നഗ്‌നതാപ്രദര്‍ശനവും ലൈംഗിക അതിക്രമവും ആരോപിച്ച് യുവാവിനെതിരേ പോക്സോ കേസ്; അയല്‍വാസിയുടെ പക പോക്കലിന് ഇരയെന്ന വാദം അംഗീകരിച്ച് യുവാവിനെ കോടതി വെറുതേ വിട്ടു; കള്ളക്കേസിന് കൂട്ടു നിന്ന പോലീസ് തെളിവുകള്‍ ഹാജരാക്കിയില്ല; സംശയം എത്ര ശക്തമായാലും തെളിവിന് തുല്യമാകില്ലെന്ന് കോടതിയുടെ നിരീക്ഷണം

പോക്സോ കേസ് പ്രതിയായ യുവാവിനെ കോടതി വെറുതേ വിട്ടു

Update: 2025-08-27 14:21 GMT

അടൂര്‍: പോക്സോ കേസ് പ്രതിയായ യുവാവിനെ കോടതി വെറുതേ വിട്ടു. കെട്ടിച്ചമച്ച കേസില്‍ പോലീസിന്റെ പങ്ക് പുറത്തായി. കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി തുടരുമെന്ന് ഇരയായ യുവാവ്.

പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ കുളനട സ്വദേശിയെ ആണ് നിരപരാധിയാണെന്ന് കണ്ട് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി. ടി. മഞ്ജിത്ത് വെറുതെ വിട്ടത്. 2021 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ അയല്‍പക്കത്ത് താമസിച്ചിരുന്ന പന്ത്രണ്ടുകാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവും ലൈംഗിക അതിക്രമവും നടത്തിയെന്നായിരുന്നു കേസ്.

കുറ്റകൃത്യം ചെയ്ത രീതിയെക്കുറിച്ച് പരസ്പര വിരുദ്ധങ്ങളായ തെളിവുകളാണ് സാക്ഷി മൊഴികളില്‍ വന്നത് എന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു. പ്രതിയുടെ വീടിനു ചുറ്റുമുണ്ടായിരുന്ന സിസിടിവി കാമറകള്‍ നശിപ്പിച്ചതിനും മാതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പെണ്‍കുട്ടിയുടെ മാതാവിനെതിരെയും മറ്റും പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. സിസിടിവി ഫൂട്ടേജിലെ തെളിവുകള്‍ പോലീസ് തെളിവില്‍ കൊണ്ടുവരാതിരുന്നത് സത്യം പുറത്തു

വരാതിരിക്കാനാണെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിജീവിത താമസിച്ച വീടിന്റെ ഉടമയും പ്രതിയായ യുവാവും തമ്മില്‍ നിരവധി കേസുകളുണ്ട്. ഈ വൈരാഗ്യമാണ് പോക്സോ കേസിനാധാരമെന്ന പ്രതിഭാഗത്തിന്റെ വാദഗതി കോടതി ശരി വച്ചു. സംശയം എത്ര ശക്തമായാലും തെളിവിന് തുല്യമാകില്ലെന്ന് കോടതി വ്യക്തമാക്കി.

പന്തളം എസ്.എച്ച്.ഓ എസ്. ശ്രീകുമാര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകള്‍ തെളിവില്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. പ്രതി ഭാഗത്തു നിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ഹന്‍സലാഹ് മുഹമ്മദ്, ഷൈന്‍ രാജ്, ഷെഫീക്, ഹാഷ്മി ഹനീഫ്, ഷേബ ഡേന സൈമണ്‍ എന്നിവര്‍ ഹാജരായി. കള്ളക്കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.

Tags:    

Similar News