'ഭാരതത്തിന്റെ വികസനത്തിന് കേരളം അനിവാര്യം'! വി. വി.രാജേഷിനെയും സംഘത്തെയും ചേര്‍ത്തുപിടിച്ച് മോദി; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്‌പെഷ്യല്‍ ഉച്ചവിരുന്നും വികസന പാഠങ്ങളും; കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ മറുപടി; കേന്ദ്രമന്ത്രിമാരുടെ വക ഭരണപാഠങ്ങളും അത്താഴവിരുന്നും; ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്‍
ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്‍
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികള്‍ക്ക് രാജ്യതലസ്ഥാനത്ത് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലെത്തിയ തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രധാനമന്ത്രി വസതിയില്‍ സ്വീകരിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്നത്
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ വികസന സാധ്യതകളെക്കുറിച്ചും ഭാരതത്തിന്റെ വികസന യാത്രയില്‍ കേരളത്തിനുള്ള പങ്കിനെക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു. ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ അദ്ദേഹം, അവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്ത ശേഷമാണ് സംഘത്തെ യാത്രയാക്കിയത്.
നൈപുണ്യ ശിബിരവും ഭരണപാഠങ്ങളും
ഭരണ നൈപുണ്യ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തിന് നഗരവികസനത്തിന്റെ പുതിയ പാഠങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ പകര്‍ന്നുനല്‍കി.
കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ 'മോദി യുഗത്തിലെ നഗരവികസനം' എന്ന വിഷയത്തില്‍ ശിബിരത്തില്‍ സംസാരിച്ചു. സംഘം വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ എല്ലാ ജനപ്രതിനിധികളെയും വ്യക്തിപരമായി പരിചയപ്പെടുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
പാര്‍ലമെന്റിലെയും പാര്‍ട്ടി ആസ്ഥാനത്തെയും സ്വീകരണം
പാര്‍ലമെന്റ് സന്ദര്‍ശിച്ച സംഘം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍, സ്പീക്കര്‍ ഓം ബിര്‍ള എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ ആസ്ഥാനത്തെത്തിയ സംഘത്തെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ സ്വീകരിച്ചു.
തിരുവനന്തപുരത്ത് ബിജെപി നേടിയ വിജയം രാജ്യതലസ്ഥാനത്തെ നേതൃത്വവും ഏറ്റെടുക്കുകയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇഖ്ബാല്‍ സിംഗ്, വി.വി രാജേഷിനെയും സംഘത്തെയും പ്രത്യേകമായി അനുമോദിച്ചു.
പ്രമുഖരുടെ സാന്നിധ്യം
ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെ സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് തുടങ്ങിയ നേതാക്കളും ശിബിരത്തില്‍ സജീവമായി പങ്കെടുത്തു. വൈകുന്നരത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംഘം കൂടിക്കാഴ്ച നടത്തും.
