ഇന്ത്യയുടെ ഒരു സ്‌ക്രൂ ഡ്രൈവര്‍ പോലും ഉപയോഗിക്കാതെ എല്ലാം ഭംഗിയായി ചെയ്തു തീര്‍ത്തു; അമേരിക്കയിലും ബ്രിട്ടണിലും ഇരുന്നവര്‍ സാങ്കേതിക ചോര്‍ച്ചയ്ക്കുള്ള സാധ്യതകളില്ലെന്ന് ഉറപ്പാക്കിയ ഓണ്‍ലൈന്‍ നിരീക്ഷണം; രണ്ടാം ഹാങ്ങറില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അവര്‍ കയറ്റിയില്ല; ഒടുവില്‍ ബ്രിട്ടണിലേക്ക് തിരുവനന്തപുരത്തു നിന്നും ശുഭവാര്‍ത്ത; ആ യുദ്ധ വിമാനം തിരിച്ചു പറക്കും; എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറന്നു തന്നെ യുദ്ധ വിമാനം മടങ്ങും. എയര്‍ ഇന്ത്യാ ഹാങ്ങറിലെ അറ്റകുറ്റപ്പണിയാണ് നിര്‍ണ്ണായകമാണ്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍ തിരിച്ചു പറക്കുന്ന തീയതിയില്‍ അന്തിമ തീരുമാനം വരും. ഒരാഴ്ച മുമ്പാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. അമേരിക്കന്‍ വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.
തകരാര്‍ പരിഹരിച്ച കാര്യം ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനെ സംഘം അറിയിച്ചതായാണു വിവരം. തകരാര്‍ പരിഹരിച്ച ശേഷം ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവയില്‍ പരീക്ഷണം നടത്തി വിമാനം പറക്കലിനു പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കും. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായാണ് 14 അംഗ സംഘം തിരുവനന്തപുരത്തെത്തിയത്. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി ആരംഭിച്ചു. ഇതാണ് നിര്‍ണ്ണായകമായത്.
ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞു. 22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം പിന്നീട് വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റി. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടന്നത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലായിരുന്നു വിമാനത്തിന്റെ അറ്റകുറ്റപ്പണി. രണ്ടാം ഹാങ്ങറിലുള്ള ഇന്ത്യന്‍ സുരക്ഷാജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
വിമാനം തകരാര്‍ പരിഹരിച്ച് പറത്തിക്കൊണ്ടുപോകാനായിരുന്നു ബ്രിട്ടന്റെ തീരുമാനം്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനും പുറത്തുനിന്ന് ചാര്‍ജ് നല്‍കുന്ന ഓക്സിലറി പവര്‍ യൂണിറ്റിനും തകരാറുകളുണ്ടെന്ന് കണ്ടെത്തി. പ്രശ്നം പരിഹരിക്കുന്നതിനൊപ്പം ഈ തകരാറുകള്‍ സംഭവിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും വിദഗ്ധസംഘം നടത്തി. അറ്റകുറ്റപ്പണിക്കുള്ള മുഴുവന്‍ ഉപകരണങ്ങളുമായാണ് ബ്രിട്ടീഷ്-അമേരിക്കന്‍ സംഘം എത്തിയത്. ഇന്ത്യന്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചില്ല. എല്ലാം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ലക്ഷ്യമിട്ട സമയത്തിനുള്ളില്‍ തകരാര്‍ പരഹരിച്ചുവെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ വിലയിരുത്തല്‍. യുദ്ധ വിമാനത്തിന്റെ സാങ്കേതികത ചോരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ബ്രിട്ടീഷ് സംഘം എടുത്തിരുന്നു. അറ്റകുറ്റപണി തല്‍സമയം ബ്രിട്ടണിലും അമേരിക്കയിലും ഇരുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചെന്നും സൂചനകളുണ്ട്.
ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.
ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.