'മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്ത; ആത്മകഥയുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി; ഉപതിരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചന'; ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്കി ഇ.പി.ജയരാജന്
സമഗ്രമായ അന്വേഷണം വേണമെന്ന് ജയരാജന് പരാതിയില്‍
കണ്ണൂര്‍: ആത്മകഥ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന് പരാതിയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജന് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്കിയ പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചുമില്ല. ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന് വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ആത്മകഥയിലുണ്ടായിരുന്നു.
ആത്മകഥാ പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നുവെന്ന് ഇ പി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
'മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡിസി ബുക്സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത് അതൊന്നും സമ്മതിക്കാന്‍ പോകുന്നില്ല,' ഇപി പറഞ്ഞു.
'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന് പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന് ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു.
വാര്‍ത്തകള്‍ക്ക് പിന്നാലെ പൂര്‍ണമായും നിഷേധിച്ച് ഇപി ജയരാജന് രംഗത്തെത്തിയിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന് പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.