ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ അനുമോള്‍ ഇപ്പോള്‍ ലണ്ടനിലുണ്ട്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എത്തിയ എസ്തര്‍ അനില്‍ ഗൗരവത്തില്‍ തന്നെയാണ്; കഴിഞ്ഞ വര്‍ഷം പഠനത്തിന് എത്തിയ സാനിയ ഇയ്യപ്പനു സാധിക്കാതെ പോയത് എസ്തര്‍ നേടിയെടുക്കുമ്പോള്‍

സാനിയ ഇയ്യപ്പനു സാധിക്കാതെ പോയത് എസ്തര്‍ നേടിയെടുക്കുമ്പോള്‍

Update: 2025-01-06 05:14 GMT

കവന്‍ട്രി: മലയാളത്തിന്റെ ഗോള്‍ഡന്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യം ആദ്യ ഭാഗം 2013ല്‍ പുറത്തിറങ്ങുമ്പോള്‍ ജോര്‍ജുകുട്ടിയെന്ന നായകന്റെ മകളായ അനുമോളെ അവതരിപ്പിച്ച ആഗ്‌നസ് എസ്തര്‍ അനിലിന് പ്രായം വെറും 12. ദൃശ്യം തമിഴിലും തെലുങ്കിലും ഒക്കെ റീമേയ്ക്ക് ചെയ്തപ്പോഴും പല കഥാപാത്രങ്ങളും മാറിയപ്പോഴും അനുമോളായി എത്തിയത് എസ്തര്‍ തന്നെ. ദൃശ്യം സീരിസിന് ശേഷം തെലുങ്കില്‍ നായികാ വേഷം അടക്കം പത്തോളം ചിത്രങ്ങള്‍ ഇതുവരെ എസ്തര്‍ ചെയ്തുകഴിഞ്ഞു. ഗ്ലാമര്‍ ലുക്കില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന എസ്തര്‍ യുവത്വത്തിന്റെ ഐക്കണ്‍ ആയി മാറിയതും വളരെ പെട്ടെന്നാണ്. എന്നാല്‍ സാധാരാണ ചെറുപ്പക്കാരായ നടികള്‍ ചെയ്യുന്നത് പോലെ സിനിമയുടെ വെള്ളിവെളിച്ചതിനു പിന്നാലെ പായാതെ സ്വന്തം സ്വപ്നത്തിനു പുറകെ പായുകയായിരുന്നു എസ്തര്‍ എന്ന മിടുക്കി കുട്ടി. അങ്ങനെയാണവള്‍ കഴിഞ്ഞ വര്‍ഷം യുകെയിലെ ഏറ്റവും പ്രശസ്തമായതും ആരും കൊതിക്കുന്നതുമായ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എത്തിയത്.

എസ്തര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അനേകം പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടായെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ഒതുങ്ങി കൂടിയ എസ്തര്‍ ഇപ്പോള്‍ ക്രിസ്മസ് അവധി ലഭിച്ച ഒഴിവു ദിനത്തിലാണ് താന്‍ ലണ്ടനിലാണ് എന്ന് സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് വഴി യുകെ മലയാളി സമൂഹത്തിന്റെ കണ്ണിയായി മാറുകയാണ് മലയാള സിനിമയിലെ മിടുക്കി.

ഹിറ്റ് മേക്കര്‍ ജയരാജിന്റെ ശാന്തമീ രാത്രിയില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ് കൂടിയാണ് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടിയില്‍ നടക്കാനിരിക്കുന്നത് എന്നതും എസ്തറിന്റെ സാന്നിധ്യത്തിന് പ്രധാന കാരണമാണ്. എസ്തര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പഠനം ഉഴപ്പാതിരിക്കാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം എന്ന് വീട്ടില്‍ നിന്നും കൂടെക്കൂടെ നിര്‍ദേശം ഉള്ളതിനാല്‍ യുകെയിലെ തന്റെ സാന്നിധ്യം പോലും എസ്തര്‍ കഴിവതും മറച്ചു വയ്ക്കുക ആയിരുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സീറ്റ് കിട്ടാന്‍ ബുദ്ധി സാമര്‍ത്ഥ്യവും വേണം

