കണ്ടെത്തിയത് കോളിഫോം ബാക്ടീരിയകൾ തന്നെ; ശരീരത്തിൽ നേരിട്ട് കയറിയാൽ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ഒന്നിറങ്ങി കുളിക്കാൻ പോലും പറ്റാത്ത അവസ്ഥ; കുടിച്ചാൽ വയറിളകും; കുംഭമേളയ്ക്ക് പിന്നാലെ ഗംഗാ നദിയിൽ സംഭവിക്കുന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിഹാർ

Update: 2025-03-02 15:35 GMT

ഡല്‍ഹി: മഹാകുംഭമേളക്കിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് വലിയ വിവാദം ഉയർത്തിയിരുന്നു. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. കുംഭമേളയോടനുബന്ധിച്ച് ഇവിടെ ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയത്. നിരവധി സിനിമ താരങ്ങൾ ഉൾപ്പടെ നദിയിൽ മുങ്ങി കുളിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിന്നു.

ഇപ്പോഴിതാ, ഉയർന്ന അളവിൽ ബാക്ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നത്.

ഗംഗയിലെ ജലത്തിൽ കോളിഫോം അടക്കമുള്ള ബാക്ടീരിയ സാന്നിധ്യം ഉയർന്നതാണ്. ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള നഗരങ്ങളിൽ നിന്നുള്ള മലിനജലം/ഗാർഹിക മാലിന്യ ജലം പുറന്തള്ളുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ, പിഎച്ച് മൂല്യം, ഓക്സിജൻ, ബയോ-കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി) എന്നിവ ബിഹാറിലെ നദിയിലും അതിന്റെ പോഷകനദികളിലും നിശ്ചിത പരിധിക്കുള്ളിലാണെന്നും ജലജീവികൾക്കും വന്യജീവി വ്യാപനത്തിനും മത്സ്യബന്ധനത്തിനും ജലസേചനത്തിനും അനുയോജ്യമാണെന്നും ബിഎസ്പിസിബി ചെയർമാൻ ഡി കെ ശുക്ല പിടിഐ യോട് വ്യക്തമാക്കി.

മനുഷ്യ-മൃ​ഗ മലമൂത്ര വിസർജ്ജന കോളിഫോം ബാക്ടീരിയകൾ കാണപ്പെടുന്നു. ഇത് ജലത്തെ മലിനമാക്കുന്നു. അളവ് കൂടുന്തോറും വെള്ളത്തിൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കൂടും. സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച് കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലിയിൽ 2,500 എംപിഎൻ ആണ്. ബക്സർ, ചപ്ര (സരൺ), ദിഗ്വാര, സോണെപൂർ, മാനേർ, ദാനാപൂർ, പട്ന, ഫാതുഹ, ഭക്തിയാർപൂർ, ബർഹ്, മൊകാമ, ബെഗുസാരായ്, ഖഗരിയ, ലഖിസാരായ്, മണിഹരി, മുൻഗർ, ജമാൽപൂർ, സുൽത്താൻഗഞ്ച്, ഭഗൽപൂർ, കഹൽഗാവ് എന്നിവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങളിലെ ജലത്തിന്റെ ​ഗുണനിലവാരവും മോശമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് വിമര്‍ശിച്ചു. എന്ത് നടപടിയെടുത്തു എന്ന് വിശദമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ നേരത്തേയുള്ള നിര്‍ദ്ദേശം യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിച്ചില്ലെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. ചില ജലപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കവറിങ് ലെറ്റര്‍ മാത്രമാണ് ബോര്‍ഡ് സമര്‍പ്പിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.

ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയര്‍ന്നതാണെന്നാണ് യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റുകള്‍ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്. ഗംഗാനദിയുടെ പ്രയാഗ്‌രാജിലെ ജലത്തിന്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള, യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയോട് ബുധനാഴ്ച വെര്‍ച്വലായി ഹാജരാകാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News