മകനെ മികച്ച ക്രിക്കറ്റ് കളിക്കാരനാക്കാന്‍ ആഗ്രിച്ച പിതാവ്; ഹെവന്‍ ക്രിസ്റ്റി ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയ ദിവസം മരണത്തിലേക്ക് നടന്നകന്ന് പിതാവ്: മികച്ച പ്രകടനത്തോടെ ബാറ്റിങ്ങില്‍ ടോപ് സ്‌കോര്‍ നേടിയപ്പോള്‍ മകന്റെ നേട്ടമറിയാതെ ക്രിസ്റ്റിയുടെ മടക്കം

മകനെ മികച്ച ക്രിക്കറ്റ് കളിക്കാരനാക്കാന്‍ ആഗ്രിച്ചു; ഒടുവില്‍ മകന്റെ നേട്ടം കാണാതെ പിതാവിന്റെ മടക്കം

Update: 2024-10-03 00:42 GMT

നെടുംകുന്നം: മകനെ മികച്ച ക്രിക്കറ്റ് കളിക്കാരനാക്കണമെന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം. അതിന് തന്നാല്‍ കഴിയുന്നതെല്ലാം ആ പിതാവ് ചെയ്തു നല്‍കി. എന്നാല്‍ ക്രിക്കറ്റ് മൈതാനത്ത് മകന്‍ തീ പാറിയ ദിവസം അതു കാണാനാവാതെ ആ പിതാവ് മരണത്തിലേക്ക് യാത്രയായി. നെടുംകുന്നം കണ്ണാട്ട് ക്രിസ്റ്റി കെ.ഹെന്റി (52) യാണ് ക്രിക്കറ്റ് മൈതാനത്തെ മകന്റെ നേട്ടമറിയാതെ നടന്നകന്നത്.

മകന്‍ ഹെവന്‍ ക്രിസ്റ്റിയെ അണ്ടര്‍ 14 ജില്ലാ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുത്ത ദിവസം തന്നെയായിരുന്നു ക്രിസ്റ്റുയുടെ മരണം. എന്നാല്‍ ക്രിസ്റ്റി മൈതാനത്ത് കൊയ്ത നേട്ടമൊന്നും അറിയാതെ ആയിരുന്നു ആ മടക്കം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഹെവന്‍ ക്രിസ്റ്റിയുടെ ജില്ലാ ടീമിലേക്കുള്ള മത്സരം. പിതാവ് തന്നെ ആയിരുന്നു മകനെ എല്ലായിടത്തും മത്സര ആവശ്യങ്ങള്‍ക്ക് കൊണ്ടു പോയിരുന്നത്. പതിവു പോലെ മത്സരത്തിനു പോകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാത്രി ക്രിസ്റ്റി കെ.ഹെന്റി കുഴഞ്ഞുവീഴുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ക്രിസ്റ്റിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി മകന്‍ കളിക്കളത്തിലേക്ക് പോയി, ജില്ലാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഹെവന്‍ ക്രിസ്റ്റി മികച്ച പ്രകടനത്തോടെ ബാറ്റിങ്ങില്‍ ടോപ് സ്‌കോറര്‍ ആയി. ഞായറാഴ്ച മകന്‍ ജില്ലാ ടീമില്‍ സ്ഥാനം നേടിയത് അറിയാതെ ക്രിസ്റ്റി ഹെന്റി യാത്രയായി. ക്രിസ്റ്റിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകനെ മികച്ച ക്രിക്കറ്റ് കളിക്കാരനാക്കുക എന്നത്. ഇതിനായി സിബിഎസ്ഇ സ്‌കൂളില്‍ നിന്നു മകനെ നെടുംകുന്നം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് സ്‌കൂളില്‍ 7ാം ക്ലാസിലേക്കു മാറ്റിയിരുന്നു.

ക്രിക്കറ്റ് മത്സരത്തിനു പോകുമ്പോള്‍ ക്രിസ്റ്റിയായിരുന്നു ഹെവനെ കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം സബ് ജില്ലാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഹെവന്‍ ക്രിസ്റ്റി മികച്ച കളിക്കാരനായി സബ് ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിസ്റ്റിയുടെ ഭാര്യ ബിഞ്ചു സൗദിയിലാണ്. മകള്‍: ഹെയ്മി മറിയം ക്രിസ്റ്റി (സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് സ്‌കൂള്‍ 3ാം ക്ലാസ് വിദ്യാര്‍ഥിനി).

Tags:    

Similar News