പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി; സുഹൃത്തായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചര്‍ വില്‍ക്കാന്‍ സഹായിക്കണമെന്ന് മാധ്യമപ്രവര്‍ത്തകന് സന്ദേശം; എസ്പിയെ വിവരം അറിയിച്ച് മാധ്യമപ്രവര്‍ത്തകന്‍; വ്യാജഐഡിയാണെന്ന് എസ്.പി ആര്‍. ആനന്ദ്

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി

Update: 2025-12-01 14:24 GMT

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി. ആനന്ദ് രാജ്ഗുരു എന്ന പേരില്‍ ഹിന്ദിയിലാണ് പ്രൊഫൈല്‍. പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖന് വ്യാജഐഡിയില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. ഇത് സ്വീകരിച്ചതിന് പിന്നാലെ ഇന്‍ബോക്സില്‍ വന്ന് നമ്പര്‍ ചോദിക്കുകയാണ് ഉണ്ടായതെന്ന് വിശാഖന്‍ പറയുന്നു. തെറ്റായ ഒരു നമ്പര്‍ നല്‍കി പ്രതികരിച്ചു. പിന്നാലെയാണ് ഫേക്ക് ഐഡിയില്‍ നിന്ന് വിശദമായ സന്ദേശങ്ങള്‍ വന്നത്.

സിആര്‍പിഎഫ് ക്യാമ്പിലുള്ള തന്റെ സുഹൃത്ത് സന്ദീപ് കുമാറിന് താങ്കളുടെ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിളിക്കുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. അദ്ദേഹത്തിന് സ്ഥലം മാറ്റമാണ്. അതു കൊണ്ട് തന്റെ ഗൃഹോപകരണങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്ക് വില്‍ക്കുന്നു. വളരെ നല്ല ഉപകരണങ്ങളാണ്. ചുളുവിലയ്ക്ക് കിട്ടും. താങ്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ എടുക്കാമല്ലോ എന്നാണ് സന്ദേശം.

വിശാഖന്‍ ഉടന്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എസ്.പിക്കും ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരനും കൈമാറി. ഇത് തന്റെ ഐഡി അല്ലെന്നും വ്യാജമാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.

Tags:    

Similar News