അമിത അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതല്‍; ഫായിസിന്റെ വയറ്റിലും തരിപോലുള്ള സാധനം; ഷാനിദിന്റെ മരണം മുമ്പുള്ളതിനാല്‍ ഫായിസിന് അതിവേഗ ശസ്ത്രക്രിയ; കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന മിര്‍ഷാദും; എംഡിഎംഎയില്‍ നിന്നും താരശ്ശേരിയ്ക്ക് രക്ഷാകാലം വരുമോ?
കോഴിക്കോട്: താമരശ്ശേരി അരയാറ്റു കുന്നില്‍ എംഡിഎംഎ വിഴുങ്ങിയതായി സംശയമുളള ഫായിസിന്റെ വയറ്റില്‍ തരി പോലുള്ള സാധനം കണ്ടെത്തിയെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട്. ഇയാളുടെ സര്‍ജറി ഉടന്‍ നടത്താനാണ് തീരുമാനം. ഫായിസിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് താമരശ്ശേരിയില്‍ പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. അമ്പായത്തോട് സ്വദേശി ഷാനിദാണ് മരിച്ചത്. ഷാനിദിന്റെ സര്‍ജറി വൈകിയിരുന്നു. ഷാനിദ് സമ്മതിക്കാത്തതു കൊണ്ടായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഫയാസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്.
ഇന്നലെ ഭാര്യയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫയാസിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കയ്യിലുള്ള എംഡിഎംഎ എന്ന് സംശയിക്കുന്ന ലഹരി വസ്തു വിഴുങ്ങിയത്. എംഡിഎംഎ വിഴുങ്ങിയെന്ന് ഇയാള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഫായിസിനെ പൊലീസ് പിടികൂടിയത്. അമിത അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതലാണ്. അതുകൊണ്ട് കൂടിയാണ് ഫയാസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്.
ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തോടെ താമരശ്ശേരി മേഖലയില്‍ പൊലീസും നാട്ടുകാരും ലഹരിക്കെതിരെ ജാഗ്രതയിലായിരുന്നു. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരെ പൊലീസും നാട്ടുകാരും നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
പൊലീസ് ഫായിസിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്. പൊലീസ് അടുത്തെത്തിയപ്പോഴേക്കും കയ്യിലുണ്ടാവുകയിരുന്ന വസ്തു ഇയാള്‍ വിഴുങ്ങി. ഇതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് ഫായിസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
താമരശ്ശേരിയില്‍ ഇ്‌പ്പോള്‍ ശക്തമായ റെയ്ഡും പരിശോധനയുമാണ് പോലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം യുവാവില്‍ നിന്നും 58 ഗ്രാം എംഡിഎംഎ പിടികൂടി. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരിയിലെ രാസലഹരി വില്‍പനക്കാരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. കോവൂര്‍ ഇരിങ്ങാടന്‍പള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിര്‍ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്താന്‍ എന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന ആളാണ് മിര്‍ഷാദെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളില്‍ രാസലഹരി ഉപയോഗവും അക്രമവും വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസും എക്സൈസും ശക്തമായ പരിശോധനയാണ് നടത്തുന്നത്.