തേജസ്സോടു കൂടി ധ്യാനത്തിലിരുന്ന് സമാധിയായ അച്ഛന്‍; ആ സമാധി വികൃത രൂപമാക്കിയെന്ന് മകന്‍; ഇനി രാജാവിനെ പോലെ സന്ന്യാസിമാരെ സാക്ഷിയാക്കി സമാധിയിരുത്തുമെന്ന് മക്കള്‍; ശ്വാസകോശത്തില്‍ ഭസ്മം എത്തിയാല്‍ കേസ് കൊലപാതകവുമാകും; നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ ദുരൂഹത തുടരുന്നു

Update: 2025-01-17 02:05 GMT

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കല്ലറയില്‍ നിറച്ചത് മൂന്നു ചാക്ക് ഭസ്മവും പിന്നെ കര്‍പ്പൂരവും. ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഗോപന്‍ സ്വാമിയുടെ ശരീരത്തില്‍ ഇല്ല. സമാധി പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ പുറമേ മുറിവുകളോ പരുക്കുകളോ ഇല്ല. വായില്‍ കാണപ്പെട്ട ഭസ്മം ശ്വാസകോശത്തിലും കണ്ടെത്തിയാല്‍ സംഭവം കൊലപാതകക്കേസായി മാറും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

ആന്തരാവയവങ്ങളുടെ സാമ്പിള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണു സൂചന. ശ്വാസകോശത്തില്‍ ഭസ്മം കണ്ടെത്തിയാല്‍, ഗോപന്‍ സ്വാമിയെ ജീവനോടെ സംസ്‌കരിച്ചെന്ന സംശയം ബലപ്പെടും. മരണസമയത്തില്‍ വ്യക്തതയുണ്ടാകേണ്ടതും കേസില്‍ നിര്‍ണായകമാണ്. പോലീസ് ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല. ദുരൂഹത നീങ്ങാന്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കണമെന്നാണു പോലീസ് നിലപാട്. ഫോറന്‍സിക്, രാസപരിശോധന, ഹിസ്റ്റോ പാത്തോളജിക്കല്‍ റിപ്പോര്‍ട്ടുകളാണു കിട്ടാനുള്ളത്. ഭാര്യയുടെയും മകന്റെയും മൊഴികളില്‍ വൈരുധ്യമുണ്ട്. മക്കളുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തും.

ഒരാള്‍ക്ക് ഇരിക്കാനുള്ള പൊക്കവും വീതിയും മാത്രമുള്ള കല്ലുകെട്ടിയുള്ള അറ. ഇതിന്റെ മുന്‍വശവും മുകളിലത്തെ മൂടിയും മാത്രമാണ് ഇതിനകത്ത് മൃതദേഹം ഇരുത്തിയശേഷം സിമെന്റ് കൊണ്ട് അടച്ചത്. ഇതിനകത്ത് പദ്മാസനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാകെ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൂന്നടിയോളം വീതിയും നാലടിയോളം പൊക്കവുമുള്ള അറയില്‍ ഗോപന്‍സ്വാമിയെ ഇരുത്തിയ നിലയിലാണ് കണ്ടെത്തുന്നത്. ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആദ്യം ഇവിടെവെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചെങ്കിലും ശരീരം കൂടുതല്‍ ജീര്‍ണാവസ്ഥയിലാകാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്താല്‍ മതിയെന്ന് ഫൊറന്‍സിക് സര്‍ജന്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. വിശദ പരിശോധന അനിവാര്യമായതു കൊണ്ടായിരുന്നു ഇത്.

അതിനിടെ ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും തങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും മകന്‍ സനന്ദന്‍ പറയുന്നു. ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ലെന്നും സനന്ദന്‍ പറഞ്ഞു. ' അച്ഛന്‍ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവര്‍ക്കെതിരേ നിയമ നടപടിയെടുക്കണം. വി.എസ്.ഡി.പി. നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് പ്രതിഷേധിക്കാതിരുന്നത്.

ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപന്‍ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തും. അച്ഛന്‍ സമാധിയായതാണെന്ന വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത്. സംഭവിച്ച കാര്യങ്ങളില്‍ വളരെ വിഷമമുണ്ട്.' - സനന്ദന്‍ പറഞ്ഞു.ഇരുന്ന സമാധിയെ കിടത്തിയെന്നും വളരെ മ്ലേച്ചമായ രീതിയിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നും വി.എസ്.ഡി.പി. നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞു. കുടുംബം പറഞ്ഞത് വിശ്വസിക്കാന്‍ ആരും തയാറായില്ല. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനും നാലിനും ഇടയ്ക്കുള്ള ക്കുള്ള സമയത്താണ് സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസമാധി നടത്തും.ഇവരോടുള്ള വിരോധമുള്ള ആളാണ് പരാതി നല്‍കിയത്. അവര്‍ ഇവരുടെ ബന്ധുവൊന്നും അല്ല. തിടുക്കം കാണിക്കേണ്ടിയിരുന്നില്ല.- ചന്ദ്രശേഖരന്‍ പറഞ്ഞു.

അച്ഛന്‍ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതില്‍ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ടെന്നും. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാനിന്നും സനന്ദന്‍ പറഞ്ഞു.

Similar News