2022ൽ വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു; പ്രധാനമന്ത്രിയുടെ സഹായം ഒന്നര മാസത്തിനുള്ളിൽ അക്കൗണ്ടിലെത്തി; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചികിത്സാ ധനസഹായത്തിനായി വർഷങ്ങളോളം കാത്തിരുന്നു; ഒടുവിൽ വാർഷിക വരുമാനം കൂടുതലാണെന്ന പേരിൽ സഹായം നിരസിച്ചു; സംസ്ഥാന സർക്കാരിന്റെ ധനസഹായ പ്രഖ്യാപനങ്ങൾ പാഴ്വാക്കോ ?

Update: 2025-07-07 11:41 GMT

അടൂർ: അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മന്ത്രി പ്രഖ്യാപിച്ച ചികിത്സാ ധനസഹായം നിരസിച്ചെന്ന് ആരോപണം. 2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം കൂടുതലായതിനാൽ ജില്ലാ കളക്ടർ ധനസഹായം നിരസിച്ചതെന്നാണ് വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിരിക്കുന്ന മറുപടി. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് അടൂർ കരുവാറ്റ പുന്തലവീട്ടിൽ ഹരികൃഷ്‌ണൻ 2 ചികിത്സാ സഹായത്തിന് പ്രഖ്യാപിച്ച തുക നിരസിച്ചതിനെ കുറിച്ച് മറുനാടനോട് പ്രതികരിച്ചത്.

മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തത്. 9 പേരാണ് അപകടത്തിൽ മരിച്ചത്. പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും ചികിത്സാ സഹായമായി 3 ലക്ഷം രൂപയും നൽകുമെന്നായിരുന്നു മന്ത്രി അന്നു പ്രഖ്യാപിച്ചത്. അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്കായി 50000 രൂപയുമായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 50,000 രൂപ അപകടം നടന്ന് ഒന്നര മാസത്തിനുള്ളിൽ ഹരികൃഷ്‌ണന്റെ അക്കൗണ്ടിൽ എത്തി. കേന്ദ്ര സഹായം ലഭിച്ചത് പോലെ സംസ്ഥാന സഹായവും ലഭിക്കുമെന്നും, ധൃതി പിടിക്കേണ്ട ആവശ്യമില്ലെന്നും താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്നും പറഞ്ഞിരുന്നതായാണ് പരാതിക്കാരൻ പറയുന്നത്.

എന്നാൽ 2024ൽ ഈ ധനസഹായം കുടുംബത്തിന്റെ വാർഷിക വരുമാനം കൂടുതലായതിനാൽ ജില്ലാ കളക്ടർ നിരസിച്ചതായി വില്ലേജ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു. ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് ഹരികൃഷ്‌ണൻ്റെ പിതാവ് ജയചന്ദ്രനുണ്ണിത്താൻ അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് 7 തവണ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഒടുവിൽ 8-ാം തവണ അയച്ച പരാതിക്കാൻ മറുപടി ലഭിക്കുന്നത്. കെഎസ്ആർടിസി എംഡിയുമായി ബന്ധപ്പെടാനായിരുന്നു നിർദേശം. എംഡിയുമായി ബന്ധപ്പെട്ടപ്പോൾ പരാതി പാലക്കാട് കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. അതിനുശേഷം പാലക്കാട്ടുള്ള കെഎസ്‌ആർടിസി വിജിലൻസ് ഇൻസ്പെക്‌ടർ ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് ആവശ്യമായ രേഖകൾ നൽകി.

എന്നാൽ, അപകടം നടന്ന് മൂന്ന് വർഷത്തോളമായിട്ടും മന്ത്രി പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്നാണ് ആരോപണം. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിലെ എംഎസ്സി വിദ്യാർഥിയായ ഹരികൃഷ്‌ണൻ പൂജ അവധിക്കു നാട്ടിലെത്തി തിരികെ കോയമ്പത്തൂരിലേക്കു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ഹരികൃഷ്ണന്റെ വലതുകൈ ഒടിഞ്ഞു, ഞരമ്പുകൾക്കു ക്ഷതമേറ്റു, ശരീരമാസകലം ചതവു പറ്റി കൈയിൽ ശസ്ത്രക്രിയ നടത്തി നേരെയാക്കിയെങ്കിലും ഞരമ്പുകൾക്കു ക്ഷതം സംഭവിച്ചതിനാൽ സ്വാധീനക്കുറവുണ്ട്. വലതുകൈ ഉപയോഗിച്ച് എഴുതാനോ ആഹാരം കഴിക്കാനോ സാധിക്കില്ല. ചികിത്സാ ഇപ്പോഴും തുടരുന്നുണ്ട്. 

Tags:    

Similar News