പതിറ്റാണ്ടുകളോളം രാഷ്ട്രീയ എതിരാളികള്‍; മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവും ഏറ്റുമുട്ടലുകള്‍; ഒടുവില്‍ ജൂലൈയുടെ നഷ്ടമായി വി.എസും ഉമ്മന്‍ചാണ്ടിയും; പതിനഞ്ചാം നിയമസഭാ കാലയളവില്‍ വിടപറഞ്ഞവരില്‍ കോടിയേരിയും കാനവും; ഇരുമുന്നണികള്‍ക്കും നഷ്ടമായത് അതികായന്മാരെ

ജൂലൈയുടെ നഷ്ടമായി വി.എസും ഉമ്മന്‍ചാണ്ടിയും

Update: 2025-07-22 16:26 GMT

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് രാഷ്ട്രീയ കേരളം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് കേവലം എട്ടു മാസം മാത്രം. ഇരുമുന്നണികളും രാഷ്ട്രീയ പോരാട്ടത്തിന് കച്ചമുറുക്കുമ്പോള്‍ അതികായന്മാരുടെ വിയോഗം ഇരുവിഭാഗത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്താളുകളിലേക്ക് മാഞ്ഞുപോയത് എല്‍ഡിഎഫിലേയും യുഡിഎഫിലേയും അതികായന്മാരാണ്. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് താല്‍ക്കാലിക മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിമാര്‍...അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായരുടെ വിയോഗം.

ഉമ്മന്‍ ചാണ്ടിയും വി എസും

2025 ജൂലൈയിലാണ് വി.എസ്. അച്യുതാനന്ദന്‍ മണ്‍മറഞ്ഞതെങ്കില്‍ ഇതുപോലൊരു ജൂലൈയുടെ നഷ്ടമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2023 ജൂലൈ 18ന് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. പതിറ്റാണ്ടുകളോളം ഉമ്മന്‍ചാണ്ടിക്ക് രാഷ്ട്രീയ എതിരാളിയായിരുന്നു വി എസ് അച്യുതാനന്ദന്‍. ഇരുവരും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവും ഏറ്റുമുട്ടലുകള്‍ ശക്തമായി. 2004ല്‍ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനുമായി പോരാട്ടം പ്രത്യക്ഷമായി. 2006 മുതല്‍ 2011 വരെ വി എസ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും. വീണ്ടും കേരള രാഷ്ട്രീയം മാറി മറിഞ്ഞു. 2011ല്‍ കാലചക്രം വീണ്ടും കറങ്ങി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. വി എസ് പ്രതിപക്ഷ നേതാവും. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായി. വിഎസും ഉമ്മന്‍ചാണ്ടിയും എംഎല്‍എമാരായി നിയമസഭയില്‍ വന്നു പോയി. പതിനാലാം നിയമസഭയില്‍ രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍ ഇടം പിടിച്ചെന്ന പ്രത്യേകതയുമുണ്ടായി.

ഇക്കാലയളവില്‍ വി.എസ് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായെങ്കില്‍ പദവികളൊന്നും ഏറ്റെടുക്കാന്‍ താനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇരുവരും നിയമസഭ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും സജീവമല്ലാതിരുന്ന കാലമായിരുന്നു 2016 2021. ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയത് 2022 ഒക്ടോബര്‍ 1ന്. പാര്‍ട്ടിയില്‍ വിഭാഗിയത കൊടിക്കുത്തി വാണ കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായിക്കും നിയമസഭാ നേതാവായിരുന്ന അച്യുതാനന്ദനും ഇടയിലെ മധ്യസ്ഥ മുഖമായിരുന്നു കോടിയേരി. പിണറായിക്കും വി.എസിനും പ്രിയപ്പെട്ട സഖാവായിരുന്നു അദ്ദേഹം. 2023 ഡിസംബര്‍ 8ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും നയിച്ച സംസ്ഥാന സെക്രട്ടറിമാരായിരുന്നു ഇരുവരും.

മുഖ്യമന്ത്രിമാര്‍ വിദേശ ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ച രണ്ട് ആക്ടിങ് മുഖ്യമന്ത്രിമാരും വിടവാങ്ങിയത് ഈ നിയമസഭയുടെ കാലയളവിലാണ് വക്കം പുരുഷോത്തമനും സി വി പത്മരാജനും. 2023 ജൂണ്‍ 31നാണ് വക്കം പുരുഷോത്തമന്‍ അന്തരിച്ചത്. 2006ല്‍ ലോക സാമ്പത്തിക ഫോറത്തിന്റെ സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോള്‍ വക്കം പുരുഷോത്തമനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്. 2025 ജൂലൈ 16ന് ആയിരുന്നു സി വി പത്മരാജന്റെ അന്ത്യം. 1992ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് കാര്‍ അപകടം പറ്റിയ സമയത്തായിരുന്നു സി വി പദ്മരാജന്‍ ആക്ടിങ് മുഖ്യമന്ത്രിയായത്.

ആദര്‍ശ രാഷ്ട്രീയത്തിന്റെ പര്യായങ്ങളായ പി.ടി. തോമസും തെന്നല ബാലകൃഷ്ണപിള്ളയും വിടവാങ്ങിയതും പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍. രാഷ്ട്രീയ ലാഭം നോക്കാതെ പരിസ്ഥിതി രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച പി.ടി. തോമസ് 2021 ഡിസംബര്‍ 22ന് ആയിരുന്നു അന്തരിച്ചത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം കൊടുമ്പരിക്കൊണ്ട തൊണ്ണൂറുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയിരുന്നു തോമസ്.

2025 ജൂണ്‍ 6നാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ അന്ത്യം. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാതെ കോണ്‍ഗ്രസില്‍ ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച തെന്നല ബാലകൃഷ്ണപിള്ള മരണം വരെയും തലയെടുപ്പുള്ള ഗാന്ധിയനായിരുന്നു. പാര്‍ട്ടി അധികാരത്തിലേറിയ 2001ല്‍ ഒരു അപശബ്ദം പോലും ഉണ്ടാക്കാതെ കെപിസിസി അധ്യക്ഷ പദം ഒഴിഞ്ഞ തെന്നലയുടെ രാഷ്ട്രീയം ചരിത്രത്തിന്റെ ഭാഗമാണ്.

Tags:    

Similar News