ക്യാമറയെ വെട്ടിച്ച് കുതിക്കുന്ന 'ഫ്രീക്ക'ന്മാർ ഇനി കുടുങ്ങും; വേഗത നിരീക്ഷിച്ച് പണി തരും; ലൈസൻസ് റദ്ദായാൽ പിന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല; വായുവിൽ പായുന്നവരെ പൂട്ടാൻ ഉപയോഗിക്കുന്നത് ഈ 'മെത്തേഡ്'; 'ബ്ലാക്ക് പഞ്ചിംഗ്' നടപ്പാക്കുന്നതിലും ആലോചന; ഗതാഗതമന്ത്രി റോഡിൽ വീണ്ടും വടിയെടുക്കുമോ?
തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്ത് ദിനംപ്രതി റോഡ് അപകടങ്ങൾ വർധിച്ചുവരുകയാണ്. യുവാക്കളാണ് കൂടുതലും റോഡ് അപകടങ്ങളിൽ മരിക്കുന്നത്. അശ്രദ്ധമായ റൈഡിങ്ങും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോൾ ഒരു ദിവസം വാർത്തകളിലൂടെ കടന്നുപോകുമ്പോൾ കുടുതലും റോഡ് അപകടങ്ങളാണ് കാണുന്നത്. ഇതിനെല്ലാം വേഗപൂട്ട് ഇടാൻ അധികാരികൾ ദിനംപ്രതി പല രീതികളാണ് സ്വീകരിക്കുന്നത്.
നിരീക്ഷണം ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് നിരത്തുകളിൽ ക്യാമെറകൾ സ്ഥാപിച്ചിട്ട് പോലും അപകടങ്ങൾക്ക് ഒരു കുറവും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഇനി മുതൽ റോഡിൽ വേഗക്കാരെ പൂട്ടാൻ പുതിയൊരു മെത്തേഡ് ഉപയോഗിക്കുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ഗതാഗതവകുപ്പ്മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ സിസ്റ്റം നിലവിൽ വന്നാൽ ആഡംബര ബൈക്കുകളിൽ മറ്റുള്ളവരെ ജീവനും കൂടി ഭീഷണിയായി കുതിക്കുന്ന പല യൂത്തുകളും ഇനി കുടുങ്ങുമെന്നതിൽ യാതൊരു തർക്കവും വേണ്ട.
ക്യാമറയെ വെട്ടിച്ച് കുതിച്ചുപായുന്ന ഫ്രീക്കന്മാരയ അമിതവേഗക്കാരെ പൂട്ടാൻ 'ജിയോ ഫെൻസിംഗ്' നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. വാഹനങ്ങളിൽ പ്രത്യേക ബാർകോഡ് പതിപ്പിക്കും.
ഈ വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജിയോ ഫെൻസിംഗ് കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ചാണ് വേഗത കണക്കാക്കുന്നത്. അമിത വേഗതക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. 'കെ എൽ ഐ ബി എഫ്' ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
നിയമലംഘനങ്ങളിൽ ഓരോന്നിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണത്തിൽ കൂടുതലാകുമ്പോൾ ലൈസൻസ് സ്വയമേവ റദ്ദാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈസൻസ് റദ്ദായാൽ അത് തിരികെ ലഭിക്കാനുള്ള നടപടികൾ പിന്നീട് അത്ര എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ, റോഡുവക്കിലെ പാർക്കിംഗ് എന്നിവ കർശനമായി തടയുമെന്നും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചുകാെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങൾ കൂടിവരികയാണ്. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധക്കുറവുമാണ് കൂടുതൽ അപടങ്ങൾക്കും ഇടയാകുന്നത്.
ഇതിനൊപ്പം ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളിലും എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറകളുടെ കണ്ണിൽ പൊടിയിട്ടാണ് യുവാക്കളുൾപ്പെടെ റോഡിൽ ചീറിപായുന്നത്. ഗതാഗതവകുപ്പ്മന്ത്രി പറഞ്ഞ ഇക്കാര്യങ്ങൾ നടപ്പിലായാൽ കുറച്ചെങ്കിലും റോഡ് അപകടങ്ങൾ കുറയ്ക്കാൻ പറ്റുമെന്നാണ് പ്രതിക്ഷീക്കുന്നത്.