ജയില്‍ ചാട്ട നാടകം ജയില്‍ മാറ്റത്തിനായി? പൊലീസ് പിടികൂടുമെന്ന് അറിയാമായിരുന്നു എന്ന് മൊഴി നല്‍കിയതായി സൂചന; കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കില്‍ ഗോവിന്ദച്ചാമി കുറെ ദിവസമായി പെരുമാറിയത് മാനസികനില തെറ്റിയ നിലയില്‍; ജയില്‍ ചാട്ടത്തിന് കൊടുംകുറ്റവാളിയുടേത് പൊലീസിനെ ഞെട്ടിച്ച ആസൂത്രണം

ഗോവിന്ദച്ചാമിയുടേത് പൊലീസിനെ ഞെട്ടിച്ച ആസൂത്രണം

Update: 2025-07-25 12:27 GMT

കണ്ണൂര്‍: കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം നാടകമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. തന്നെ പൊലിസ് പിടികൂടുമെന്ന് അറിയാമായിരുന്നുവെന്നും ജയില്‍ ചാടിയാല്‍ മാറ്റുമെന്ന് ജയിലിനകത്തെ ഒരാള്‍ പറഞ്ഞു തന്നുവെന്നാണ് മൊഴി.

ഗോവിന്ദചാമിയെ വിശദമായ ചോദ്യം ചെയ്യാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് ഗോവിന്ദച്ചാമിയെ മാറ്റുമെന്നാണ് സൂചന. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

അത്യന്തം നാടകീയമായ രംഗങ്ങളാണ് കണ്ണൂരില്‍ ഇന്ന് അരങ്ങേറിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം ഇതിന് ജയിലിനകത്തു നിന്ന് സഹായം ലഭിച്ചുവെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

ഒരു മാസത്തോളം നീണ്ട ആസൂത്രണങ്ങള്‍ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ചാട്ടം നടപ്പാക്കിയതെന്നാണ് പൊലിസ് പറയുന്നത്. ജയില്‍ ചാട്ടത്തിനായി അഴികള്‍ക്കിടയിലൂടെ പുറത്തുപോകുന്നതിനായി തന്റെ ശരീരഭാരം കുറയ്ക്കുന്നതും ജയില്‍ അഴികള്‍ അറുത്തുമാറ്റുന്നതും ഉള്‍പ്പെടെ നീണ്ട പ്രവര്‍ത്തനങ്ങള്‍ ഗോവിന്ദച്ചാമി വിദഗ്ദ്ധമായി നടപ്പിലാക്കി.

കൊടും കുറ്റവാളികളെയും മാനസിക പ്രശ്നം ഉള്ളവരെയും പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഗോവിന്ദച്ചാമി അടക്കമുള്ള കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസമായി മാനസികനില തെറ്റിയെന്ന നിലയിലായിരുന്നു ഗോവിന്ദച്ചാമിയുടെ പെരുമാറ്റമെന്നാണ് ജയില്‍ വാര്‍ഡര്‍മാര്‍ നല്‍കിയിരുന്ന റിപ്പോര്‍ട്ട്.

ഇയാള്‍ തന്റെ വിസര്‍ജ്ജ്യം ജയില്‍ വാര്‍ഡന്‍മാര്‍ക്ക് നേരെ എറിയുന്ന തരം പ്രവര്‍ത്തികള്‍ ജയിലില്‍ ചെയ്തിരുന്നു. ഇതെല്ലാം നാളുകളായി ജയില്‍ ചാട്ടത്തിനായി ഗോവിന്ദച്ചാമി എടുത്തിരുന്ന തയ്യാറെടുപ്പുകളാണെന്നാണ് കരുതുന്നത്. പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ലാത്ത അവസ്ഥയടക്കം എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ ഗോവിന്ദച്ചാമി നിരീക്ഷിച്ചിരുന്നു.

