ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്; ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല; ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍

Update: 2025-01-02 07:03 GMT

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരന്‍ നായര്‍ പെരുന്നയിലെ മന്നം ജയന്തി ആഘോഷ വേദിയില്‍ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇട്ട് പോകണമെങ്കില്‍ പൊയ്‌ക്കോട്ടെ. കാലാകാലങ്ങളില്‍ നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാന്‍ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കരം നടത്തിയിട്ടുണ്ട്.

നിങ്ങള്‍ തീരുമാനിച്ച് നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഉടുപ്പിട്ട് പോകാന്‍ കഴിയുന്നത് അങ്ങനെ പോകണം. അല്ലാത്തെ അത് നിര്‍ബന്ധിക്കരുതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത് അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉടുപ്പ് അഴിച്ചുകൊണ്ടേ ക്ഷേത്രങ്ങളില്‍ കയറാവൂ എന്ന നിര്‍ബന്ധബുദ്ധി തിരുത്തിയേ മതിയാവൂ എന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ആദ്യം അഭിപ്രായപ്പെട്ടത്. ഈ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണക്കുകയാണ് ചെയ്തത്. ഉടുപ്പ് അഴിക്കണമെന്ന നിര്‍ബന്ധം ചില ശ്രീനാരായണീയ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് തിരുത്തിയേ മതിയാവൂ. കാരണം ഗുരുദേവന്‍ ക്ഷേത്രസംസ്‌കാരത്തെ പരിഷ്‌കരിച്ചയാളാണ്. പണ്ട് സവര്‍ണര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. അവരില്‍ പൂണുലുള്ളവരെ തിരിച്ചറിയാനാണ് ഉടുപ്പ് അഴിക്കുന്ന സമ്പ്രദായം കൊണ്ടുവന്നത്.

'ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്ക് ഇന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാകാം 'എന്ന് മഹാകവി കുമാരനാശാന്‍ എഴുതിയപോലെ , ഈ അന്ധവിശ്വാസം ശ്രീനാരായണ സമൂഹത്തിലുള്ളവരും മുറുകെ പിടിക്കുന്നു. അവരില്‍ ശ്രീനാരായണ പാരമ്പര്യം പിന്തുടരുന്ന ചില വൈദികരുമുണ്ട്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ഇക്കാര്യത്തില്‍ തുറന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അത് മനസിലാക്കി ശ്രീനാരായണ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.ഗുരുദേവന്‍ എടുത്തുകളഞ്ഞ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ വന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവരികയായിരുന്നു. ക്ഷേത്രങ്ങളില്‍ ഉടുപ്പ് അഴിക്കണമെന്ന സമ്പ്രദായം തിരുത്തിയേ മതിയാവൂ എന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര്‍ദ്ദേശം വലിയ സാമൂഹിക ഇടപെടല്‍ എന്ന് പ്രശംസിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷ പ്രസംഗത്തിന് പിന്നാലെ ഉദ്ഘാടന പ്രസംഗത്തിന്റെ ആമുഖമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശമാണ് സ്വാമി സച്ചിദാനന്ദയില്‍ നിന്നുണ്ടായത്.

ഗുരുവിന്റെ സദ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് സമൂഹത്തിന് മുന്നില്‍ ഈ നിര്‍ദ്ദേശം സ്വാമി സച്ചിദാനന്ദ വച്ചിരിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാന്‍ സാദ്ധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങളും ആ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News