ടാക്‌സി ഡ്രൈവറുമായി കൂലി തര്‍ക്കത്തിലേര്‍പ്പെട്ട് ഫ്രാന്‍സില്‍ ഹോളിഡേയ്ക്ക് പോയ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി; പ്രതികാരമായി ഫോറിന്‍ സെക്രട്ടറിയുടെ ലഗേജ് എടുത്ത് മുങ്ങിയ ഡ്രൈവര്‍ക്കെതിരെ മോഷണക്കേസ് ചുമത്തി ഫ്രഞ്ച് പോലീസ്

ടാക്‌സി ഡ്രൈവറുമായി കൂലി തര്‍ക്കത്തിലേര്‍പ്പെട്ട് ഫ്രാന്‍സില്‍ ഹോളിഡേയ്ക്ക് പോയ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

Update: 2025-05-15 00:44 GMT

പാരിസ്: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെയും പത്‌നി നിക്കോള ഗ്രീനിന്റെയും ഫ്രഞ്ച് സന്ദര്‍ശനം ഇപ്പോള്‍ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഒഴിവുകാലം ആഘോഷിക്കാന്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതാണ് ലാമിയും പത്നിയും. ഇറ്റലിയിലെ ഫോര്‍ലിയില്‍ നിന്നും ഫ്രാന്‍സിലെ ഹാട്ട് സവോയിയിലെ ഒരു റിസോര്‍ട്ടിലേക്കുള്ള 360 മൈല്‍ യാത്രയുടെ കൂലിയുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറുമായി തര്‍ക്കമുണ്ടായതാണ് ഇവരുടെ സന്ദര്‍ശനം വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ കാരണമായത്.

ഒരു നിശ്ചിത ദൂരം യാത്രയ്ക്ക് മാത്രമാണ് ബുക്കിംഗ് ഏജന്റിന് മുന്‍കൂര്‍ ആയി പണം നല്‍കിയതെന്ന് ടാക്സി ഡ്രൈവര്‍ പറഞ്ഞു. അതില്‍ ഉള്‍പ്പെടാത്ത യാത്രയ്ക്ക് തനിക്ക് 700 യൂറോ (590 പൗണ്ട്) ക്യാഷ് ആയി വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു.എന്നാല്‍, ഈ സ്വകാര്യ സന്ദര്‍ശനത്തിന് പോകുന്നതിനു മുന്‍പ് തന്നെ മുഴുവന്‍ തുകയും മുന്‍കൂറായി തന്നെ നല്‍കിയതാണെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. ലാമിയുടെ പത്‌നിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ടാക്സി ഡ്രൈവര്‍, അവരുടെ ലഗേജുമായി ഒരു പോലീസ് സ്റ്റേഷനിലെത്തി പരാതി റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇതനുസരിച്ച് ഒരു സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍, ഗ്രീനിന്റെ ബാഗ് തിരിച്ചു നല്‍കാനായി വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോള്‍, അത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. അവിടെ എത്തി ബാഗ് ഏറ്റുവാങ്ങിയ ഗ്രീന്‍ പറയുന്നത് തന്റെ ബാഗില്‍ നിന്നും വലിയ തുക കാണാതെ പോയിട്ടുണ്ട് എന്നാണ്. ഇതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ക്ക് മേല്‍ മോഷണക്കുറ്റം ചുമത്തിയതായി ബോണെവില്ലെ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് പോലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഡ്രൈവര്‍ക്ക് മേല്‍ മോഷണക്കുറ്റം ചാര്‍ത്തിയതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. നിക്കോള ഗ്രീനിന്റെയും നിക്കോള ലാമിയുടെയും ലഗേജ് മോഷ്ടിച്ചു എന്നതാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. തീര്‍ത്തും സ്വകാര്യ സന്ദര്‍ശനത്തിനായാണ് അവര്‍ പോയതെന്നതിനാല്‍, അതീവ പ്രാധാന്യമുള്ള ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെ അവരുടെ പക്കല്‍ ഇല്ലായിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News