ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം; കേരളത്തില്‍ ആകെയുള്ളത് 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍; ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും; വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് കേരളത്തിന് അനുകൂലമായ സാഹചര്യമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം

Update: 2025-04-28 07:21 GMT

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് വന്‍ മുന്നേറ്റമുണ്ടായത്. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്. സംസ്ഥാനത്തെ ടൂറിസം രംഗത്തെ കുതിപ്പിന്റെ സൂചനയാണ് ഇതെന്നാണ് വിവരം.

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകള്‍. വിനോദ സഞ്ചാരികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സൗകര്യം ഒരുക്കുക വഴി ടൂറിസം മേഖലയില്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയേക്കാള്‍ മുന്നിലാണ് കേരളം എന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ആകെ 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും 607 ത്രീസ്റ്റാര്‍ ഹോട്ടലുകളും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്. എന്നാല്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം യഥാക്രമം 36, 69 എന്നിങ്ങനെയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഫൈവ് സ്റ്റാര്‍ 76 ഉം ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ യഥാക്രമം 61 ഉം 120ഉം മാത്രമാണ്.

ഗോവ, കര്‍ണാടക, തലസ്ഥാന നഗരമായ ഡല്‍ഹി എന്നിവയാണ് പട്ടികയില്‍ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ കണക്കുകളില്‍ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങള്‍. ഇത് സംസ്ഥാനത്തെ ഹോട്ടല്‍ ബിസിനസ് മേഖലയ്ക്ക് പുത്തനുണര്‍വ് പ്രകടമാക്കുന്നതാണ് ഈ കണക്കുകള്‍.

കേരളത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കണം എങ്കില്‍ ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി വേണമെന്നാണ് നിബന്ധന. ഇതും ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഫോര്‍ സാറ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ വലിയ തുക മുടക്കി ഫൈവ് സ്റ്റാറിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു.

Tags:    

Similar News