സെല്ലിനുള്ളിലെ ഭിത്തിയില്‍ ഓടിക്കയറി പരിശീലനം; വ്യായാമം എന്ന് തെറ്റിദ്ധരിച്ച് പൊലീസ്; രണ്ടുകയ്യുള്ളവരേക്കാള്‍ വിദഗ്ധന്‍; കൈവിലങ്ങിട്ട ശേഷം ചങ്ങല കൂടി ചുറ്റിപ്പിടിച്ചാല്‍ മാത്രം മെരുക്കാന്‍ കഴിയുന്ന കുറ്റവാളി; ബലാല്‍സംഗം ചെയ്തിട്ട് പാല്‍പ്പായസം കണ്ടാല്‍ ആരാണ് ഇട്ടിട്ട് പോകുക എന്നുചോദിക്കുന്ന ഭീകരന്‍; ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ ബുദ്ധി പൊലീസ് ബുദ്ധിക്കും അപ്പുറം

ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ ബുദ്ധി പൊലീസ് ബുദ്ധിക്കും അപ്പുറം

Update: 2025-07-25 11:41 GMT

കണ്ണൂര്‍: ഒറ്റക്കയ്യുളള ഗോവിന്ദച്ചാമിക്ക് ഇതൊക്കെ സാധിക്കുമോ? പൊലീസിന് സംശയമില്ല. മെരുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കുറ്റവാളിയാണ് ഇയാള്‍. അത്രയും സ്ട്രോംഗായിട്ടുള്ള ആളാണ് ഗോവിന്ദച്ചാമി. മൂന്നാലുപൊലീസുകാര്‍ പിടിച്ചാല്‍ പോലും വരുതിയിലാക്കാന്‍ പെടാപ്പാട്.

ഗോവിന്ദച്ചാമിക്ക് ഒരു കൈ മാത്രമേ ഉള്ളുവെങ്കിലും അയാള്‍ രണ്ട് കയ്യുള്ളവരേക്കാള്‍ വിദഗ്ദ്ധനാണെന്ന് ബി.സന്ധ്യ ഐ പി എസ് പറഞ്ഞു. 'റിപ്പീറ്റഡ് സെക്ഷ്വല്‍ പ്രിഡേറ്റര്‍ എന്ന കാറ്റഗറിയില്‍പ്പെട്ട ആളാണ് ഗോവിന്ദച്ചാമി. ഇയാള്‍ ഒരു കൊടുംകുറ്റവാളി തന്നെ. കാരണം ഇയാളെ ആദ്യമായി പിടികൂടുന്ന സമയത്ത് ഗോവിന്ദച്ചാമിക്കെതിരെ തമിഴ്‌നാട്ടില്‍ 14 ഓളം കേസുകള്‍ ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് 'ബി സന്ധ്യ ഐപിഎസ് പറഞ്ഞു.

സൗമ്യ വധക്കേസ് അന്വേഷണസമയത്ത് തന്നെ ഗോവിന്ദച്ചാമിക്ക് ഒരുതരത്തിലുള്ള കുറ്റബോധവും ഇല്ലായെന്ന് മനസ്സിലായിരുന്നു. റെയില്‍വേ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും, ബി സന്ധ്യ പറഞ്ഞു.

പൊലീസ് പിടിച്ചാലും നില്‍ക്കുന്ന ആളല്ല, അത്രയ്ക്ക് കരുത്തനാണെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ യുവതിയെ പോസ്റ്റ്‌മോര്‍ട്ട്ം ചെയ്ത ഡോക്ടര്‍ ഷേര്‍ലി വാസു പറഞ്ഞു. 'ഗോവിന്ദച്ചാമിയെ സെല്ലിനു പുറത്തുകൊണ്ടുപോയി ജയിലിലെ പതിവ് വ്യായാമങ്ങള്‍ ചെയ്യിക്കാറില്ല കാരണം പുറത്തുകൊണ്ടു പോയാല്‍ ഇയാള്‍ പൊലീസുകാര്‍ക്കു നേരെ അയാളുടെ വിസര്‍ജ്യം എടുത്തെറിയുമായിരുന്നു, അതുകൊണ്ട് സെല്ലില്‍ തന്നെ ഇരുത്തും. ഈ സമയം അവന്‍ സെല്ലിനുള്ളിലെ ഭിത്തിയിലേക്ക് ഓടിക്കയറി പരിശീലിക്കുമായിരുന്നു, ഇക്കാലമത്രയും അയാള്‍ അങ്ങനെ പരിശീലിച്ചത് ഈ ജയില്‍ചാട്ടത്തിനു വേണ്ടി തന്നെയാവും. ഇതിനെ ഒരു വ്യായാമമെന്ന നിലയിലായിരിക്കും പൊലീസും കരുതിയിരിക്കുക, അവന്റെ ക്രിമിനല്‍ബുദ്ധി ഉദ്യോഗസ്ഥ ബുദ്ധിക്കും അപ്പുറമാണ്.

'ജയിലില്‍ ജുഡീഷ്യല്‍ പരിശോധന വരുമ്പോള്‍ ഷീല്‍ഡ് വച്ചാണ് ഗോവിന്ദച്ചാമിയെ കാണിക്കാറുള്ളത്. നിരന്തരം അയാള്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു, കോടതിനടപടികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് കണ്ടു, ഒരിക്കല്‍, താനിനിയും കൊല്ലുമെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു, ആരെയാണ് കൊല്ലുക എന്ന് ചോദിച്ചപ്പോള്‍ സ്വന്തം വക്കീലായ ആളൂരിനെ തന്നെ കൊല്ലുമെന്നാണ് പറഞ്ഞതെന്ന് മനസിലായി, ആളൂര്‍ അയാള്‍ക്കുവേണ്ടി ശക്തമായി വാദിച്ചില്ലെന്ന് തോന്നിയപ്പോഴായിരുന്നു ഈ കൊലവിളി.

