കടന്നല്‍ രാജ പി വി അന്‍വറിനെ ട്രോളി എസന്‍സ് ഗ്ലോബല്‍ പോസ്റ്റര്‍; പരോക്ഷ പരിഹാസമെങ്കിലും ആളെ മനസിലായെന്നു സോഷ്യല്‍ മീഡിയ
കടന്നല്‍ രാജ പി വി അന്‍വറിനെ ട്രോളി എസന്‍സ് ഗ്ലോബല്‍ പോസ്റ്റര്‍
കോഴിക്കോട്: സി പി ഐ എം - പി വി അന്‍വര്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ പി വി അന്‍വറിനെ പരോക്ഷമായി ട്രോളി ശാസ്ത്ര സ്വതന്ത്രചിന്ത സംഘടന എസന്‍സ് ഗ്ലോബലിന്റെ പോസ്റ്റര്‍ പുറത്ത്. പാര്‍ട്ടി അണികള്‍ അന്‍വറിനെ വിളിക്കുന്ന പേരാണ് കടന്നല്‍ രാജ. 2024 ഒക്ടോബര്‍ 12ന് കോഴിക്കോട് നടക്കാനിരിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സംഘടനയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ലിറ്റ്മസ്'24 ലെ പരിണാമം ചര്‍ച്ചചെയ്യുന്ന ജീനോണ്‍ എന്ന പരിപാടിയിലാണ് കടന്നലുകളുടെ പരിണാമം എന്ന വിഷയത്തില്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് പരോക്ഷ പരിഹാസം.
'ഉറുമ്പുകളും തേനീച്ചകളും ഉള്‍പ്പെടുന്ന ഹൈമേനോപെട്ര എന്ന വിഭാഗത്തില്‍പെടുന്ന ജീവികളാണ് കടന്നലുകള്‍. 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണപ്പെട്ടിരുന്ന കടന്നലുകളുടെ പൂര്‍വപിതാക്കള്‍ സസ്യഭുക്കുകള്‍ ആയിരുന്നു. കാലക്രമേണ ചില ഇനങ്ങള്‍ മാംസാഹരികളായി പരിണമിച്ചു. ചില കടന്നലുകള്‍ പരാദങ്ങളായി പരിണമിച്ചു, അവ മറ്റു പ്രാണികളുടെ ശരീരത്തിനുള്ളില്‍ മുട്ടയിടുന്ന പരിണാമ തന്ത്രത്തിലൂടെ നിരവധി കീടങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കുന്ന ഏജന്റുകളായി പ്രവര്‍ത്തിക്കുന്നു' എന്നതായിരുന്നു പോസ്റ്റര്‍ വാചകങ്ങള്‍. പരിണാമം ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ കടന്നലുകളുടെ ഉപമയിലൂടെ പി വി അന്‍വറിനെ ട്രോളുകയാണ് സംഘാടകര്‍. കടന്നല്‍ രാജയെന്ന ഓമനപ്പേരിലറിയപ്പെടുന്ന പി വി അന്‍വറിനെ ട്രോളിയത് തങ്ങള്‍ക്ക് മനസിലായി എന്ന കമന്റുകളാണ് പോസ്റ്റിന് താഴെ.
പരിണാമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തത്സമയം ചോദിക്കാനാകുന്ന ജീനോണ്‍ എന്നപരിപാടിയില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ചന്ദ്രശേഖര്‍ രമേഷ്, ദിലീപ് മാമ്പള്ളില്‍, ഡോക്ടര്‍ പ്രവീണ്‍ ഗോപിനാഥ്, മോഡറേറ്ററായി ആനന്ദ് ടി ആര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ മികച്ച ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് 5000 രൂപയാണ് സംഘാടകര്‍ സമ്മാനമായി നല്‍കുന്നത്.