സാധാരണ പണം ഉള്ള ആര്‍ക്കും യുകെയില്‍ പഠിക്കാന്‍ എത്താമെങ്കിലും എസ്തര്‍ പഠിക്കുന്ന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കണമെങ്കില്‍ പണം മാത്രം പോരാ മിടുക്കും വേണം എന്നതാണ് വാസ്തവം. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ എടുത്ത മലയാള സിനിമയിലെ പ്രധാന താരമായ സാനിയ ഇയ്യപ്പന്‍ ക്ലാസ് തുടങ്ങി ഒരാഴ്ചക്കകം കോഴ്‌സ് മടുത്തു നാട്ടിലേക്ക് മടങ്ങിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അത്തരം യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ പണം മാത്രം ഉണ്ടായാലും സാധിക്കുന്ന കാര്യം ആയതുകൊണ്ടാണ് സാനിയയെ പോലെ ഉള്ളവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ കാരണമാകുന്നതും.

എന്നാല്‍ ലണ്ടനിലെ മികച്ച യൂണിവേഴ്സിറ്റികളുടെ ഭാഗമായ ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഇഎംപീരിയല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒക്കെ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കഠിന അധ്വാനികളും പഠിക്കാന്‍ സമര്‍ത്ഥരും കൂടിയാകുന്നത് കൊണ്ടാണ് എന്നതും പ്രത്യേകതയാണ്. പല തലങ്ങളില്‍ ഉള്ള അഭിമുഖം കടന്ന് അഡ്മിഷന്‍ കരസ്ഥമാക്കുക എന്നതും വലിയൊരു കടമ്പയാണ്. ഇക്കാരണത്താല്‍ തന്നെ എസ്തറിന്റെ ലണ്ടന്‍ പഠനം സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. സാധാരണ നടികളെ അപേക്ഷിച്ചു താന്‍ സ്വപ്നം കണ്ട ഉയരത്തിലേക്ക് എത്താന്‍ സിനിമയുടെ ലോകത്തിനപ്പുറം ശ്രമിക്കുന്ന എസ്തറിനെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ പ്രശംസിക്കുന്നത്. പഠിക്കുക എന്ന ലക്ഷ്യത്തിനായി സിനിമകള്‍ ഉപേക്ഷിക്കുന്ന പുതു തലമുറക്കാരില്‍ ഏറ്റവും ഒടുവിലായി എത്തുന്ന വാര്‍ത്ത കൂടിയാണ് എസ്തറിന്റെ ലണ്ടന്‍ പഠനം.

അതേസമയം 2023 സെപ്റ്റംബര്‍ ഇന്‍ടേക്കില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റികളില്‍ ഒന്നില്‍ പഠിക്കാന്‍ വന്ന ഗ്ലാമര്‍ താരം സാനിയ ഇയ്യപ്പന്‍ ഒക്ടോബറില്‍ തന്നെ തിരികെ നാട്ടില്‍ എത്തിയതും അന്ന് വാര്‍ത്തായിരുന്നു. ഡ്രാമ അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ എത്തിയ സാനിയക്ക് സിനിമയുടെയും ഗ്ലാമറിന്റെയും വെള്ളി വെളിച്ചത്തില്‍ നിന്നും അകന്നു കൂട്ടിലടച്ച കിളിയെ പോലെ യൂണിവേഴ്സിറ്റി ക്ലാസ് റൂമില്‍ ഇരിക്കാന്‍ ആകുന്നില്ല എന്ന വിമര്‍ശവും അന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും എത്തിയിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട പഠനവസരം സാനിയ കാരണം നഷ്ടമായി എന്ന കഴമ്പുള്ള വിമര്‍ശവും അന്ന് നടിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. യുകെയിലെ യൂണിവേഴ്സിറ്റി പഠനം പുറമെ നിന്നും നോക്കുന്ന തരത്തില്‍ അത്ര നിസാരമല്ല എന്ന ഉപദേശവും അന്ന് സാനിയയെ തേടി എത്തിയിരുന്നു.

