ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയോ? ഈ യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കാന്‍ ശ്രമിക്കും; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കിയതും മാധ്യമ പ്രവര്‍ത്തകയോടോ? ഈ യുവതിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി പോലീസ്

Update: 2025-08-28 01:48 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടും. ആര്‍ക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകും. അങ്ങനെ എങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നിലവില്‍ ജാമ്യമുള്ള വകുപ്പുകളാണ് എടുത്തിട്ടുള്ളത്. എന്നാല്‍ അന്വേഷണം ഗൗരവത്തിലുള്ളതാകണമെന്നും കൃത്യമായ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം ഉണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായ മൊഴി എടുക്കല്‍ ഈ കേസിലുണ്ടാകും.

തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസില്‍ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. സ്വമേധയാ എടുത്തിട്ടുള്ള കേസില്‍ പരാതിക്കാര്‍ ആരെങ്കിലും നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ കേസ് എടുത്തത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസേജുകളയച്ചും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി എന്‍ എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്‌നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. പുറത്തുവന്ന ശബ്ദരേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍, പരാതികളില്‍ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കും. ഇതുവരെ രാഹുലിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചിട്ടുള്ളത്. ഗര്‍ഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍സംഭാഷണവും പുറത്തുവന്നു. ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ഈ യുവതിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ബന്ധപ്പെടും. പ്രിയങ്കാഗാന്ധിക്കും നിരവധി വനിതാ പ്രവര്‍ത്തകര്‍ പരാതികളയച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനം വെളിപ്പെടുത്തിയവര്‍ പരാതിയുമായി നിയമത്തിനുമുന്നില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പരാതി കൊടുക്കാന്‍ തയ്യാറാകുന്ന അതിജീവിതകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് സംരക്ഷണം ഉറപ്പിച്ച സാഹചര്യത്തിലാണിത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരികളെയും ബന്ധുക്കളെയുംകണ്ട് നേരിലും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. മുന്‍പ് പരാതി കൊടുത്തവരുടെ അവസ്ഥ നിങ്ങള്‍ക്കുമുണ്ടാകുമെന്നും മാങ്കൂട്ടത്തിലിനെ രക്ഷപ്പെടുത്താന്‍ അറിയാമെന്നും അതീജിവിതകള്‍ക്കെതിരായ ചാറ്റുകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണി മുഴക്കുന്നുമുണ്ടെന്ന് സിപിഎം പറയുന്നു. നടി കൂടിയായ കോണ്‍ഗ്രസ് അനുഭാവി റിനി ആന്‍ ജോര്‍ജ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍, ട്രാന്‍സ്ജെന്‍ഡര്‍ യുവതി അവന്തിക എന്നിവരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി പരാതി ഉന്നയിച്ചത്. ഇതില്‍ അവന്തികയ്ക്കെതിരെ രാഹുല്‍തന്നെ രംഗത്തുവന്നു. എന്നാല്‍, പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അവന്തിക ആവര്‍ത്തിച്ചു. ഇവരുടെ എല്ലാം മൊഴി എടുക്കും.

താന്‍ ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്റെയും ഭാഗമല്ലെന്നും അത്തരം ആരോപണം ഉന്നയിച്ച് ഭീഷണി വേണ്ടെന്നും റിനി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഹണി ഭാസ്‌കരന്‍ നേരത്തെതന്നെ ഇത്തരം ഭീഷണികളെ തുറന്നുകാണിച്ചിരുന്നു. പേര് പുറത്തുവരാത്ത യുവതിയുടെ ശബ്ദസന്ദേശത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കുന്നതും. ഇതൊരു മാധ്യമ പ്രവര്‍ത്തകയുടേതാണെന്നാണ് പോലീസ് നിഗമനം. ഇവരേയും കണ്ട് ക്രൈംബ്രാഞ്ച് മൊഴി എടുക്കും.

Tags:    

Similar News