സിഐഎസ്എഫ് ഉദ്യോഗസ്ഥരുടേത് കരുതിക്കൂട്ടിയുള്ള ക്രൂരത; ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്; പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് പ്രതികളുടെ മൊഴി; ഐവിന്‍ ജോയ്ക്ക് നാടിന്റെ യാത്രാമൊഴി; കണ്ണീരോടെ വിട നല്‍കി ഉറ്റവരും നാട്ടുകാരും
സിഐഎസ്എഫ് ഉദ്യോഗസ്ഥരുടേത് കരുതിക്കൂട്ടിയുള്ള ക്രൂരത
കൊച്ചി: എറണാകുളം നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിന്‍ ജോയ്ക്ക് ജന്മനാടിന്റെ യാത്രാമൊഴി. തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി വീട്ടില്‍ നൂറുകണക്കിനാളുകളാണ് ഐവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പ്രിയപ്പെട്ടവരുടെയെല്ലാം മനസില്‍ തീരാ ദുഖം ബാക്കിയാക്കിയാണ് ഐവിന്‍ മടങ്ങിയത്. മാതാപിതാക്കളുടെയും സഹോദരിയുടെയും സങ്കടം തുറവൂര്‍ ഗ്രാമത്തിന്റെയാകെ നൊമ്പരമായി. പൊതുദര്‍ശനം നടന്ന തുറവൂരിലെ വീട്ടിലും പിന്നീട് പള്ളിയിലും നൂറു കണക്കിനാളുകള്‍ ഐവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
അതേസമയം ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐവിന്റെ മരണ കാരണം തലക്കേറ്റ പരുക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് തലക്കേറ്റ പരിക്കും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതുമാണ് മരണ കാരണമെന്നാണ്. നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഐവിനെ കാറിടിപ്പിച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയ് കുമാര്‍ ദാസിനെയും മോഹന്‍ കുമാറിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 29 ആം തീയതിവരെയാണ് റിമാന്‍ഡു ചെയ്തത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന മൊഴിയാണ് ഇരുവരും പൊലീസിന് നല്‍കിയത്. വാഹനം തട്ടിയതിന് പിന്നാലെ ഐവിന്‍ ജിജോയെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നുമാണ് പ്രതികളുടെ മൊഴിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി. ഐവിന്റെ കാറില്‍ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘര്‍ഷവും. അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളെ ഇറക്കുമ്പോള്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. നെടുമ്പാശേരിയിലെ സി ഐ എസ് എഫ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിനിടെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ ഉണ്ടായിരുന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് വാഹന ഓടിച്ച വിനയ് കുമാറിന് പുറമേ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയത്.
അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയില്‍ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിന്‍ രാത്രി വീട്ടില്‍ നിന്ന് കാറില്‍ ജോലിക്ക് ഇറങ്ങിയതായിരുന്നു. തോമ്പ്ര റോഡിലെ ഇടവഴിയില്‍ എതിരെ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം ഐവിന്റെ കാറില്‍ ഉരസി. വണ്ടി നിര്‍ത്തി ഐവിന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
കാറ് മുന്നോട്ട് എടുക്കാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ വേണ്ട പൊലീസ് വരട്ടെ എന്ന് പറഞ്ഞ് ഐവിന്‍ കാറിന് മുന്നില്‍ ഇരുന്നു. ഫോണില്‍ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. ഇതോടെ കാര്‍ പെട്ടന്ന് മുന്നോട്ട് എടുത്ത ഉദ്യോഗസ്ഥര്‍ ബോണറ്റില്‍ തൂങ്ങി കിടന്ന ഐവിനെ ഇട റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. നായിത്തോട് കപ്പേള റോഡില്‍ കാര്‍ ബ്രേക്ക് ഇട്ടതോടെ തെറിച്ച് വീണ ഐവിന്റെ ദേഹത്തുകൂടെ കാര്‍ കയറ്റി ഇറക്കി. 20 മീറ്ററോളം ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയി. സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.