'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും; സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവഹേളിക്കുന്നു; അജ്മല്‍ ഡ്രൈവറായി വന്നയാളാണ്, മറ്റൊരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല; ഞാനും മക്കളും നിര്‍ജീവമാകുന്നു': കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോ

കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോ

Update: 2025-11-19 11:36 GMT

തൃശ്ശൂര്‍: പ്രമുഖ ഇന്‍ഫ്‌ലുവന്‍സറും ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് സഹ സ്ഥാപകയുമായ ജിജി മാരിയോ തനിക്കെതിരെ കല്ലെറിയുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. തന്നെ ക്രൂശിക്കാനായി മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റുമുള്ളതെന്നും, ഇതിനിടെയില്‍ താനും തന്റെ പെണ്‍മക്കളും നിര്‍ജീവമായിക്കൊണ്ടിരിക്കുകയാണെന്നും ജിജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ കെട്ടകാലത്തും ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റിനെ സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാതിവഴിയില്‍ നിലച്ച പ്രവര്‍ത്തനങ്ങള്‍

ട്രസ്റ്റ് തുടങ്ങിവച്ച പല കാര്യങ്ങളും പാതിവഴിയില്‍ തടസ്സപ്പെട്ടു നില്‍ക്കുകയാണ്. മുപ്പതോളം വീടുകള്‍ ഭാഗികമായി പണിത് നിര്‍ത്തിവച്ചിരിക്കുകയാണ്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ ചൂണ്ടിക്കാണിച്ചതാണ് തന്റേയും മക്കളുടേയും ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും ജിജി മാരിയോ ആരോപിക്കുന്നു.

സമാന്തര സ്ഥാപനം, ഫണ്ട് നിലച്ചു

ജിജി മാരിയോയുടെ പോസ്റ്റിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്: പ്രധാനമായും 8 പേരടങ്ങുന്ന ചിലര്‍ ചേര്‍ന്ന് സമാന്തരമായി ഫിലോകാലിയ ഫൗണ്ടേഷന്‍ എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു. കമ്പനി സെക്ഷന്‍ ആക്ട് 8 പ്രകാരം താന്‍ അറിയാതെയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. തുടക്കകാലത്ത് രഹസ്യമായി വെച്ച ശേഷം പിന്നീട് ഇത് പരസ്യമാക്കി.

ജനങ്ങളെ കബളിപ്പിച്ച് പുതിയ അക്കൗണ്ടിലേക്ക് ഫണ്ട് വരുത്താന്‍ തുടങ്ങിയതോടെ ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് ഫണ്ട് വരാതാവുകയും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിക്കുകയും ചെയ്തു.

ട്രസ്റ്റിന്റെ നേട്ടങ്ങള്‍

ട്രസ്റ്റ് ആരംഭിച്ച് നാലു വര്‍ഷത്തിനിടെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ജിജി മാരിയോ പോസ്റ്റില്‍ പറയുന്നു: 200-ഓളം വീടുകള്‍ ട്രസ്റ്റിന്റെ കീഴില്‍ പണിതു നല്‍കി.അനേകായിരങ്ങള്‍ക്ക് മരുന്നായിട്ടും, സാമ്പത്തിക സഹായമായിട്ടും, വിദ്യാഭ്യാസ സഹായമായിട്ടും, ചികിത്സാ സഹായമായിട്ടും നല്‍കാന്‍ സാധിച്ചു. തങ്ങളോ കുടുംബക്കാരോ ഇതില്‍ നിന്നും ഒന്നും സമ്പാദിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു.

അജ്മലുമായി ബന്ധപ്പെട്ട വിശദീകരണം

പോസ്റ്റില്‍, വിവാദങ്ങളില്‍ ഉള്‍പ്പെട്ട അജ്മലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജിജി മാരിയോ വ്യക്തത വരുത്തുന്നുണ്ട്. അജ്മല്‍ ഡ്രൈവറായി വന്നയാളാണെന്നും അതിനപ്പുറം ഒരു സ്വാതന്ത്ര്യവും അയാള്‍ക്ക് നല്‍കിയിട്ടില്ലെന്നും ജിജി കുറിപ്പില്‍ പറയുന്നു.

ജിജി മാരിയോയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും.

.മനുഷ്യര്‍ ഇത്രയ്ക്കും അധഃപതിച്ചു പോകുമോ എന്ന ചോദ്യത്തിന് നേരിട്ട് ദൃക്‌സാക്ഷിയായി കൊണ്ടിരിക്കുന്ന ദിവസങ്ങള്‍... മറ്റുള്ളവരുടെ വേദനകള്‍ എടുത്ത് റീച്ച് കൂട്ടാനും കൂടുതല്‍ Content create ചെയ്യാനുമായുള്ള കടിപിടികള്‍, ഓട്ടപാച്ചിലുകള്‍...

