ടൈംടേബിള്‍ പരിഷ്‌കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവര്‍ മുമ്പ് മിണ്ടാതിരുന്നു; വിവാദത്തില്‍ ഗൂഡാലോചന സംശയിച്ച് വിദ്യാഭ്യാസ മന്ത്രി; മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; പ്രതിഷേധം സംശയാസ്പദമെന്ന് കടുപ്പിച്ച് മന്ത്രി ശിവന്‍കുട്ടിയും
തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് അവഗണിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി. ഉത്തരവ് പ്രകാരം ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ 98 പ്രവൃത്തി ദിനങ്ങളുണ്ടാകും. 5 മുതല്‍ 7 വരെ ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളും 8 മുതല്‍ 10 വരെ 204 പ്രവൃത്തി ദിനങ്ങളുമാണ് നിശ്ചയിച്ചിട്ടുളളത്. എല്‍ പി വിഭാഗം സ്‌കൂളുകള്‍ക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു പി വിഭാഗം സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ ആറു പ്രവൃത്തിദിനം വരാത്ത രീതിയില്‍ രണ്ട് ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 26, ഒക്ടോബര്‍ 25 എന്നിവ യു പി ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകള്‍ക്ക് ആറ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ജൂലൈ 26, ആഗസ്ത് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, ജനുവരി 3, ജനുവരി 31 എന്നിവയാണ് ഹൈസ്‌കൂളിലെ അധിക പ്രവൃത്തി ദിനങ്ങള്‍.
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ക്ലാസുകളുടെ പുതുക്കിയ സമയം. ഹൈസ്‌കൂള്‍ വിഭാഗത്തിന് 1100 അധ്യയന മണിക്കൂര്‍ തികയുന്നതിന് പ്രവൃത്തിദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവൃത്തിസമയം ഉള്‍പ്പെടുത്തി പീരീഡ് ക്രമീകരിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളിലാണ് ഇത് ബാധകം. സമസ്തയും കാന്തപുരം വിഭാഗവുമെല്ലാം സ്‌കൂള്‍ സമയ മാറ്റത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് മുഖവലിയ്ക്ക് എടുക്കില്ലെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരണം. വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
220 പ്രവൃത്തി ദിനങ്ങള്‍ അല്ലെങ്കില്‍ 1100 മണിക്കൂര്‍ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെഇആര്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ്. ഈ അവസരത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കലണ്ടറുകളുമായും താരതമ്യം നടത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഗുജറാത്തില്‍ 243 പ്രവൃത്തി ദിനങ്ങളും, ഉത്തര്‍ പ്രദേശില്‍ 233, കര്‍ണാടക 244, ആന്ധ്രാ പ്രദേശില്‍ 233, ഡല്‍ഹിയില്‍ 220 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങള്‍. കേരളത്തിലെ തന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും, സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും അവരുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തി ദിനങ്ങളും/ ബോധന മണിക്കൂറുകളും പൊതു വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളേക്കാള്‍ കൂടുതലാണ് എന്നതും കണക്കിലെടുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍
പൊതുവിദ്യാഭ്യാസം, എക്സൈസ്, ആരോഗ്യം, ആഭ്യന്തരം, വനിതാ ശിശു വികസനം, സാംസ്‌കാരികം, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സംയോജിപ്പിച്ച് സ്‌കൂള്‍ തലത്തില്‍ നാല്‍പത്തിയൊന്ന് ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍.
സമഗ്ര ശിക്ഷ കേരളം, എസ്‌സിഇആര്‍ടി കൈറ്റ്, സീമാറ്റ്-കേരള, എസ്‌ഐഇറ്റി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, തുടങ്ങി പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രവൃത്തിനങ്ങള്‍.
സംസ്‌കൃതം, ഉറുദു, അറബിക്, ഉച്ചഭക്ഷണം, വിദ്യാരംഗം, ഭിന്നശേഷി, കലാകായികമേളകള്‍ തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിനങ്ങള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പരീക്ഷാവിവരങ്ങള്‍ തുടങ്ങിയവ.
ഗൂഡാലോചന സംശയിച്ച് വിദ്യാഭ്യാസ മന്ത്രി
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തില്‍ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിയ അക്കാദമിക കലണ്ടറിനെതിരെ കോടതിയില്‍ പോയത് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്ന അധ്യാപക സംഘടനകളായിരുന്നു. മുസ്ലീം ലീഗും കോണ്‍ഗ്രസും അതിന് അനുകൂലമായി നിലപാടെടുത്തു.
2014ല്‍ യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറിയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോള്‍ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ആക്കിയും വൈകുന്നേരം 4.00 മണി എന്നത് 4.30 ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം വര്‍ദ്ധിപ്പിച്ചു. ടൈംടേബിള്‍ പരിഷ്‌കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവര്‍ അന്ന് ഇത്തരത്തില്‍ യാതൊരുവിധ തര്‍ക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.