ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു; ശരീരഭാരം പകുതിയായി കുറച്ചു; ഉപ്പുവെച്ച് സെല്ലിലെ കമ്പികള്‍ തുരുമ്പടിപ്പിച്ചു; ഇരുമ്പ് കമ്പി മുറിച്ചത് ദിവസങ്ങളോളം എടുത്ത്? ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്; കണ്ണൂര്‍ ജയിലിലേത് ഗുരുതര സുരക്ഷാ വീഴ്ച

ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്

Update: 2025-07-25 07:42 GMT

കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നില്‍ കണ്ണൂര്‍ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ച. സെല്ലിനകത്ത് അതും അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെ ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാന്‍ കഴിഞ്ഞെന്നാണ് ഉയരുന്ന ചോദ്യം. കണ്ണൂര്‍ ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കുള്ള 68 സെല്ലുകള്‍ ഉള്‍പ്പെട്ട പത്താം ബ്ലോക്കിലെ ഒരു സെല്ലില്‍ ഒറ്റയ്ക്കാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. ബി ബ്ലോക്കിലായിരുന്നു. ഈ ബ്ലോക്കിന് ചുറ്റും ഒരു ചെറിയ മതിലുണ്ട് അതിന് പുറത്ത് വലിയ ഒരു മതില്‍ കൂടിയുണ്ട്. രാത്രി ജയിലില്‍ പട്രോളിംഗ് ഉണ്ടാകും. എന്നാല്‍ പുലര്‍ച്ചെ മതിലില്‍ കിടന്ന വടം കണ്ടാണ് അധികൃകര്‍ ഓരോ സെല്ലുകളായി പരിശോധിച്ചത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോള്‍ മാത്രമാണ് ചാടിപ്പോയത് ഗോവിന്ദച്ചാമിയാണെന്ന് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. അപ്പോള്‍ ജയില്‍ ചാട്ടം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിരുന്നു.

ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയിരുന്നതായാണ് വിവരം. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത് 1.15 ഓടെയാണ്. ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. കനത്ത മഴയായിരുന്നു. അതിനാല്‍ പുതച്ചുമൂടിയാണ് കിടന്നത്. കൊതുകുവലയും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു

ഗുരുതര വീഴ്ച

സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തി. ഉപ്പുവെച്ച് കമ്പികള്‍ തുരുമ്പടിപ്പിച്ചതായും സംശയമുണ്ട്. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയിലിലെ വരാന്തയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെല്ലുകളില്‍ സിസിടിവി ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഫെന്‍സിംഗില്‍ വൈദ്യുതിയില്ല.

വളരെ കട്ടികൂടിയ സെല്ലിലെ കമ്പി മുറിക്കാന്‍ ഒരു മണിക്കൂര്‍ എങ്കിലും സമയം എടുക്കുമായിരിക്കും. ഇതിന്റെ ശബ്ദമോ മറ്റ് നീക്കങ്ങളോ പൊലീസ് ശ്രദ്ധിക്കാത്തത് ഗുരുതര വീഴ്ചയാണ്. ദിവസങ്ങള്‍ എടുത്താണോ ഇത്തരത്തില്‍ കമ്പി മുറിച്ചതെന്നും വ്യക്തമല്ല. കമ്പി മുറിച്ച് ഇതിലൂടെ ഊര്‍ന്നാണ് പ്രതി പുറത്തിറങ്ങിയതെന്നാണ് വിവരം. കമ്പി മുറിക്കാന്‍ എവിടെ നിന്ന് ആയുധം ലഭിച്ചുവെന്നോ ആര് ആയുധമെത്തിച്ചെന്നോ വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയും ഇയാള്‍ മുതലെടുക്കാനാണ് സാദ്ധ്യത. വൈകിട്ട് അഞ്ച് മണിയോടെ ജയില്‍പ്പുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിന് ശേഷം രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് ചാടിയത്.

അതിസുരക്ഷാ ജയിലില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി വൈകാതെ ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടത്തെ മതിലിനടുത്ത് എത്തിയതെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനുമുകളിലെ ഫെന്‍സിംഗിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി.വടം കെട്ടാന്‍ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്ന് വ്യക്തമാണ്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്. ജയിലിലെ രണ്ട് മതില്‍ കടക്കാതെ ഗോവിന്ദച്ചാമിക്ക് പുറത്തെത്താന്‍ ആകില്ലെന്നിരിക്കെ എങ്ങനെ ഒറ്റക്കൈയ്യനായ ഗോവിന്ദച്ചാമി പുറത്തെത്തിയെന്ന സംശയമാണ് പലര്‍ക്കും. പത്താം ബ്ലോക്കില്‍ ഉണ്ടായിരുന്ന കുടിവെള്ള കന്നാസ് മതില്‍ ചാടാന്‍ ഉപയോഗിച്ചെന്നും സൂചനയുണ്ട്.

രാവിലെ ആറുമണിയോടെയാണ് ജിയില്‍ചാട്ടം പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏഴ് മണിയോടെ പൊലീസ് സംസ്ഥാനത്താകമാനം വിവിരങ്ങള്‍ കൈമാറി തെരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ജയില്‍ ചാടി ആറ് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ കുറിച്ച് വിവരവുമായി പൊതുജനങ്ങളില്‍ ചിലര്‍ ബന്ധപ്പെട്ടിരുന്നു. ഇതില്‍ മൂന്നോളം പേര്‍ കൃത്യമായ വിവരം നല്‍കി. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. 10.30ഓടെ ആളൊഴിഞ്ഞ ഒരു കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പിടികൂടിയ ശേഷം ഇയാളെ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതി ജയില്‍ ചാടാനായി ജയിലില്‍ നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചോ എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തും. സംഭവസമയത്ത് ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Tags:    

Similar News