അതിനിടയില്‍ പിടഞ്ഞു വീഴുന്നത് ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും ജീവനുകള്‍... ഇതെല്ലാം കണ്ട് ആര്‍ത്തട്ടഹസിക്കുന്ന മനുഷ്യത്വം നഷ്ട്ടപെട്ടവര്‍... ഇതിന്റെ ഒക്കെയിടയിലും എന്റെ ലക്ഷ്യം Philokalia Charitable Trust സംരക്ഷിക്കുക എന്റെ മക്കളുടെ ഭാവി ഉറപ്പാക്കുക എന്നതാണ്...

ഒരു വര്‍ഷമായി Philokalia Charitable Trust ന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങികിടക്കുകയാണ്.. ഏകദേശം മുപ്പതോളം വീടുകളുടെ പണികള്‍ ആണ് പാതി വഴിയില്‍ മുടങ്ങി കിടക്കുന്നത്.. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയും Trust ന്റെ പ്രവര്‍ത്തനങ്ങള്‍ Safe ആക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം..

അതിന് തടസം നിന്നവര്‍ക്കെതിരെ ചില ക്രമക്കേടുകള്‍ ചൂണ്ടി കാണിക്കുകയും എതിര്‍ക്കുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ഞാനും മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്...പ്രധാനമായും 8 പേര്‍ അടങ്ങുന്ന ചിലര്‍ ചേര്‍ന്ന് Parallel ആയി Company section act -8 പ്രകാരം ഞാന്‍ അറിയാതെ Philokalia Foundation എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു.. എന്നെ അറിയിക്കാതെ തുടക്കകാലത്ത് രഹസ്യമായി വയ്ക്കുകയും ചെയ്തു.. പിന്നീടവര്‍ അത് പരസ്യമാക്കുകയും ജനങ്ങളെ കബളിപ്പിച്ച് ആ അക്കൗണ്ടിലേക്ക് Fund വരുത്താനും തുടങ്ങി.. സ്വാഭാവികമായും Philokalia Charitable Trust ലേക്ക് Fund വരാതാകുകയും Philokalia Charitable Trust ന്റെ പ്രവര്‍ത്തനങ്ങള്‍ മരവിക്കുകയും ചെയ്യുന്നു.

30-01-2019 ലാണ് Philokalia Charitable trust രൂപം കൊള്ളുന്നത്. 2021 നാണ് philokalia Charitable trust ന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്..ഇക്കാലയാളവില്‍ തന്നെ 200 ഓളം വീടുകള്‍ പണിതു നല്കാനും അനേകായിരങ്ങള്‍ക്ക് മരുന്നായിട്ടും സാമ്പത്തിക സഹായമായിട്ടും വിദ്യാഭ്യാസസഹായമായിട്ടും ചികിത്സാസഹായമായിട്ടും നല്‍കിയിട്ടുണ്ട്... ഇത് കുടുംബക്കാരുടെ ട്രസ്റ്റ് അല്ല. എന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് 70 വയസ്സായ എന്റെ പിതാവിനെ ട്രസ്റ്റിന്റെ member ആക്കിയത്... എന്റെ അനുജന്‍ ഗള്‍ഫില്‍ ആണ്. അനുജത്തിയും ഭര്‍ത്താവും ഗള്‍ഫില്‍ ആണ്. മറ്റൊരു അനുജത്തിയും ഭര്‍ത്താവും മഹാരാഷ്ട്രയില്‍ school നടത്തുന്നു..

കുടുംബക്കാര്‍ ആരും Philokalia Charitable Trust മായിട്ട് യാതൊരു തരത്തിലുമുള്ള ബന്ധം പുലര്‍ത്താറില്ല.. ഇടപെടാറുമില്ല... . കുവൈറ്റില്‍ ജോലി ചെയ്യുന്ന എന്റെ അനുജന്‍ രണ്ട് ലക്ഷം രൂപയോളം മാസവരുമാനമുള്ളതാണ്. 20വര്‍ഷം പഴക്കമുള്ള പഴയൊരു വീട് 30 ലക്ഷം രൂപയ്ക്ക് എന്റെ അനുജന്‍ മേടിച്ചതാണ്. അതിനുള്ള എല്ലാവിധ തെളിവുകളും താമസിയാതെ കൊണ്ടു വരുന്നതാണ്.

