മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി മൂന്നാറിലെ നടറോഡില്‍ കുത്തിയിരുന്ന വിഎസ്; ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ച് പെമ്പിളൈ ഒരുമൈയെ കാത്തത് അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം; ഇന്ന് ആശാ വര്‍ക്കര്‍മാരുടെ ന്യായമായ സമരത്തെ തളര്‍ത്താന്‍ എളമരം ഉയര്‍ത്തുന്നത് മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഐതിഹാസിക സമരം; ആരാണ് എളമരം പറയുന്ന ആ അരാജക സംഘടന?

Update: 2025-02-24 04:54 GMT

കോഴിക്കോട്: ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സി.പി.എം നേതൃത്വം. ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എഴുതിയ ലേഖനത്തില്‍ പറയുന്നു. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും വിശദീകരിക്കുന്നു. ഏതാണ് ആ അരാജക സംഘടനയെന്ന് വിശദീകരിക്കുന്നില്ല എളമരം. മുതിര്‍ന്ന സിപിഎം നേതാവ് എന്തുകൊണ്ടാണ് ആ സംഘടനയുടെ പേര് പറയാത്തത് എന്നതും കൗതുകമായി മാറുന്നു.

2015ല്‍ 4 വര്‍ഷം മുന്‍പ് ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് സ്വന്തം അവകാശങ്ങള്‍ക്കായി സമര മുഖം തുറന്ന് പെണ്‍ ശക്തിയുടെ കൂട്ടായ്മ ആയി രൂപപ്പെട്ട പെമ്പിളൈ ഒരുമൈയെ ഇന്ന് പേരിന് പോലും കാണാനില്ല !. മൂന്നാര്‍ തോട്ടം മേഖലയിലെ തൊഴിലാളി യൂണിയനുകളെ പിന്നാമ്പുറത്ത് ആക്കി ആഴ്ചകള്‍ കൊണ്ട് ഒന്നാം നിര സംഘടനയായി രൂപപ്പെട്ട പെമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിവുള്ള സംഘടനാ സംവിധാനമായി രൂപപ്പെട്ട ശേഷമാണ് നേതാക്കളുടെ തമ്മിലടിയില്‍ തരിപ്പണം ആയത്. 2015ല്‍ കേരളം ഭരിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പെമ്പിളൈ ഒരുമൈയുടെ സമരത്തിന് എത്തുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നു. വിഎസിന്റെ സമ്മര്‍ദ്ദമായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. വിഎസ് എത്തിയതോടെ ആ സമരം തീരുകയും ചെയ്തു. അത്തരത്തിലൊരു സമരത്തേയാണ് എളമരം കരിം തള്ളി പറയുന്നത്. 2015 സെപ്റ്റംബര്‍ 2 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച ധര്‍ണയിലേക്ക് പ്രതിഷേധവുമായി എത്തിയ സ്ത്രീകളാണ് പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ആദ്യ വിത്ത് പാകിയത്. തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളവും ബോണസും അനുവദിക്കാതെ ട്രേഡ് യൂണിയനുകള്‍ തോട്ടം മാനേജ്‌മെന്റുകളുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിച്ച് ആയിരുന്നു സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധം. ഈ പ്രതിഷേധം സര്‍ക്കാരിനെ വെട്ടിലാക്കി. അതിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചു. പക്ഷേ ഇന്ന് ആ സംഘടന ഇല്ല. ഈ സമരത്തെയാണ് ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെടുത്തി എളമരം ചര്‍ച്ചയാക്കുന്നത്.

ആര്‍ക്കു വേണ്ടിയാണ് ഈ സമര നാടകം എന്ന എളമരം കരിമിന്റെ ലേഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നേതൃത്വത്തില്‍ 2005ലാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്‌കീം ആരംഭിച്ചതെന്ന് എളമരം കരീം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ-ആരോഗ്യപ്രവര്‍ത്തകര്‍ എന്ന സങ്കല്‍പ്പത്തിന് സ്ത്രീകളെ മാത്രം നിയോഗിച്ചുള്ള പദ്ധതിയാണിത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണനിരക്ക് കുറയ്ക്കാനും ഗര്‍ഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലംവരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങിയത്. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ സന്നദ്ധപ്രവര്‍ത്തകരായാണ് കണക്കാ ക്കേണ്ടതെന്നാണ് എന്‍എച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാല്‍ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാടി, എന്‍.എച്ച്.എം, എം.എന്‍.ആര്‍.ഇ.ജി തുടങ്ങിയവയെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര പദ്ധതികള്‍ വ്യവസ്ഥകള്‍ അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതം നിയമിക്കുന്നവര്‍ക്കു മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ കഴിയൂ. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്നും എളമരം കരീം ചോദിക്കുന്നു.

നിലവിലെ സമരത്തെ പിന്തുണയ്ക്കുന്ന യു.ഡി.എഫിനേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം തീരുമാനിച്ച ആശാ സ്‌കീം അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് ഉത്സവബത്ത ആവശ്യപ്പെട്ട് ആശമാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ശബ്ദമുയര്‍ത്തി. ഇതിന്റെ ഫലമായി ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നല്‍കി. സംഘടനയുടെ ആവശ്യപ്രകാരം വി.എസ്.സര്‍ക്കാര്‍തന്നെ പ്രതിമാസം 3000 രൂപ തോതില്‍ ഓണറേറിയം നല്‍കാനും തീരുമാനിച്ചു. 2011ല്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇന്‍സെന്റീവോ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016ല്‍ വന്ന പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ മുന്‍കൈയെടുത്ത് ആശമാര്‍ക്ക് അനുകൂലനിലപാടുകള്‍ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇന്‍സെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം എന്‍.എച്ച്.എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ നല്‍കിയിട്ടില്ല. ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ഇന്‍സെന്റീവ് കൃത്യസമയത്ത് നല്‍കാന്‍ കഴിയാതെവന്നു. ഒടുവില്‍ സംസ്ഥാന ഫണ്ടില്‍നിന്ന് ഒരു വര്‍ഷം നല്‍കി. ഇതിനിടെ ആശമാര്‍ക്കുള്ള ആശ്വാസകിരണ്‍ എന്ന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം റദ്ദാക്കി. ഈ സമയത്തും സി.ഐ.ടി.യുവല്ലാതെ ഒരു സംഘടനയും ശബ്ദമുയര്‍ത്തിയില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണറേ റിയത്തില്‍ ആയിരം രൂപ എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഈ വിധത്തില്‍ നിരന്തരമായി ഇടപെടുന്ന സി.ഐ.ടി.യുവിനെയും സാമ്പത്തിക പ്രതിസന്ധികാലത്തും സഹായം അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കലല്ല. തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സജീവമായ ഇടപെടലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. അങ്ങനെയുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവര്‍ക്കര്‍മാരാണ് സെക്രട്ടറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. മഹാ ഭൂരിപക്ഷം ആശമാരും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതസമരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Similar News