പുതിയങ്ങാടി നേര്‍ച്ചയിലെ ആന ഇടച്ചില്‍ ചര്‍ച്ചായാക്കാന്‍ ശ്രമിച്ച് വെങ്കിടാചലം; കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരിച്ചടിച്ച് തിരുവമ്പാടിപാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍; ആന എഴുന്നള്ളിപ്പിലെ മാര്‍ഗ നിര്‍ദ്ദേശ സ്റ്റേ തുടരും

Update: 2025-01-23 07:10 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ശിവരാത്രിയുള്‍പ്പടെ ഉടന്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ആരോപിച്ചു. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തിനിടെയാണ് ഈ വാദം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി പുറപ്പടുവിച്ച മാര്‍ഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലവില്‍ വന്നതിന് ശേഷം മലപ്പുറത്തെ പുതിയങ്ങാടി പള്ളിയില്‍ നടന്ന നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിര്‍കക്ഷിയായ വി.കെ.വെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. ആനയിടഞ്ഞതിനെ തുടര്‍ന്ന് അപകടം ഉണ്ടായെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു.

അതേസമയം ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിതെന്നും, സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് നടപടികളൊന്നും ഹൈക്കോടതിയില്‍ നടക്കുന്നില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. തങ്ങള്‍ ഈ വിഷയത്തില്‍ ഉത്തരവ് ഇറക്കിയതാണെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗൂഡാലോചനാവാദം ദേവസ്വങ്ങള്‍ ഉയര്‍ത്തിയത്. ഗുരുതരമായ ആരോപണങ്ങളാണഅ ഉന്നയിക്കുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടക്കാന്‍ പോകുന്ന ശിവരാത്രി ഉത്സവം ഉള്‍പ്പടെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് വിശദീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്റ്റേ ഉത്തരവ് നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വങ്ങളുടെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നും വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാല്‍ ഇതിലും ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഹൈക്കോടതി വിധി വന്നപ്പോള്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടിപാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതികരിച്ചു. ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് പൂരം നടത്താനാവില്ലെന്ന് പറഞ്ഞാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം, പൊതുവഴിയില്‍ രാവിലെ 9നും വൈകിട്ട് 5നും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയില്‍ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തില്‍ 8 മണിക്കൂര്‍ വിശ്രമം, തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്തുകയോ 125 കി.മീയില്‍ കൂടുതല്‍ വാഹനത്തില്‍ കൊണ്ടുപോകരുത് തുടങ്ങി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഹൈക്കോടതി നവംബറില്‍ പുറത്തിറക്കിയിരുന്നു.

തീവെട്ടികളില്‍നിന്ന് 5 മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്നും ആനകളുടെ 8 മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ, വെടിക്കെട്ട് സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയേ ആനയെ നിര്‍ത്താവൂ തുടങ്ങിയ നിര്‍ദേശങ്ങളും മാര്‍ഗരേഖയിലുണ്ടായിരുന്നു. ഇതിനെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

Tags:    

Similar News