അവര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു; അതിനുള്ള അധികാരം അവര്‍ക്കുണ്ട്; താന്‍ മറുപടിയും നല്‍കി; അത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗോകുലം ഗോപാലന്‍; കൊച്ചിയിലെ ചോദ്യം ചെയ്യല്‍ എമ്പുരാനുമായി ബന്ധപ്പെട്ട്; ലൈക്കാ പ്രൊഡക്ഷനുമായുള്ള ധാരണയുടെ വിവരവും തേടി; ഗോകുലത്തിലൂടെ ഇഡി ലക്ഷ്യം സുബാസ്‌കരന്‍?

Update: 2025-04-07 14:31 GMT

കൊച്ചി: ഗോകുലം ഗോപാലനെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി വിട്ടയച്ചതോടെ അറസ്റ്റ് ഭീതി അവസാനിച്ചു. കൊച്ചി ഇഡി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അവര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതിനുള്ള അധികാരം അവര്‍ക്കുണ്ട്. താന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലന്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യംചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എമ്പുരാനുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇഡി ചോദിച്ചതായാണ് സൂചന. ലൈക്ക പ്രൊഡക്ഷനില്‍ നിന്നും നിര്‍മ്മാണ ഉത്തരവാദിത്തം ഏറ്റെടുത്തതും പണമിടപാടുകളും തിരക്കിയെന്നാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസില്‍ ഇ.ഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലും അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡില്‍ ഒന്നരക്കോടിയുടെ കറന്‍സി പിടിച്ചെടുത്തെുന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് അദ്ദേഹം തള്ളി. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് മുമ്പ് പ്രതികരിച്ചിരുന്നു. സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മറ്റു ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്‍ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. ഈ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്. നേരത്തെ നടന്ന റെയ്ഡില്‍ അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടലംഘനവും ഒന്നരക്കോടിയോളം കണക്കില്‍പ്പെടാത്ത തുകയും കണ്ടെത്തിയതിനെ ചുറ്റിപ്പറ്റിയായിരുന്നു ഇഡിയുടെ ചോദ്യങ്ങളേറെയെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടത്തിയ പ്രാഥമിക മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍. ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇഡിതന്നെ സമൂഹമാധ്യമപേജിലും വാര്‍ത്താക്കുറിപ്പിലും വിശദീകരിച്ചിരുന്നു.

ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളില്‍ ഇപ്പോഴും ഇഡിയുടെ പരിശോധന തുടരുകയാണ്. ഗോകുലം ഗോപാലന്റെ ചെന്നെയിലും കോഴിക്കോട്ടുമുള്ള വീടുകളിലും ഓഫീസുകളിലുമായി അഞ്ചിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി.

ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തതിന് കാരണം എമ്പുരാനാണെന്ന് നേരത്തെ ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഓര്‍ഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ബ്രിട്ടീഷ് പൗരനും ശ്രീലങ്കയില്‍ ജനിച്ചതുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാന്‍ നിര്‍മ്മിച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയുമായും വിദേശത്തുള്ള എല്‍ടിടിഇയുമായും ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിനെ ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ട്. പിന്നീട് ലൈക്ക എമ്പുരാനില്‍ നിന്ന് പിന്മാറി, ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. ചിത്രത്തിന്റെ ധനസഹായത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുവെന്നാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത.

ഗോകുലം ഗോപാലന് ലൈക്ക പ്രൊഡക്ഷന്‍സുമായും സുബാസ്‌കരന്‍ അല്ലിരാജയുമായും ഉള്ള സാമ്പത്തിക ബന്ധങ്ങള്‍ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീര്‍പ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടില്‍ നിന്നുള്ള രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക പ്രൊഡക്ഷന്‍സിനും തമിഴ്‌നാട്ടില്‍ ജിഎസ്ടി രജിസ്ട്രേഷനുണ്ട്, അന്വേഷണം പുരോഗമിക്കുമ്പോള്‍, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഓര്‍ഗനൈസര്‍ പറഞ്ഞിരുന്നു.

Tags:    

Similar News