കൈവിലങ്ങിട്ട ശേഷം അതിനോടു ചേര്‍ത്ത് ബന്ധിച്ചിട്ടുള്ള ചങ്ങല ചുറ്റിപ്പിടിച്ചാല്‍ മാത്രമേ അവനെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. 'ഈ കൊടുംക്രിമിനലിനെ എന്നും കാണേണ്ടിവരുന്ന ജയില്‍ ജീവനക്കാരെ കുറ്റപ്പെടുത്താനാവില്ല. ദിവസവും എത്രത്തോളം ബുദ്ധിമുട്ടിയാവും ഇയാള്‍ക്ക് സെല്ലിലേക്ക് ഭക്ഷണം പോലും കൊടുക്കുന്നതെന്ന് ഓര്‍ത്താല്‍ മതി, കടുവാക്കൂട്ടില്‍ കയറുന്ന പോലെയാണ് അവന്റെ സെല്ലിലേക്ക് കയറാനാവുക, അവന്റെ കണ്ണിലേക്ക് ഞാന്‍ നോക്കിയിട്ടുണ്ട്, സ്‌പൈന്‍ചില്ലിങ് വരുത്തും, നമ്മുടെ നട്ടെല്ല് തരിച്ചു വിറയ്ക്കും, അതുപോലെ തന്നെയാണ് കൃഷ്ണപ്രിയയുടെ കൊല നടത്തിയ മുഹമ്മദിന്റെ കണ്ണിലേക്ക് നോക്കുമ്പോഴും. താന്‍ കണ്ടതില്‍വച്ച് തന്നെ ഏറ്റവും വലിയ ക്രിമിനലുകളാണ് ഇരുവരും. ഒരു ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഈ കേസ് സുപ്രിംകോടതിയില്‍ ദുര്‍ബലമാക്കിയത്. ഈ പെണ്‍കുട്ടി ചാടി രക്ഷപ്പെട്ടു പോയി എന്നൊരു സ്റ്റേറ്റ്‌മെന്റ് കോടതി റെക്കോര്‍ഡിലുണ്ട്. രക്ഷപ്പെട്ടുപോയി എന്നത് അയാള്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു. അയാളെ കണ്ടെത്താനായില്ലെന്നതാണ് കേസിനെ ദുര്‍ബലമാക്കിയ കാര്യം. ആളൂര്‍ കണ്ടുപിടിച്ചതായിരുന്നില്ല ആ ദൃക്‌സാക്ഷിയെ, സംഭവത്തെക്കുറിച്ചുള്ള കോടതി സമ്മറീസില്‍ ഉളള കാര്യമാണിത്.'-ഡോ.ഷേര്‍ലി വാസു പറഞ്ഞു.

പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്ന പ്രകൃതമാണ് ഗോവിന്ദച്ചാമിയുടേതെന്ന് മുന്‍പ് അയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഷ്‌റഫ് മണലാടി പറഞ്ഞു.

'ജയിലില്‍ കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളിലെ ലൈംഗിക ആസക്തിമൂലമുള്ള പക അവന്‍ ആരിലെങ്കിലും തീര്‍ത്തേക്കാം. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ കണ്ണില്‍ കാണുന്ന ആരെയും ആക്രമിക്കാനുള്ള മാനസികാവസ്ഥയാണ് അവനുള്ളത്. ഇവന്‍ ആദ്യം പിടിയിലായ സമയത്ത് ഞങ്ങള്‍ പൊലീസുകാരോടും ഡോക്ടറോടും പറഞ്ഞതെന്താണെന്നോ. സ്ത്രീകളെയോ പുരുഷന്മാരെയോ ആരെയെങ്കിലും ലൈംഗികമായി ഉപയോഗിക്കണം, മദ്യപിക്കണം, ലഹരി ഉപയോഗമാണ് പ്രധാന വിനോദം. സാറെ പാല്‍പ്പായസം കണ്ടാല്‍ ആരാണ് ഇട്ടിട്ട് പോകുക എന്നാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗോവിന്ദച്ചാമി പറഞ്ഞത്. എത്ര കടുത്ത കുറ്റം ചെയ്താലും കുറ്റബോധമില്ല അവന്. ഇവന്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് എന്റെ മനസില്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. കാരണം അവന്റേത് അങ്ങനെയൊരു വിചിത്ര സ്വഭാവമാണ്. കേരളം വിട്ടുകഴിഞ്ഞെങ്കില്‍ അവനെ പിടിക്കാന്‍ ബുദ്ധിമുട്ടായേനെ. ആദ്യം പിടിയിലായപ്പോള്‍ എന്നെപ്പോലുള്ള മൂന്നാലു പൊലീസുകാര്‍ അവന്റെ  ഒടിയാത്ത കൈയില്‍ മുറുക്കി പിടിച്ചിട്ടും ഇവന്‍ വഴങ്ങാന്‍ തയ്യാറായില്ല'- അഷ്‌റഫ് മണലാടി പറഞ്ഞു.

Tags:    

Similar News