ആരോപിക്കുന്നതൊക്കെയും അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങള്‍ ആണ്.. എനിക്ക് സ്വന്തമായി ഒന്നുമില്ല.. Philokalia എന്ന പ്രസ്ഥാനം ആരംഭിച്ചിട്ട് ഏകദേശം നാല് വര്‍ഷത്തോളം ആകുന്നതേയുള്ളൂ..പ്രസ്ഥാനം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ക്ക് വീടും കാറും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും ഒക്കെ കഴിഞ്ഞിട്ടുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല് സെന്റിനുള്ളില്‍ പണിത വീട്ടിലാണ് ഞാനും മക്കളും താമസിക്കുന്നത്...എന്റെ കാറിന്റെ loan rs 25000 വച്ച് മാസം തോറും ഞാന്‍ അടച്ചു കൊണ്ടിരിക്കുന്നു.

അജ്മല്‍ എന്ന വ്യക്തി 2017 ല്‍ driver ആയി വന്നയാള്‍ ആണ്.. ആ ഒരു വര്‍ഷം മാത്രമാണ് Driver ആയി ജോലിക്ക് നിന്നത്. ഡ്രൈവര്‍ എന്നതില്‍ കവിഞ്ഞു യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും ഞാന്‍ അജ്മലിന് നല്‍കിയിരുന്നില്ല...

Ajmal എന്ന് പറയുന്ന വ്യക്തി Philokalia Charitable Trust ന്റെ Staff ആയി പ്രവര്‍ത്തിച്ചിട്ടുമില്ല. സ്വന്തം ഭാഗം ജയിക്കാന്‍ വേണ്ടിയും സ്വന്തം ക്രമക്കെടുകളും തെറ്റുകളും മറയ്ക്കാന്‍ വേണ്ടിയും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു മനുഷ്യരെ പറ്റിക്കാന്‍ എങ്ങനെ അവര്‍ക്ക് കഴിയുന്നു എന്നോര്‍ത്ത് ഞാനും മക്കളും അതിശയിക്കുന്നു...

ഒരു സ്ത്രീയെ ഇല്ലാതാക്കാനും അവള്‍ക്ക് സമൂഹത്തില്‍ ഉള്ള വില നഷ്ട്ട പെടുത്താനും പുരുഷന്‍ ചെയ്യുന്ന ഏറ്റവും വലിയ ആയുധമാണ് അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ സമൂഹത്തില്‍ അവഹേളിക്കുക എന്നുള്ളത്... അക്കാര്യത്തില്‍ ഒരു പരിധി വരെ അവര്‍ ജയിച്ചു കഴിഞ്ഞുവെങ്കിലും ഇപ്പോഴും എന്നില്‍ പ്രതീക്ഷയുണ്ട്. കാരണം സത്യം എന്നില്‍ നിന്ന് വിദൂരത്തില്‍ അല്ല എന്റെ കൂടെത്തന്നെയാണ് ഉള്ളത് എന്നതാണ് എന്റെ ബലം.ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. എല്ലാവര്‍ക്കും വാരിക്കോരി കൊടുത്തു... അക്കാര്യത്തില്‍ ഞാന്‍ മക്കളെ പോലും മറന്ന് പോയി. അവര്‍ക്ക് വേണ്ടി ഒന്നും ഞാന്‍ സമ്പാദിച്ചു വച്ചിട്ടില്ല..എന്നിട്ടും കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി ആക്രോശിക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര മാത്രമാണ് ഒഴുകുന്നത്...

ആരെയും ഇടിച്ചു താഴ്ത്താനോ അപമാനിക്കാനോ, കുറ്റവാളിയാക്കാനോ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് പല Media ക്കാര്‍ വിളിച്ചിട്ട് പോലും ഞാന്‍ മറുപടി പറയാതിരുന്നത്... ഇപ്പോള്‍ എല്ലാം കൈവിട്ടു പോയി... അവര്‍ തൊടുത്ത് വിടുന്ന ഓരോ കൂരമ്പുകളും താങ്ങാന്‍ കഴിയാതെ ഞാനും മക്കളും നിര്‍ജീവമായ്‌കൊണ്ടിരിക്കുന്നു...

താമസിയാതെ ഞാന്‍ വരും, സത്യത്തിന്റെ മുഖവുമായി...

' ധൈര്യം ഒരിക്കലും കോലാഹലങ്ങള്‍ ഉണ്ടാക്കുന്നില്ല. തളരരുത്, വീണ്ടും ശ്രമിക്കൂ എന്ന് മന്ത്രിച്ചു കൊണ്ടിരിക്കും '


Full View


Full View


Tags:    

Similar News