ആഡംബര കാറുകളുമായി അറബ് മുതലാളിമാര്‍ അവധി ആഘോഷിക്കാന്‍ ലണ്ടനില്‍; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത് തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്‍ഗിനിയും അടക്കമുള്ള 72 കാറുകള്‍ക്ക് വന്‍പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്
ആഡംബര കാറുകളുമായി അറബ് മുതലാളിമാര്‍ അവധി ആഘോഷിക്കാന്‍ ലണ്ടനില്‍
ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ അവധി ആഘോഷിക്കാനായി എത്തിയ അറബികളായ കോടീശ്വരന്‍മാര്‍ തോന്നിയത് പോലെ നിയമം ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. കോടികള്‍ വിലയുള്ള ഫെറാറിയും ലംബോര്‍ഗിനിയും അടക്കമുള്ള 72 കാറുകള്‍ക്ക് വന്‍പിഴയാണ് ചുമത്തിയത്. ചില വാഹനങ്ങള്‍ പോലീസ് കൊളുത്തി വലിച്ചു കൊണ്ട് പോകുകയും ചെയ്തു.
ഏഴ് മില്യണ്‍ പൗണ്ട് വില വരുന്നതാണ് ഈ കാറുകള്‍. മെറ്റ് പോലീസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ ഇന്‍ഷുറേഴ്സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഹൈഡ് പാര്‍ക്ക്, കെന്‍സിംഗ്ടണ്‍, ചെല്‍സി എന്നിവിടങ്ങളില്‍ കണ്ടുകെട്ടിയ വിലകൂടിയ സ്പോര്‍ട്സ് കാറുകളുടെ ഒരു നിരയും, ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റയും ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
ലണ്ടനിലെ സുപ്രധാന മേഖലകളില്‍ സാമൂഹിക വിരുദ്ധരും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരുമായ ഡ്രൈവര്‍മാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ ഈ നടപടി. പിടിച്ചെടുത്ത രണ്ട് ലംബോര്‍ഗിനി കാറുകളുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ രാജ്യത്ത് രണ്ട് മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇയാളുടെ കാര്‍ പിടിച്ചെടുക്കുമ്പോള്‍ 15 മിനിറ്റ് മാത്രമേ വാഹനമോടിച്ചിട്ടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
അതി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇന്‍ഷ്വറന്‍സ് ഇല്ലാത്ത നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് നടപടിയ്ക്കിേടെ നിരവധി ക്രിമിനല്‍ കേസുകളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തികളേയും പിടികൂടാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചില ഡ്രൈവര്‍മാര്‍ ലൈസന്‍സ് ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നതെന്നും പലരും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
മറ്റ് ചിലര്‍ നിയമവിരുദ്ധമായി ടിന്റിംഗ് ചെയ്ത വിന്‍ഡോകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെറ്റ് പോലീസ് നടത്തിയ പരിശോധനയില്‍ അമിതഗേവഗത്തിലും അശ്രദ്ധയോടെയും ഡ്രൈവ് ചെയ്തതിന് അറുപതോളം അത്യാഡംബര വാഹനങ്ങള്‍ പിടികൂടിയിരുന്നു. ലണ്ടന്‍ നഗരത്തെ ഇവര്‍ റേസ് ട്രാക്ക് ആക്കി മാറ്റി എന്നാണ് പലരും പരാതിപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തം വിവാഹ ദിനത്തില്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ലംബോര്‍ഗിനി ഓടിച്ച ഒരാളിനെ പോലീസ് പിടികൂടിയത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ 75 ഓളം ഉദ്യോഗസ്ഥന്‍മാരാണ് പങ്കെടുത്തത്. പിടികൂടിയ പല വാഹനങ്ങളും അതിന്റെ വിദേശികളായ ഉടമകള്‍ അവരുടെ നാട്ടില്‍ നിന്നാണ് എത്തിച്ചത്. ഇവയില്‍ പലതിനും സ്വന്തം രാജ്യത്താണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്ളത്. ബ്രിട്ടനില്‍ ഇത് അവര്‍ക്ക് ലഭ്യമാകുകയും ഇല്ല.