യുഡിഎഫ് ഭരണകാലത്ത് ജയില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി തടവുകാരന്‍ രക്ഷപ്പെട്ടു; മന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയാണ് രക്ഷപ്പെട്ടത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്; കണ്ണൂര്‍ ജയിലില്‍ വൈദ്യുതി വേലി ഓഫാക്കാന്‍ അകത്താരുടെയങ്കിലും സഹായം ലഭിച്ചില്ലേ എന്നും സംശയം

യുഡിഎഫ് ഭരണകാലത്ത് ജയില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി തടവുകാരന്‍ രക്ഷപ്പെട്ടു

Update: 2025-07-25 18:30 GMT

തിരുവനന്തപുരം: യുഡിഎഫ് ഭരണ കാലത്ത് ജയിലില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി ഒരു തടവുകാരന്‍ മന്ത്രിക്കൊപ്പം സെക്രട്ടറിയേറ്റില്‍ എത്തി രക്ഷപ്പെട്ടുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 103 പേരാണ് ജയില്‍ ചാടിയത്. രാജ്യം ഒട്ടാകെ എടുക്കുമ്പോള്‍ 2200 പേര്‍ ജയില്‍ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോവിന്ദച്ചാമി ജയില്‍ ചാടി 4 മണിക്കൂറിനുള്ളില്‍ പിടികൂടിയെന്നുള്ളത് പ്രശംസനീയമാണെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജയിലിലെ കുറ്റവാളികളുമായി ബന്ധപ്പെട്ട നിയമത്തില്‍ നല്‍കിയ ഇളവുകള്‍ ആണ് ഇത്തരത്തില്‍ ജയില്‍ ചാട്ടങ്ങള്‍ക്ക് സഹായമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തടവുപുള്ളികള്‍ക്ക് ഉപ്പ് നല്‍കുന്നതു മുതല്‍ ജയിലില്‍ സിസിടിവി വെക്കുന്നത് അടക്കമുള്ള നിയമങ്ങളില്‍ ഉണ്ടായ മാറ്റമാണ് ഇത്തരം ജയില്‍ ചാട്ടങ്ങള്‍ക്ക് വളമാകുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. നമ്മള്‍ ഒരു സിസ്റ്റം ഉണ്ടാക്കുമ്പോള്‍ ആ സിസ്റ്റത്തെയാണ് പഠിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

താന്‍ ജയില്‍ ഡിജിപി ആയിരിക്കുന്ന കാലത്ത് ജീവപര്യന്തവും വധശിക്ഷയുമൊക്കെ വിധിക്കപ്പെട്ട അപകടകാരികളായ കുറ്റവാളികളെ പാര്‍പ്പിക്കാനായി, ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള, അതിസുരക്ഷാ ജയില്‍ തൃശ്ശൂരിലുണ്ടാക്കി. ഇന്ത്യയില്‍ ഹൈദരാബാദിലും ചെന്നൈയിലുമാണ് ഇത്തരത്തില്‍ വേറെ ജയിലുള്ളത്. ഗോവിന്ദച്ചാമിയെ അവിടേയ്ക്ക് മാറ്റാതെ കണ്ണൂരില്‍ നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.

താന്‍ ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് കണ്ണൂരില്‍ ഒരാള്‍ ജയില്‍ ചാടിയിരുന്നു. ഗോവിന്ദച്ചാമിയെ പോലെ പീഡനക്കേസിലെ പ്രതിയായിരുന്ന അയാളെ ആറുമണിക്കൂറിനകം പയ്യന്നൂര്‍ വച്ച് പിടികൂടി. അയാളും മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്നാണ് മതിലുകള്‍ക്ക് മുകളില്‍ വൈദ്യുതിപ്രവാഹമുള്ള കമ്പിവേലി സ്ഥാപിച്ചത്. കമ്പിവേലിയില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്ക് ഒരു കാരണവശാലും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ അകത്താരുടെയെങ്കിലും സഹായം ലഭിച്ചില്ലേ എന്ന ചോദ്യം ഉയരൂന്നു.

മുമ്പ് 14 കേസുകളില്‍ പ്രതിയായ ഒരാള്‍ ജയില്‍ചാടി രക്ഷപ്പെട്ടിരുന്നു. അയാളെ തളിപ്പറമ്പില്‍ വച്ച് പിടികൂടി. അതുമായി ബന്ധപ്പെട്ട് ഒരു ജയില്‍ ഉദ്യോഗസ്ഥനെ താന്‍ സസ്‌പെന്‍ഡ് ചെയ്തു. ഒഴിഞ്ഞുകിടന്ന പഴയ പാലത്തിന്റെ വശത്തു കൂടിയാണ് അയാള്‍ ജയില്‍ ചാടിയത്. അതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഭാഗത്തുള്ള വഴികളെല്ലാം അടച്ചു. അതുപോലെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയില്‍ നിന്നും തടവുചാടിയ ഒരാള്‍ കരമനയാറിന്റെ തീരത്തുകൂടി ഓടി രക്ഷപ്പെടുന്നതിനിടെ ഒരു നാട്ടുകാരന്‍ കണ്ട് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. ജയിലിലെ ഒരു മരത്തിന്റെ ചില്ലയില്‍ പിടിച്ചു കയറിയ അയാള്‍ മതിലിലേക്ക് ചാടുകയായിരുന്നു. ഒരു സെക്കന്‍ഡ് പിഴച്ചെങ്കില്‍ താഴെവീണു മരിക്കുമായിരുന്നു. അയാളുടെ ഭാഗ്യത്തിന് മതിലില്‍ പിടികിട്ടി. സ്വാതന്ത്ര്യദാഹം അത്ര വലിയ കാര്യമാണ്! ഞാന്‍ ആ മരം വെട്ടി, അതുവഴിയുള്ള ചാട്ടം നിര്‍ത്തിച്ചു. ഓരോ ചാട്ടവും അതു തടയാനുള്ള സംവിധാനങ്ങള്‍ക്ക് പ്രേരകമാവണം.

മൂന്നു മണിക്കൂര്‍ കൂടി താമസിച്ചാണ് പിടിച്ചതെങ്കില്‍ ഗോവിന്ദച്ചാമി കണ്ണൂരിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുമായിരുന്നു. ഒമ്പതര, പത്തുമണി ആകുമ്പോള്‍ സ്‌കൂള്‍, കോളേജ് സമയം ആകുമല്ലോ. അന്നേരം ഏതെങ്കിലും പെണ്‍കുട്ടിയെ കൈയ്ക്കുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുമായിരുന്നു. അയാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നെങ്കില്‍ തീവണ്ടി കയറാന്‍ വന്ന ഏതെങ്കിലും ഒരു സ്ത്രീയെ പീഡിപ്പിക്കുമായിരുന്നു. അതിനു മുമ്പേ പിടികൂടാനായത് ഈശ്വരാധീനം എന്നേ പറയാനുള്ളൂ.

ഗോവിന്ദച്ചാമിയെ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടും അയാളുടെ ശാരീരികവൈകല്യം അറിയാവുന്നതുകൊണ്ടും പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരത്തെ കണ്ണൂര്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അയാള്‍ തീവണ്ടിയില്‍ കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടേനെ. ഉദ്ദേശിച്ച ട്രെയിന്‍ വിട്ടുപോയില്ലായിരുന്നെങ്കില്‍ നേരം വെളുക്കുമ്പോള്‍ അവന്‍ കര്‍ണാടകത്തില്‍ എത്തിയേനെയെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

Tags:    

Similar News