രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമ; തീവ്രവാദികളെ മഹത്വവത്കരിക്കുന്നു; എമ്പുരാനൊപ്പം 'ഭീഷ്മപര്‍വം, മുംബൈ പോലീസ്, ഉണ്ട' എന്നീ സിനിമകളെ വിമര്‍ശിച്ച് ഓര്‍ഗനൈസറിലെ ലേഖനം
എമ്പുരാനെ വിമര്‍ശിച്ച് വീണ്ടും ഓര്‍ഗനൈസര്‍
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍' വിമര്‍ശനം തുടര്‍ന്ന് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസര്‍. ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുതവളര്‍ത്തുന്ന സിനിമയാണ് എമ്പുരാനെന്ന് വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. വികലവും ഭിന്നിപ്പിക്കുന്നതുമായ ആഖ്യാനത്തിലൂടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമയാണിത്. ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ഥ ലോകത്ത് പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കാരണമാവാമെന്ന് ലേഖനത്തില്‍ പറയുന്നു.
അപകടകരമായ പ്രവണത' എന്ന തലക്കെട്ടില്‍ സന്ദീപ് എന്ന ആളുടെ പേരിലാണ് ലേഖനം ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചത്. തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. എമ്പുരാന്‍ സിനിമയ്ക്ക് പുറമെ സമീപ കാലത്ത് ഇറങ്ങിയ മലയാള സിനിമയിലെ ദേശവിരുദ്ധമായ പരാമര്‍ശങ്ങളെയും മയക്കുമരുന്ന് ഉപഭോഗത്തെയും വിമര്‍ശിച്ചാണ് ഓര്‍ഗനൈസര്‍ ലേഖനം പുറത്തുവന്നിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണമെന്ന് പുതിയ ലേഖനത്തില്‍ പറയുന്നു. ചിത്രം സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശമാണ് ആശങ്ക ഉയര്‍ത്തുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൊലപാതകത്തിനും ആക്രമണത്തിനും ചിത്രം പ്രേരിപ്പിക്കുന്നു. പ്രതികാരത്തിന്റെ പേരില്‍ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നു. സര്‍ക്കാരിനെതിരായ വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അക്രമപ്രവര്‍ത്തനങ്ങള്‍ പ്രചോദനം നല്‍കുന്നതുമാണ് സിനിമയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
'രാജ്യത്തെ പ്രധാന തീവ്രവാദവിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ലോഗോ ദുരുപയോഗം ചെയ്തു. രാജ്യത്തെ ചില ഇസ്ലാമോ- ഇടത് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന പ്രചാരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പോലുള്ള ഏജന്‍സികളുടെ ചിത്രീകരണം. തീവ്രവാദികളെ ന്യായീകരിക്കുന്നതും മഹത്വവത്കരിക്കുന്നതുമാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം സയ്യിദ് മസൂദിനും മൗലാന മസൂദ് അസറുമായുള്ള സാമ്യം യാദൃച്ഛികമോ അതോ ഗൂഢപദ്ധതിയുടെ ഭാഗമോയെന്ന ചര്‍ച്ച സിനിമ കണ്ടവര്‍ക്കിടയിലുണ്ട്', ലേഖനം ആരോപിക്കുന്നു.
'ഭീഷ്മപര്‍വം, മുംബൈ പോലീസ് എന്നീ സിനിമകളില്‍ നാവികസേന ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നതായും ലേഖനത്തില്‍ ആരോപണമുണ്ട്. ''ഉണ്ട' മാവോവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഭീഷ്മര്‍വം അടക്കം മലയാളം- തമിഴ് സിനിമകള്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. 2022-ല്‍, കേരള എക്സൈസ് ഉദ്യോഗസ്ഥര്‍ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തി, കൊക്കെയ്ന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് എന്നിവയുള്‍പ്പെടെ വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തിയ ഒരാളെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ നുജും സലിം സംസ്ഥാനത്തെ പ്രധാന വിതരണക്കാരില്‍നിന്ന് മയക്കുമരുന്ന് ശേഖരിക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു', എന്നും ലേഖനും പറയുന്നു.