അതിനിടെ എസ്തര്‍ യുകെയില്‍ എത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ സംഭവം ഇപ്പോള്‍ മാധ്യമ ലോകം ആഘോഷമാക്കുന്നത് തന്റെ സ്വപ്നങ്ങളെ കുറിച്ച് എസ്തര്‍ തന്നെ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയതോടെയാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രവും എസ്തര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ സമൂഹ മാധ്യമങ്ങളില്‍ തന്റെ എല്ലാ വിശേഷങ്ങളും ആയി എത്തുക പതിവല്ലെങ്കിലും ഇക്കാര്യം പൊതു ലോകത്തോട് പറയണം എന്ന ചിന്തയിലാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് വിശേഷം പങ്കുവയ്ക്കുന്നത് എന്നും എസ്തര്‍ പറയുന്നു. നായികയാകാന്‍ പാടുപെടുന്ന തന്നെക്കുറിച്ചു കമന്റ് ഇടുന്ന ആളുകള്‍ക്കിടയില്‍ അതിനൊന്നും മറുപടി നല്‍കി സമയം കളയുന്ന വ്യക്തിയുമല്ല എസ്തര്‍.

വലിയ സ്വപ്നങ്ങള്‍ ഉള്ള പെണ്‍കുട്ടിയാണ് താനെന്നു ലോകത്തോട് വിളിച്ചു പറയാനുള്ള അവസരം കൂടിയാണ് തന്റെ ലണ്ടന്‍ പഠനകാലം എന്നും എസ്തര്‍ കുറിക്കുന്നു. ലണ്ടനിലെ ഫോട്ടോയ്ക്കൊപ്പം നാലുവയസില്‍ ഉള്ള സ്‌കൂള്‍ ഫോട്ടോയും എസ്തര്‍ ചേര്‍ത്ത് വച്ചതും ശ്രദ്ധേയമായി. താന്‍ തളര്‍ന്നപ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഇപ്പോള്‍ എന്തായിരുന്നേനെ എന്നുപോലും പറയാനാകില്ല എന്നാണ് എസ്തറിന്റെ നിലപാട്. എല്ലാവരും നല്‍കിയ സ്‌നേഹത്തിന് എന്നെങ്കിലും പകരം നല്‍കാനാകും എന്നും നടി പ്രതീക്ഷ പങ്കുവയ്ക്കുന്നു. തന്റെ ചിത്രങ്ങള്‍ക്ക് കമന്റ് ഇടുന്നവര്‍ ആരാധകര്‍ ആണോ എന്നും തനിക്ക് ആരാധകര്‍ ഉണ്ടോ എന്നുപോലും അറിയില്ല എന്നും എസ്തര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വാക്കുകളായി അവ മാറുകയാണ്.

പുതുതലമുറയിലെ മമിതാ ബൈജു, ദേവിക സഞ്ജയ്, ഗൗരി കിഷന്‍, നന്ദന വര്‍മ്മ, നിവേദിത സതീഷ് എന്നിവരൊക്കെ പിന്തുണയുമായി കമന്റുകള്‍ ഇട്ടപ്പോള്‍ അമ്മ മഞ്ജു എത്തിയത് ''കല്‍പ്പറ്റയിലെ ഡിപോള്‍ സ്‌കൂളില്‍ നിന്നും ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്'' എന്ന കിടിലന്‍ ടാഗ് ലൈനുമായിട്ടായിരുന്നു.

Tags:    

Similar News