പ്രായം, അതൊക്കെ ഒരു നമ്പറല്ലേ..! 100 വയസുകാരിയായ എലിസബത്ത് മുത്തശ്ശിക്ക് ഇപ്പോഴും കുതിരസവാരി ഹരം; എല്ലാ ആഴ്ചയും കൃത്യമായി തന്നെ കുതിരയുമായി സവാരി പതിവ്; രണ്ടാം വയസില്‍ പിതാവിനൊപ്പം തുടങ്ങിയ സവാരി 98 വര്‍ഷമായി തുടര്‍ന്ന് ബ്രിട്ടനിലെ മുത്തശ്ശി

പ്രായം, അതൊക്കെ ഒരു നമ്പറല്ലേ..! 100 വയസുകാരിയായ എലിസബത്ത് മുത്തശ്ശിക്ക് ഇപ്പോഴും കുതിരസവാരി ഹരം

Update: 2025-02-27 07:11 GMT

ലണ്ടന്‍: നൂറ് വയസ് പിന്നിട്ട ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാനാകും. പലതും ചെയ്യാനാകും എന്ന് തെളിയിക്കുകയാണ് ഈ മുതുമുത്തശ്ശി. ഇംഗ്ലണ്ടിലെ പട്ടണമായ സൈറന്‍സെസ്റ്ററിലെ 100 വയസുകാരിയായ എലിസബത്ത് ബ്രെട്ടന്‍ മുത്തശിക്ക് ഇപ്പോഴും കുതിര സവാരി നടത്താതിരിക്കാന്‍ ആവില്ല. ഇപ്പോഴും എല്ലാ ആഴ്ചയും കൃത്യമായി തന്നെ കുതിര സവാരി നടത്തുന്ന കാര്യത്തില്‍ ഇവര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കുതിര സവാരിയോടുള്ള ഇഷ്ടം തന്റെ ഡി.എന്‍.എയില്‍ തന്നെ അടങ്ങിയിരിക്കുന്നു എന്നാണ് മുത്തശി അവകാശപ്പെടുന്നത്.

മുപ്പത് വര്‍ഷത്തോളം നിര്‍ത്തി വെച്ചിരുന്ന കുതിര സവാരി എഴുപത് വയസിന് ശേഷമാണ് ഇവര്‍ പുനരാരംഭിച്ചത്. എണ്‍പതാം വയസില്‍ കുതിരപ്പന്തയത്തില്‍ പോലും പങ്കെടുക്കാന്‍ മുത്തശിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഈ നൂറ് വയസുകാരി കുതിര സവാരി നടത്തുന്നത്. കുട്ടിക്കാലത്ത് നടക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ തനിക്ക് കുതിരകളോട് വലിയ കമ്പമായിരുന്നു എന്നാണ്

എലിസബത്ത് വെളിപ്പെടുത്തുന്നത്. 1924 ലാണ് ഇവര്‍ ജനിക്കുന്നത്.

രണ്ട് വയസ് ഉള്ളപ്പോള്‍ ഇവരുടെ പിതാവ് കുതിരപ്പുറത്ത് ഇരുത്തി യാത്ര ചെയ്യുമായിരുന്നു. കുതിര സവാരി ജീവിതത്തിന്റെ തന്നെ ഭാഗമായി അന്ന് മുതല്‍ തന്നെ മാറിക്കഴിഞ്ഞതായി അവര്‍ ഓര്‍ക്കുന്നു. ലിങ്കണ്‍ഷെയറിലെ ഒരു കാര്‍ഷിക മേഖലയില്‍ ജനിച്ചു വളര്‍ന്ന എലിസബത്ത് കുട്ടിക്കാലത്ത് തന്നെ കുതിരസവാരി പരിശീലിച്ചിരുന്നു. ആറ് വയസുള്ളപ്പോള്‍ പോലും പിതാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം

കുതിരയോടിച്ച് വേട്ടക്ക് പോകാറുണ്ടായിരുന്ന ഓര്‍മ്മയും ഇവര്‍ മാധ്യമങ്ങളോട് പങ്ക് വെയ്ക്കുന്നു. ഇതിന് എല്ലാ പ്രോത്സാഹനവും നല്‍കിയത് അച്ഛനാണെന്നും എലിസബത്ത് മുത്തശി പറയുന്നു.

ഇവര്‍ക്ക് 13 വയസുള്ളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ഉണ്ടാകുന്നത്. തുടര്‍ന്ന് കുറേ നാള്‍ തന്റെ ഇഷ്ടവിനോദം

നിര്‍ത്തി വെയ്ക്കേണ്ടി വന്നു. പ്രായപൂര്‍ത്തി ആയതിന് ശേഷം ഇവരുടെ രണ്ട് കുതിരകള്‍ക്കുണ്ടായ ദുരന്തങ്ങള്‍ മനസ് മടുപ്പിച്ചിരുന്നു. ഒരു കുതിരയുടെ കാല് ഒടിയുകയും മറ്റൊരു കുതിര ചത്ത് പോകുകയും ചെയ്തു. ഇപ്പോള്‍ കുതിര സവാരിയില്‍ കമ്പമുള്ള മകനാണ് മുത്തശിയെ ഇടവേളക്ക് ശേ്ഷം കുതിര സവാരി നടത്താന്‍ പ്രേരിപ്പിച്ചതും പ്രോത്സാഹനം നല്‍കിയതും.

എഴുപത്തിഎട്ടാമത്തെ വയസില്‍ ക്രോസ് കണ്‍ട്രി മല്‍സരത്തില്‍ എലിസബത്ത് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തുടര്‍ന്ന് നിരവധി മല്‍സരങ്ങളില്‍ പങ്കെടുത്ത അവര്‍ വിജയിയായി. കുതിര സവാരി ആരോഗ്യത്തിനും ഉത്തമമാണെന്നും കുതിരയെ ഓടിക്കുന്നത് നല്ല എക്സര്‍സൈസ് ആണെന്നുമാണ മുത്തശി വിശദീകരിക്കുന്നത്. ഇവരുടെ നൂറാം പിറന്നാളിന് ചാള്‍സ് രാജാവ് ആശംസാ കാര്‍ഡ് അയച്ച

കാര്യവും അവര്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു. ഈ പ്രായത്തിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യം കുതിര സവാരി ആണെന്നാണ് എലിസബത്ത് മുത്തശി അവകാശപ്പെടുന്നത്.

Tags:    

Similar News