ഇഷ്ടക്കാര്‍ക്ക് 'നല്ലകാലം' വരാന്‍ എന്തും ചെയ്യും സര്‍ക്കാര്‍! നിലമ്പൂരിലെ ജനവിധിയും പാഠമാകുന്നില്ല; വകുപ്പുതല പരീക്ഷകള്‍ ജയിക്കാതെ സെക്ഷന്‍-ഡെപ്യൂട്ടി റേഞ്ച്-റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രൊമോഷന്‍ നേടിയവര്‍ പേടിക്കേണ്ട; നിങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ കരുതലുണ്ട്! ഹൈക്കോടതി വിധി മറികടക്കാന്‍ ചട്ടഭേദഗതി; വനം വകുപ്പില്‍ വീണ്ടും പൊട്ടിത്തെറി

Update: 2025-07-04 14:04 GMT

തിരുവനന്തപുരം: വനംവകുപ്പില്‍ വീണ്ടും പൊട്ടിത്തറി. വകുപ്പുതല പരീക്ഷകള്‍ ജയിക്കാതെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ഇളവുകള്‍ നല്‍കാനുള്ള വനംവകുപ്പ് നീക്കമാണ് പ്രതിസന്ധിയാകുന്നത്. നിലവിലെ ചട്ടം വീണ്ടും ഭേദഗതിചെയ്ത് ഹൈക്കോടതിവിധി മറികടക്കാനാണ് ആലോചന. ഇതിനെതിരെ പരീക്ഷ എഴുത്താത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കുകയും ചെയ്തു സര്‍ക്കാര്‍. അര്‍ഹതപ്പെട്ടവര്‍ക്ക് വീണ്ടും പ്രെമോഷന്‍ അടക്കം നിഷേധിക്കുന്നതാണ് ഈ നടപടി. ഈ സാഹചര്യത്തിലാണ് വനം വകുപ്പില്‍ വലിയ പ്രതിഷേധം ഉയരുന്നത്. അതായത് ഇഷ്ടക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ എന്തും ഈ സര്‍ക്കാര്‍ ചെയ്യുമെന്നതിന്റെ സൂചനയാണ് ഇത്. നിലമ്പൂരിലെ ജനവധിയും സര്‍ക്കാരിന് പാഠമാകുന്നില്ലെന്ന് സാരം.

വകുപ്പുതല പരീക്ഷ പാസാകാത്ത വനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ തരംതാഴ്ത്തണമെന്ന നിര്‍ദ്ദേശം നടപ്പായില്ലെന്നതാണ് വസ്തുത. ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഇതുസംബന്ധിച്ച ഉത്തരവ് പൂഴ്ത്തിയതായി പരാതി ഉയര്‍ന്നിരുന്നു. വനം വകുപ്പില്‍ 938 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരാണുള്ളത്. ഇവരില്‍ അഞ്ഞൂറിലധികം പേര്‍ പരീക്ഷ വിജയിക്കാതെയാണ് ഈ പദവിയിലെത്തിയത്. 2010ലെ ഫോറസ്റ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതിക്കു മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സെക്ഷന്‍ ഓഫീസര്‍മാരായിട്ടുണ്ട്.  പരീക്ഷ ജയിക്കാത്തവരെ തരം താഴ്ത്താതിരിക്കുന്നതിനാല്‍ പിരീക്ഷ വിജയിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നില്ല.

പരീക്ഷ വിജയിക്കാത്തവരുടെ പട്ടിക ദക്ഷിണ മേഖലാ സി.സി.എഫ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്ന് മാസത്തെ അധിക ട്രെയിനിംഗ് നല്‍കണമെന്നായിരുന്നു ഭരണപക്ഷ യൂണിയന്റെ ആവശ്യം. ഇതിനിടെയാണ് വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ എഴുതണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ബീറ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് 2014ല്‍ കൊണ്ടുവന്ന ചട്ട ഭേദഗതിയിലെ ഇളവ് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അന്ന് പുറത്തു വന്നത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ വകുപ്പുതല ടെസ്റ്റുകള്‍ പാസാകണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയത്. ഇത് 2010 മുതല്‍ ബാധകമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് തുടരാന്‍ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി ബാധകമല്ലെന്ന ഇളവും ഉള്‍പ്പെടുത്തിയിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും ബാധകമാണെന്ന 2010 ഓഗസ്റ്റ് 10ന് നിയമനം ലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ വാദമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവ് ശരിവെച്ചാണ് ഉത്തരവ്.

2010 ഓഗസ്റ്റ് 10ന് നിയമനംലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് 2022 ഓഗസ്റ്റ് അഞ്ചിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി കെ.എ.ടി. അനുവദിക്കുകയും സ്ഥാനക്കയറ്റം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സര്‍ക്കാരും ഹൈക്കോടതിയില്‍ എത്തിയത്. സ്ഥാനക്കയറ്റം പരിഗണിക്കുന്ന സമയത്ത് നിലവിലുള്ള ചട്ടങ്ങളാണ് ബാധകമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. നിയമനത്തിനുശേഷം യോഗ്യതയില്‍ കൊണ്ടുവന്ന ഭേദഗതിയുടെ കാര്യത്തിലാണ് ഇളവ് അനുവദിച്ചതെന്നും വ്യക്തമാക്കി.

ഇ വിധിയുള്ളപ്പോഴാണ് വകുപ്പുതലപരീക്ഷയും ട്രെയിനിങ്ങും ജയിക്കാതെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ ഗസറ്റഡ് തസ്തികയായ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരാക്കുന്നതിന് താത്കാലിക സീനിയോറിട്ടി പട്ടിക തയ്യാറാക്കി വനംവകുപ്പ് പുതിയ നടപടികള്‍ തുടങ്ങിയത്. 167 പേരുടെ പട്ടികയില്‍ മൂന്ന് വകുപ്പുതല പരീക്ഷയും നിര്‍ബന്ധിത ട്രെയിനിങ്ങും ജയിക്കാത്ത 33 പേരുമുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വകുപ്പുതല പരീക്ഷ ജയിച്ചിട്ടില്ല എന്നത് പരിഗണിക്കാതെയാണ് ട്രെയിനിങ്ങിന്റെ മാത്രം അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് സീനിയോറിറ്റി പട്ടിക തയ്യാറാക്കിയത്. 167 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം നല്കുന്നതിനായി സേവനപുസ്തകം കൃത്യമാക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് വനംവകുപ്പ് നിര്‍ദേശം നല്കി. വകുപ്പുതലപരീക്ഷകളും പരിശീലനവും ജയിച്ചവരെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിട്ടുള്ളത്. ഈ മാനദണ്ഡം ഉയര്‍ന്ന തസ്തികയായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ കാര്യത്തിലെത്തിയപ്പോള്‍ വനംവകുപ്പ് മറന്നു.

Tags:    

Similar News