മതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തിയില്ല; യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കും; പാരഡിയില്‍ കേസെടുക്കേണ്ടി കാര്യമെന്തെന്ന് തനിക്കറിയില്ല; അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയത്; പോറ്റിയെ കേറ്റിയേ ഗാനത്തിന്റെ രചയിതാവിന് പറയാനുള്ളത്

മതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തിയില്ല

Update: 2025-12-18 01:17 GMT

കൊച്ചി: പോറ്റിയെ കേറ്റിയേ പാരഡിയില്‍ കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് തനിക്കറിയില്ലെന്ന് ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള. മതവികാരമൊന്നും താന്‍ വ്രണപ്പെടുത്തിയിട്ടില്ലെന്നും അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പാരഡി മൂലം യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും ജി പി കുഞ്ഞബ്ദുളള പ്രതികിരച്ചു.

'കേസെടുത്തു എന്ന വാര്‍ത്ത കേട്ട് പേടിയൊന്നുമില്ല. എന്തിനാണ് പേടിക്കുന്നത്. കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് എനിക്കറിയില്ല. മതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തുന്നില്ല. മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്. അയ്യപ്പാ എന്ന് വിളിച്ച് സ്വര്‍ണം കട്ടുപോയതില്‍ പരാതി പറയുന്നതായാണ് ഞാന്‍ എഴുതിയത്. അയ്യപ്പനോട് വിശ്വാസികള്‍ പറയുന്നതാണ്. അത്രയേയുളളു. യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്. ഒരു മതവികാരവും വ്രണപ്പെടുത്താന്‍ പാടില്ലല്ലോയെന്നും അദ്ദേഹം പറയുന്നു

താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിന്റെ സംഘടനയുമായി ബന്ധമുണ്ടെന്നും ജി പി കുഞ്ഞബ്ദുളള വ്യക്തമാക്കി. കോണ്‍ഗ്രസ് പറയേണ്ട രാഷ്ട്രീയമാണ് പറഞ്ഞതെന്നും താന്‍ നേരത്തെയും ഒരുപാട് പാട്ടുകളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായി മാറിയെന്ന് വിലയിരുത്തിയ 'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിന്റെ അണിയറ ശില്‍പ്പികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിങ്ങനെ നാലുപേരെ പ്രതിചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രസാദിന്റെ പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

നവമാധ്യമങ്ങള്‍ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിര്‍മിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തര്‍ക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടര്‍ന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പാട്ട് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചിരുന്നു.

'പാരഡി പാട്ടുകള്‍ക്ക് സി.പി.എം എതിരല്ല. എന്നാല്‍, മതചിഹ്ന ഉപയോഗിച്ചത് നിയമവിരുദ്ധമാണ്. ഹൈന്ദവസംഘടനകള്‍ തന്നെ അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.' -അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പരാതി നല്‍കിയ തിരുവാഭരണ പാത സംരക്ഷണ സമിതിയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന ആക്ഷേപം രാജു എബ്രഹാം തള്ളി.

സി.പി.എം ജില്ല കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തശേഷം കമീഷനെ സമീപിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ് സൂചന. വിഷയം വിവാദമായതോടെ കൂടുതല്‍പേര്‍ പാട്ട് കാണാന്‍ ഇടയായെന്ന ആക്ഷേപവും പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ട്.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് പാട്ട് ചര്‍ച്ചകളില്‍ നിറയുന്നത്.

Tags:    

Similar News