പി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും! ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷത്തിന് മേലേ ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് കത്ത്; മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും; പരിഗണിക്കുന്നത് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍

പി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും!

Update: 2024-10-13 11:12 GMT

തിരുവനന്തപുരം: പി എസ് സി അംഗമാകാന്‍ ഇനി പിടിവലി കൂടും. മന്ത്രിമാരേക്കാളും, ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളുമാണ് പി എസ് സിയില്‍. തന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധന ആവശ്യപ്പെട്ട് പി എസ് സി ചെയര്‍മാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. വിശദംശങ്ങള്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

നിലവില്‍ ഡി.എ, വാഹന ബത്ത, വീട് വാടക അടക്കം 2.24 ലക്ഷം രൂപയാണ് ചെയര്‍മാന്റെ ശമ്പളം. അംഗങ്ങള്‍ക്ക് 2.19 ലക്ഷവും. പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കിയാല്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും കേന്ദ്ര ഡിഎ ഉള്‍പ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും തന്റെ ശമ്പളം 3.81 ലക്ഷമായി വര്‍ദ്ധിപ്പിക്കണമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങള്‍ക്ക് 3.73 ലക്ഷം ശമ്പളം നല്‍കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളത്തോടൊപ്പം കേന്ദ്ര ഡി.എയും വേണമെന്നാണ് പി.എസ് സി ചെയര്‍മാന്റെ ആവശ്യം.

നിലവില്‍ 50 ശതമാനമാണ് കേന്ദ്ര ഡി.എ. ശമ്പളത്തോടൊപ്പം കേന്ദ്ര ഡി.എയും ചേരുമ്പോള്‍ ചെയര്‍മാന്റെ ശമ്പളം 3.36 ലക്ഷമായി ഉയരും. ഇതിനോടൊപ്പം പ്രതിമാസം വീട്ട് വാടകയായി 35000 രൂപയും വാഹന ബത്തയായി 10,000 രൂപയും നല്‍കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെടുന്നു. ഇതോടെ ചെയര്‍മാന്റെ ആകെ പ്രതിമാസ ശമ്പളം 3.81 ലക്ഷമായി ഉയരും. 2.19 ലക്ഷം ശമ്പളവും 50 ശതമാനം ഡി.എയും 35000 രൂപ വീട് വാടകയും 10000 രൂപ വാഹനബത്തയും നല്‍കുന്നതോടെ അംഗങ്ങളുടെ ശമ്പളം 3.73 ലക്ഷമാകും.

കേന്ദ്ര ഡി.എ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് വര്‍ദ്ധിക്കുന്നത്. ഇതിന് അനുസരിച്ച് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും വര്‍ദ്ധന ഉണ്ടാകും. പുതിയ ശമ്പളത്തിന് 2016 ജനുവരി 1 മുതല്‍ മുന്‍ കാല പ്രാബല്യവും ചെയര്‍മാന്‍ ആവശ്യപ്പെടുന്നുണ്ട്. ശമ്പള കുടിശിക കൊടുക്കാന്‍ വേണ്ടത് 35 കോടി രൂപയാണ്.

പി.എസ്.സി. ചെയര്‍മാനും അംഗങ്ങളും ഭരണഘടനാ പദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്രസര്‍ക്കാരിലെ സമാന തസ്തികയുമായി ചേര്‍ന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെലക്ഷന്‍ ഗ്രേഡ് ജില്ലാ ജഡ്ജിയുടേതിന് സമാനമാണ് പി.എസ്.സി അംഗങ്ങളുടെ ശമ്പളം. ആകെ അംഗസംഖ്യയുടെ 50 ശതമാനം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നാണ്. അവര്‍ക്ക് 10 വര്‍ഷം സര്‍വീസ് ഉണ്ടായിരിക്കണം. ബാക്കി രാഷ്ട്രീയ നിയമനമാണ്. നിലവില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍. ഇതില്‍ 11 പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവരാണ്. മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിലെ വലിയ കടമ്പ. മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടി വരുന്നതും ബാധ്യത കൂട്ടും. വിഷയം ധനവകുപ്പിന്റെ പരിഗണനയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പി എസ് സി കേരളത്തിലാണ്. 21 അംഗങ്ങള്‍. യു.പി.എസ്.സി.യില്‍ ഒന്‍പത് അംഗങ്ങളുള്ളപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ പി എസ് സി യില്‍ എട്ട് അംഗങ്ങളാണുള്ളത്. ഇത്രയും അംഗങ്ങള്‍ കേരളത്തിന് ആവശ്യമുണ്ടോയെന്ന ചോദ്യം ദീര്‍ഘനാളായി ഉയരുന്നതാണ്.

മുന്നണി ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ ഘടകക്ഷികളെ തൃപ്തിപ്പെടുത്താനായി പി എസ് സി, ദേവസ്വം ബോര്‍ഡ്, പൊതുമേഖല കോര്‍പ്പറേഷന്‍ എന്നിവകളിലെ അംഗത്വം വീതം വയ്പിന് കാരണമാകുന്നു. പി എസ് സി അംഗമാകാന്‍ 60 ലക്ഷം കൈക്കൂലി കൊടുത്തെന്ന ആരോപണവും സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രത്യേകിച്ച് യോഗ്യതാ മാനദണ്ഡമൊന്നും നിഷ്‌കര്‍ഷിക്കുന്നില്ല എന്നതും ചര്‍ച്ചാവിഷയമാണ്.

Tags:    

Similar News