ഫ്രഷ് കട്ട് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍; കൂടത്തായിയില്‍ പിടിയിലായത് അമ്പാടന്‍ അന്‍സാര്‍; ഡി.വൈ.എഫ്.ഐ. നേതാവ് മെഹ്റൂഫ് ഉള്‍പ്പെടെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍; സര്‍വകക്ഷിയോഗത്തില്‍ സമരസമിതി നേതാക്കളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം; സമരത്തിന് പിന്തുണയര്‍പ്പിച്ച് താമരശ്ശേരിയില്‍ ജനകീയസദസ്സും

ഫ്രഷ് കട്ട് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍

Update: 2025-10-29 14:46 GMT

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തില്‍ എസ്.ഡി.പി.ഐ. പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാര്‍ ആണ് കൂടത്തായിയിലെ വീട്ടില്‍ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.

ഈ സംഭവത്തില്‍ ഇതിനകം 351 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവ് മെഹ്റൂഫ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ആരും ഇതുവരെ പിടിയിലായിട്ടില്ല. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്.

അതിനിടെ, ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ആരംഭിച്ചു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് മുന്നോടിയായി ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എന്നാല്‍, യോഗത്തില്‍ സമരസമിതി നേതാക്കളെയും പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നില്ല. യോഗത്തിനെത്തിയ സമരസമിതി പ്രതിനിധികളെ പോലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ഇരകളെ പങ്കെടുപ്പിക്കാതെ നടത്തുന്ന സര്‍വ്വകക്ഷി യോഗം ഒരു പ്രഹസനമാണെന്ന് സമരസമിതി ആരോപിച്ചു.

ഫ്രഷ് കട്ട് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ ഇന്ന് താമരശ്ശേരിയില്‍ കടകള്‍ അടച്ചിട്ടിരുന്നു. രാവിലെ 9.30 മുതല്‍ 12 വരെയായിരുന്നു കടയടപ്പ്. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ വീട് വിട്ട് മാറി നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കാനും വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ഫാക്ടറിയുടെ അടുത്തുള്ള പ്രദേശങ്ങളിലെ കേസുകളില്‍ ഉള്‍പ്പെട്ട നിരവധിപേരാണ് അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നത്.

സമരത്തിന് പിന്തുണയര്‍പ്പിച്ച് താമരശ്ശേരിയില്‍ ജനകീയസദസ്സും നടന്നു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.എന്‍. കാരശ്ശേരി ജനകീയസദസ്സ് ഉദ്ഘാടനം ചെയ്തു. അക്രമം നടത്തിയ യഥാര്‍ത്ഥ ക്രിമിനലുകളെ പിടികൂടാതെ പ്രദേശത്ത് നരനായാട്ട് നടത്തുകയും ജനകീയ സമരത്തെ ചവിട്ടിമെതിക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം സമരക്കാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News