താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്‍കി; വിദേശത്ത് നിന്ന് നേപ്പാളിലെത്തി, റോഡ് മാര്‍ഗം ഇന്ത്യയില്‍; താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബുവിന് സഹായങ്ങളെല്ലാം ഒരുക്കി ലീഗ് നേതാക്കള്‍

താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്‍കി

Update: 2025-11-23 09:46 GMT

കോഴിക്കോട്: ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബു ഗസറ്റഡ് ഓഫീസര്‍ക്ക് മുമ്പില്‍ ഹാജരായി. കോഴിക്കോട് വെച്ചാണ് ഗസറ്റഡ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായത്. ലീഗ് നേതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനായി ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വാങ്ങാന്‍ ആണ് കുടുക്കില്‍ ബാബു കോഴിക്കോട് എത്തിയത്. മുസ്ലിം ലീഗ് താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവിലെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ഹാഫിസ് റഹ്‌മാനാണ് ഇതിനായി സഹായങ്ങള്‍ ഒരുക്കിയത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാല്‍ അന്താരാഷ്ട്ര യാത്രക്കാരെ മാത്രമേ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ആഭ്യന്തര യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ പരിശോധന ഇല്ലാത്തതിനാല്‍ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ നേപ്പാളില്‍ എത്തി അവിടെ നിന്നും കരമാര്‍ഗം ഇന്ത്യയില്‍ വന്ന് ആഭ്യന്തര വിമാനത്തില്‍ കോഴിക്കോട് എത്തിയതാവാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കുടുക്കില്‍ ബാബു സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും കുടുക്കില്‍ ബാബുവിനെ പിടിക്കണമെന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്ന് നേപ്പാളില്‍ വിമാനമിറങ്ങിയ ബാബു റോഡ് മാര്‍ഗം ഇന്ത്യയിലെത്തുകയായിരുന്നു. പിന്നീട് ആഭ്യന്തര ഫ്ളൈറ്റ് വഴി കോഴിക്കോടേക്കുമെത്തി. ആഭ്യന്തര ഫ്ളൈറ്റ് വഴി വരുമ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ബാധകമല്ലാത്തതിനാല്‍ കുടുക്കില്‍ ബാബു രക്ഷപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 21നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

Tags:    

Similar News