ഏതാനും മാസങ്ങളായി ഗോവിന്ദച്ചാമി ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. നേരത്തേ ബിരിയാണിക്ക് വേണ്ടി വാശിപിടിച്ചിരുന്ന ഗോവിന്ദച്ചാമി കുറേനാളായി ചോറ് കഴിക്കുന്നത് നിര്‍ത്തിയിരുന്നു. പകരം ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നത്. ഉച്ചയ്ക്ക് നല്‍കുന്ന ചോറ് കുറ്റവാളികള്‍ മുഴുവന്‍ കഴിക്കണമെന്നാണ് ജയില്‍ചട്ടം. ഈ പ്രശ്നം മറികടക്കാന്‍ തനിക്ക് ചോറ് വേണ്ടെന്ന് ജയില്‍ ഡോക്ടറില്‍ നിന്നും ഇയാള്‍ പ്രത്യേക കുറിപ്പ് വാങ്ങിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്ക് ഭക്ഷണം ചപ്പാത്തി മാത്രമാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ ചപ്പാത്തി കഴിച്ചതിനെ തുടര്‍ന്ന് ഗോവിന്ദച്ചാമിയുടെ ഭാരം നന്നായി കുറയുകയും ചെയ്തു. ഇതിനൊപ്പം രാവിലെയും വൈകുന്നേരവും അതികഠിനമായ വ്യായാമങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു.ശരീരം ശോഷിച്ച ഗോവിന്ദച്ചാമി തന്റെ സെല്ലിലെ കമ്പി മുറിച്ചാണ് പുറത്ത് വന്നത്.

കമ്പി മുറിക്കാനായി ഇയാള്‍ ഒരു ഹാക്സോ ബ്ളേഡിന്റെ ഭാഗവും സംഘടിപ്പിച്ചു. കമ്പി എളുപ്പം തുരുമ്പിക്കാനായി ഇയാള്‍ ഉപ്പും ഉപയോഗിച്ചു. പുറത്ത് നിന്നും നോക്കിയാല്‍ മനസ്സിലാകാത്ത വിധവും എളുപ്പം അടര്‍ത്തിയെടുക്കാവുന്ന രീതിയിലുമാണ് ജനാലക്കമ്പികള്‍ ഇയാള്‍ മുറിച്ചുവെച്ചിരുന്നത്. മുറിച്ച വശത്ത് കൂടി പുറത്തിറങ്ങാന്‍ ഇയാള്‍ പരിശീലനവും നടത്തിയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.10 ന് പാറാവുകാര്‍ ടോര്‍ച്ചടിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുതച്ചുമൂടി കിടക്കുന്നത് കണ്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഒന്നേകാലോടെ സെല്ലില്‍ നിന്നും പുറത്തിറങ്ങിയിരിക്കാമെന്നും കരുതുന്നു. അതിന് ശേഷം രണ്ടു ഡ്രമ്മുകള്‍ ഉപയോഗിച്ച് മതില്‍ ചാടിക്കടന്ന ശേഷം അലക്കാന്‍ ഇട്ടിരുന്ന തുണിയില്‍ നിന്നും നേരത്തേ മോഷ്ടിച്ചുവെച്ച ഷീറ്റുകള്‍ കൂട്ടിക്കെട്ടി ഫെന്‍സിംഗില്‍ എറിഞ്ഞുകുടുക്കി വലിഞ്ഞു കയറി മതില്‍ ചാടുകയായിരുന്നു. എല്ലാം ഒറ്റക്കൈയ്യിലുമാണ് ചെയ്തത്. സിസിടിവി ഇല്ലാത്തതും വെളിച്ചമില്ലാത്തതുമായ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തലുകള്‍ നടത്തിയും വലിയ ആസൂത്രണം നടത്തിയാണ് ജയില്‍ ചാടിയത്. എന്നാല്‍ മാസങ്ങള്‍ നീണ്ട ഈ തയ്യാറെടുപ്പ് ജയില്‍ അധികൃതര്‍ എന്തുകൊണ്ട് കാണാതെ പോയി. ഈവീഴ്ച്ചയ്ക്കാണ് ഒരു ഹെഡ് വാര്‍ഡന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണമായത്.

Tags:    

Similar News