ഇറാനെ മടയില്‍ പോയി ആക്രമിച്ച ഇസ്രയേല്‍ ദൗത്യത്തില്‍ വനിതാ പൈലറ്റുമാരും; എഫ് 15, എഫ് 16 പോര്‍ വിമാനങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; 1600 കിലോമീറ്റര്‍ അകലെയുള്ള വളരെ സങ്കീര്‍ണമായ ഓപ്പറേഷന്‍ ആയിരുന്നെന്നും സൈന്യം

ഇറാനെ മടയില്‍ പോയി ആക്രമിച്ച ഇസ്രയേല്‍ ആക്രമണ ദൗത്യത്തില്‍ വനിതാ പൈലറ്റുമാരും

Update: 2024-10-27 07:03 GMT

ടെല്‍ അവീവ്: ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം അക്ഷരാര്‍ഥത്തില്‍ ഇറാന്‍ ഭരണകൂടത്തിനുള്ള താക്കീതായിരുന്നു. മേലില്‍, തങ്ങളുടെ മടയില്‍ കയറി കളിച്ചാല്‍, തിരിച്ചുപണി കിട്ടുമെന്നുമുള്ള മുന്നറിയിപ്പ്. എഫ് 35 പോര്‍ വിമാനങ്ങള്‍ അടക്കം 100 ഓളം വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും, ഇറാനെ ഞെട്ടിക്കാന്‍ പോന്നതായി ആക്രമണം. ഓപ്പറേഷനില്‍, പങ്കെടുത്ത എഫ് 15, എഫ് 16 പോര്‍ വിമാനങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ്) പുറത്തുവിട്ടു. ചിത്രങ്ങളില്‍ ഇസ്രയേലി വ്യോമസേന സ്‌ക്വാഡ്രനില്‍ നിന്നുള്ള നാല് വനിതാ പൈലറ്റുമാരെയും കാണാം.

പോര്‍വിമാനങ്ങള്‍, ഇന്ധനം വഹിക്കുന്ന വിമാനങ്ങള്‍, ചാര വിമാനങ്ങള്‍ എന്നിവടയക്കം 100 ഓളം വിമാനങ്ങളാണ് ഇസ്ര.ലേില്‍ നിന്ന് ഏകദേശം 1600 കിലോമീറ്റര്‍ അകലെയുള്ള ടെഹ്‌റാനിലെ ആക്രമണദൗത്യത്തില്‍ പങ്കാളികളായത്. വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തി. വളരെ സങ്കീര്‍ണമായ ഓപ്പറേഷന്‍ എന്നാണ് ഐ ഡി എഫ് വിശേഷിപ്പിച്ചത്.



അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ച ഇറാന്‍ സൈനിക ഓഫീസര്‍മാരുടെ എണ്ണം നാലായി ഉയര്‍ന്നു. സജ്ജദ് മന്‍സൂരി, മെഹ്ദി നഗാവി, മൊഹമ്മദ് മെ്ഹദി ഷാരോഖി, ഹംസേ ജഹാന്‍ദിദേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മിസൈല്‍ യൂണിറ്റുകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ സൈനിക താവളങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചത്.

ശനിയാഴ്ചത്തെ ദൗത്യത്തെ 'ഡേയ്‌സ് ഓഫ് റിപെന്റന്‍സ്' എന്നാണ് ഇസ്രയേല്‍ പേര് നല്‍കിയത്. ഇറാന്റെ ഇലാം, ഖുസെസ്ഥാന്‍, ടെഹ്‌റാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ഇറാനില്‍ വനിതകള്‍ക്ക് എതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ആകാം ഇസ്രയേല്‍ വനിതാ പൈലറ്റുകളെ നിയോഗിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.




സ്വയം പ്രതിരോധത്തിനായി, ഇസ്രയേലിന്റെ വ്യോമാക്രണത്തിന് തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഇറാന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രയേലിന്റെ വ്യോമാക്രമണമെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 ന്റെ നഗ്നമായ ലംഘനമാണിത്. രാജ്യത്തിന്റെ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കും. മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം ഓര്‍മിപ്പിച്ചു.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടം മാത്രം സംഭവിച്ചിട്ടുള്ളുവെന്നാണ് ഇറാന്റെ ഔദ്യോഗിക ഭാഷ്യം. യാത്രാവിമാനങ്ങള്‍ പതിവുപോലെ പറക്കുന്നതായി ഇറാന്‍ വ്യോമയാന അതോറിറ്റി അറിയിച്ചു. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം വിജയകരമായി തങ്ങള്‍ ചെറുത്തുവെന്നാണ് അവകാശവാദം. രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത് ഒഴിച്ചാല്‍ മറ്റുനാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ പറയാതെ പറയുന്നത്.

തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനത്തിന് ആക്രമണത്തില്‍ എത്രമാത്രം കേടുപാടുണ്ടായി എന്ന് ഇറാന് പരിശോധിക്കേണ്ടി വരും. ഇനിയും ഒരു പ്രത്യാക്രമണത്തിന് മുതിര്‍ന്നാല്‍, ഇസ്രയേല്‍ കൂടുതല്‍ ശക്തമായി തങ്ങളെ കടന്നാക്രമിക്കുമെന്ന ഭയവും ഇറാന്‍ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയൊരു യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇറാന് താല്‍പര്യമില്ലെന്ന് ചുരുക്കം.

അതേസമയം, ഹിസ്ബുള്ളയും അടങ്ങിയിരിക്കുന്നില്ല. ഇസ്രയേല്‍ ലക്ഷ്യമാക്കി 80 മിസൈലുകളാണ് ശനിയാഴ്ച വൈകുന്നേരം ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഇക്കാര്യം ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.


Tags:    

Similar News