ഗ്രാമത്തിൽ തുടർച്ചയായ പാമ്പ് കടി; മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചുപേർക്ക്; സർപ്പ പ്രതികാരമെന്ന് നാട്ടുകാർ; പാമ്പാട്ടികളെ ഇറക്കി വനം വകുപ്പ്; ഉറക്കമില്ലാതെ ഒരു ഗ്രാമം

Update: 2024-10-24 07:31 GMT

ഉത്തർപ്രദേശ്: തുടർച്ചയായ പാമ്പ് കടികളാൽ ഭീതിയിലായി ഒരു ഗ്രാമം. അഞ്ചുപേർക്കാണ് മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത്. ഇതോടെ ഭീതിയിൽ കഴിയുകയാണ് ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ സദർപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ പാമ്പ് കടിച്ചതിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച വീടിൻ്റെ തറയിൽ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ് കടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇവർ മരിക്കുകയായിരുന്നു.

സംഭവത്തിൽ പൂനം, മക്കളായ സാക്ഷി, തനിഷ്‌ക് എന്നിവരാണ് മരിച്ചത്. ഇവരുടെ മരണവാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുന്നേ വീണ്ടും പാമ്പ് കടിയേറ്റ വാർത്ത ഗ്രാമ വാസികളെ തേടിയെത്തി. അന്ന് രാത്രി തന്നെ അതേ ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പാമ്പ് കടിച്ചു. ഇതായിരുന്നു രണ്ടാമത്തെ ദുരന്തം.

പാമ്പുകടിയേറ്റ യുവാവ് അബോധാവസ്ഥയിലായി. തുടർന്ന് ഇയാളെ ഉടൻ തന്നെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ഈ യുവാവ് ഗുരുതരാവസ്ഥയിലാണ്. വാർത്ത പുറത്ത് വന്നതോടെ നടപടിയുമായി വനം വകുപ്പ് രംഗത്തെത്തി. തുടർന്ന് പാമ്പിനെ പിടിക്കാൻ വനംവകുപ്പിൻ്റെ അഞ്ച് സംഘങ്ങൾ ഗ്രാമത്തിൽ എത്തി.

എന്നാൽ, ഇതിനിടെയിൽ ബുധനാഴ്ച ഗ്രാമത്തിൽ വീണ്ടും അസ്വാഭിക സംഭവം ഉണ്ടായി. മറ്റൊരു സ്ത്രീക്ക് കൂടി പാമ്പ് കടിയേൽക്കുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾ ഞെട്ടിയിരിക്കുകയാണ്. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗ്രാമത്തിൽ വിഷപ്പാമ്പുകളുമായി ബന്ധപ്പെട്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവിടെ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. സന്ധ്യ മയങ്ങുമ്പോൾ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തുവന്ന് ഗ്രാമവാസികളെ കടിക്കുമെന്ന വിശ്വാസവും ഗ്രാമവാസികളിലുണ്ട്. ഇറ്റിഹ് തന്നെയാണ് അവരെ കൂടുതൽ ഭീതിയിലാക്കുന്നതും. ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിക്കുന്നതും പറയുന്നതും പ്രദേശത്ത് സർപ്പത്തിൻ്റെ 'പ്രതികാരം' ഉണ്ടെന്നാണ്.

പാമ്പിനെ പേടിച്ച് ഹാപൂരിലെ സദർപൂർ ഗ്രാമവാസികൾക്ക് ഉറക്കം നഷ്‍ടപ്പെട്ടിരിക്കുകയാണ്. നിലവിൽ പാമ്പിനെ പിടികൂടാൻ വനംവകുപ്പ് നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പാമ്പുകളെയും പിടികൂടുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ മീററ്റിൽ നിന്ന് നാല് പാമ്പാട്ടികളുടെ സംഘത്തെയും വിളിച്ചുവരുത്തി.

ഈ സംഘം ഗ്രാമവാസികളെ കടിച്ച പാമ്പുകളെ പിടികൂടിയതായും റിപ്പോർട്ടുകൾ ഉണ്ട്. പിടികൂടിയ പാമ്പുകളെ സംഘം തന്നെ കൊണ്ടുപോയി. എന്നാൽ, ഈ പാമ്പ് ഏത് ഇനമാണ്, എത്ര വിഷമുള്ളതാണ്, എത്ര പ്രായമുണ്ട് എന്നൊക്കെയുള്ള അന്വേഷണത്തിലാണ് വനം വകുപ്പ്. എന്തായാലും പാമ്പുകളെക്കുറിച്ചുള്ള ഭയം ഗ്രാമവാസികൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നു.

Tags:    

Similar News