നും എഡിസണ്‍ ചാള്‍സ് പറഞ്ഞു.

''ആദ്യം വെടിയേറ്റത് എനിക്കാണ്. എന്റെ തുടയിലാണ് വെടികൊണ്ടത്. അപ്പോള്‍ തന്നെ ബോധം നഷ്ടമായി. ആശുപത്രിയില്‍ എത്തിയപ്പോഴാണ് പിന്നീട് ബോധം തെളിഞ്ഞത്. കണ്ണു തുറന്നപ്പോള്‍ എന്റെ കാലില്‍നിന്നു ഡോക്ടര്‍മാര്‍ ബുള്ളറ്റ് മാറ്റുന്നതാണ് കണ്ടത്. ചുറ്റും കമാന്‍ഡോകളുണ്ട്. അപ്പോള്‍ അനില്‍ അളിയനെ അവിടെയെങ്ങും കണ്ടില്ല. ജോര്‍ദാന്‍ ക്യാമ്പായിരുന്നു ഇത്.- എഡിസന്‍ പറഞ്ഞു.

ഒന്നര ലക്ഷം രൂപ വീതം വാങ്ങിയാണ് തുമ്പ സ്വദേശിയായ ബിജു എന്ന ഏജന്റ് തങ്ങളെ ജോര്‍ദാനില്‍ എത്തിച്ചതെന്ന് എഡിസണ്‍ പറഞ്ഞു. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇയാള്‍ ഇസ്രയേല്‍ ഗൈഡിന് തങ്ങളെ കൈമാറി. പിന്നീട് ഏജന്റിനെക്കുറിച്ച് അറിവില്ലെന്നും എഡിസണ്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ശ്രീലങ്കന്‍ പൗരന്മാര്‍ ഇസ്രയേല്‍ ജയിലില്‍ തടവിലാണെന്നും എഡിസണ്‍ അറിയിച്ചു.

ചികിത്സയ്ക്കു ശേഷം ഇസ്രയേലില്‍ തടവിലായിരുന്ന എഡിസണ്‍ കഴിഞ്ഞ മാസം 27നാണ് ജയില്‍മോചിതനായി നാട്ടിലെത്തിയത്. ഇതിനിടെ തോമസിനെ കാണാതായതിനെ കുറിച്ച് എംബസി വഴി അന്വേഷിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഫെബ്രുവരി 10ന് ജോര്‍ദാനില്‍ എത്തിയ അനില്‍ തോമസും എഡിസണും മറ്റു രണ്ടുപേരും നടപ്പാത വഴി ഇസ്രയേലിലേക്ക് കടക്കുമ്പോള്‍ ജോര്‍ദാന്‍ സേന തടഞ്ഞെന്നും അതു കണ്ടക്കിലെടുക്കാതെ മുന്നോട്ടു പോകുമ്പോള്‍ സൈന്യം വെടിവച്ചെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്.

പാറക്കിടയില്‍ ഒളിച്ച അനില്‍ തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയുണ്ട തറച്ചു. അനില്‍ തോമസ് തല്‍ക്ഷണം മരിച്ചു. എഡിസനെ ആശുപത്രിയിലേക്കു മാറ്റി വെടിയുണ്ട മാറ്റിയ ശേഷം തിരികെയയച്ചു. ഫെബ്രുവരി 5നാണ് മൂന്നു മാസത്തെ വിസിറ്റിങ് വീസയില്‍ അനില്‍ തോമസും എഡിസണും ജോര്‍ദാനിലേക്കു പോയത്. ഓട്ടോ ഡ്രൈവര്‍ ആയിരുന്നു അനില്‍ തോമസ്. ഭാര്യ: ക്രിസ്റ്റീന. തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അതേസമയം വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം രംഗത്തണ്ട്. ഇന്ത്യന്‍ എംബസി തുടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ജോര്‍ദാന്‍ എംബസിയുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രായേലില്‍ മികച്ച ശമ്പളമുളള ജോലിയും അതിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറലും പ്രതീക്ഷിച്ചാണ് തോമസ് ഗബ്രിയേല്‍ പെരേരയെന്ന നാല്പത്തിയേഴുകാരന്‍ സന്ദര്‍ശക വീസയില്‍ വിമാനം കയറിയത്. ഈ യാത്രയാണ് മരണത്തില്‍ കലാശിച്ചത്.

Tags:    

Similar News