ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍; വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശം
മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 1971ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ നടത്തിയിരുന്നു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതിന്മേല്‍ പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു.
അതിനിടെ, പാക്കിസ്ഥാനു നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി മേധാവി മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി മേധാവിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. 2024ലെ കണക്കുകള്‍ പ്രകാരം, 53 വായ്പകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്‍ എഡിബിയില്‍ നിന്ന് വാങ്ങിയിട്ടുള്ളത്.