പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കൊലയാളികളായി ചിത്രീകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള 16 പാക്കിസ്ഥാനി യുടൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തു

ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

Update: 2025-04-28 10:02 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ബിബിസിക്ക് എതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ബിബിസിയുടെ ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ ജാക്കി മാര്‍ട്ടിനെ അതൃപ്തി അറിയിച്ചു. ഇക്കാര്യം കാട്ടി ജാക്കി മാര്‍ട്ടിന് ഔദ്യോഗികമായി കത്തയച്ചു.

'Pakistan suspends visas for Indians after deadly Kashmir attack on tourists' എന്ന തലക്കെട്ടിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഈ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യയെ കൊലയാളികളായി ചിത്രീകരിക്കുന്ന തരത്തിലാണെന്നും ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ശ്രദ്ധയില്‍ പെടുത്തിയത്. ഭീകരരെ പരാമര്‍ശിക്കാന്‍ militants എന്ന വാക്കുപയോഗിച്ചതിനെയും സര്‍ക്കാര്‍ വിമര്‍ശിച്ചു.

ഇതിനുപുറമേ, 16 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകളും കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. 16 ചാനലുകള്‍ക്കുമായി 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാര്‍ത്താ ഏജന്‍സികളുടെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാക്കിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകള്‍.

ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയവുമായതുമായ ഉള്ളടക്കം ഈ ചാനലുകള്‍ നല്‍കിയെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ദേശീയ സുരക്ഷയും പൊതുക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല എന്ന സന്ദേശമാണ് ഈ യൂട്യൂബ് ചാനലുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കാണുന്നത്.


Tags:    

Similar News