തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം; ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും; മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നും പ്രതീക്ഷ; ചുരമില്ലാ ബദല്‍ പാതയെന്ന വയനാടിന്റെ ചിരകാല സ്വപ്നം തൊട്ടടുത്ത്; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍
തിരുവനന്തപുരം : ആനക്കാംപൊയില്‍ - കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് ഈ മാസം 31ന് തുടക്കം കുറിക്കുമ്പോല്‍ വയനാടുകാര്‍ക്ക് പുതു പ്രതീക്ഷ. ചുരത്തിലെ മണ്ണിടിച്ചിലും മറ്റും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ സുരക്ഷിത യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയാണ് തുരങ്ക പാത അവര്‍ക്ക് നല്‍കുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വഹണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിവേഗ നിര്‍മ്മാണമാണ് ലക്ഷ്യം.
നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന പദ്ധതിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനും കേരളത്തിന്റെ കാര്‍ഷിക-വ്യാപാര-ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്നതാകും തുരങ്കപാത. ചുരമില്ലാ ബദല്‍ പാതയെന്ന വയനാടിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്.
ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണാണ് തുരങ്കനിര്‍മാണം കരാര്‍ എടുത്തത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നര്‍മിക്കാനുള്ള കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായാണ്. കൊങ്കണ്‍ റെയില്‍വേ ആണ് നിര്‍മാണ ഏജന്‍സി (എസ്പിവി). ഇരട്ട തുരങ്കങ്ങളായാണ് നിര്‍മാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങള്‍ കണ്ടെത്തി സിഗ്നല്‍ നല്‍കും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡുമുണ്ട്.
നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതിയാഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതിസംഘടനകള്‍ തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികളില്‍നിന്ന് ഒറ്റക്കെട്ടായി പാതയ്ക്കായുള്ള മുറവിളി തുടരുകയാണുണ്ടായത്. ഒറ്റപ്പെട്ട ചില രാഷ്ട്രീയനേതാക്കള്‍മാത്രമാണ് തുരങ്കപാത സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നത്. കുടിയേറ്റമേഖലയില്‍നിന്നുള്ള ജനവികാരം പൊതുവേ പാതയ്‌ക്കൊപ്പമാണ്.
2020 സെപ്റ്റംബറിലാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് 658 കോടിരൂപ അനുവദിക്കുകയുണ്ടായി. 2022 ഫെബ്രുവരിയിലാണ് സംസ്ഥാനസര്‍ക്കാരിന്റെ പുതുക്കിയ അന്തിമ ഭരണാനുമതി ലഭിക്കുന്നത്. 2043.74 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. നിര്‍മാണം തുടങ്ങി കേവലം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന പദ്ധതിയാണ് ഇതെന്നാണ് വിലയിരുത്തല്‍. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ആനക്കാംപൊയില്‍-കാള്ളാടി-മേപ്പാടി പാത. രാജ്യത്തെതന്നെ ഏറ്റവും വലിയ തുരങ്കപാതകളില്‍ ഒന്നായി ഇത് മാറുകയും ചെയ്യും. കല്‍പറ്റ, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ വികസനക്കുതിപ്പിന് തുരങ്കപാത വഴിവെക്കുമെന്നതും പ്രതീക്ഷയാണ്. കോഴിക്കോട് ജില്ലയില്‍നിന്ന് വയനാട്ടിലേക്ക് എത്താനുള്ള പ്രധാനപാതയിലെ ഗതാഗത തടസ്സങ്ങള്‍ക്ക് പരിഹാരമാവും. വലിയ ഭാരവാഹനങ്ങള്‍ തുരങ്കപാത വഴി തിരിച്ചുവിടാന്‍ സാധിച്ചാല്‍ വയനാട് ചുരത്തിലെ നിത്യസംഭവമായ ഗതാഗതക്കുരുക്ക് പരിഹരിക്കപെടുമെന്നതും പ്രതീക്ഷയാണ്.
ഗതാഗത മേഖലയില്‍ സമഗ്രമായ മാറ്റം വരുന്നതോടെ വയനാട് ചുരത്തിലെ കുരുക്ക് ഒഴിവാകുമെന്നും വിനോദസഞ്ചാരത്തിനായി ചുരം കൂടുതല്‍ ഉപയോഗപെടുത്താമെന്നും കരുതുന്നു. അടിവാരം-ലക്കിടി റോപ് വേ നിര്‍മിച്ചാല്‍ വയനാട് ചുരത്തിലെ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. ഈ സമയത്ത് ഇതര വാഹനങ്ങള്‍ക്ക് തുരങ്കപാത ഉപയോഗപ്പെടുത്താമെന്നതും പ്രതീക്ഷയേകുന്നു. 12 കിലോമീറ്റര്‍ വയനാട് ചുരത്തിലെ ഒമ്പതു ഹെയര്‍പിന്‍ വളവുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയാണ്. ഇവ പരിഹരിക്കപ്പെടും. പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റര്‍ ദൂരം കുറയും. തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് കോഴിക്കോട് നഗരം പൂര്‍ണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം.