തലങ്ങും വലിങ്ങും പോകുന്ന വാഹനങ്ങളെ കൈകാട്ടി നിര്‍ത്തി എന്തിനും ഏതിനും പിഴ ഈടാക്കാന്‍ ഇനി ഗ്രേഡ് എസ് ഐമാര്‍ക്ക് കഴിയില്ല; സബ് ഇന്‍സ്‌പെക്ടര്‍മാരായി പ്രെമോഷനില്‍ രണ്ടു സ്റ്റാര്‍ നേടുന്നവരെ കണക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയും; കൊല്ലത്തുകാരന്റെ നിയമ പോരാട്ടം വിജയത്തിലേക്ക്; വിധിക്കാധാരം നമ്പര്‍ പ്ലേറ്റിലെ 7000 രൂപ പിഴ
തിരുവനന്തപുരം: ഇനി ഗ്രേഡ് എസ് ഐമാര്‍ക്ക് വാഹന പരിശോധന നടത്തി പിഴ ഈടാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റീസ് എന്‍ നഗരേഷിന്റെ ഈ ഉത്തരവ് അതിനിര്‍ണ്ണായകമാണ്. പോലീസ് മേധാവിയേയും ഇക്കാര്യം ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെ എസ് ഐ 7000 രൂപ പിഴ ഈടാക്കിയതാണ് കേസിന് ആധാരം. ഇതിനെതിരെ കൊല്ലം സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2023 നവംബറിലായിരുന്നു സംഭവം.
2009 നവംബര്‍ 26ലെ വിജ്ഞാപന അനുസരിച്ച് മോട്ടാര്‍ വാഹന വകുപ്പിലെ എഎംവിഐയ്ക്കും അതിന് മുകളിലുള്ളവര്‍ക്കും പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡിന് മുകളിലുള്ളര്‍ക്കും മാത്രമേ വാഹന പരിശോധന നടത്തി പിഴ ഈടാക്കാന്‍ കഴിയൂ. പോലീസില്‍ സ്ഥാനക്കയറ്റത്തിന് അവസരമൊരുക്കാന്‍ വേണ്ടിയുള്ളതാണ് ഗ്രേഡ് എസ് ഐ തസ്തികയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയായിരുന്നു. എന്നാലും വ്യാപകമായി ഗ്രേഡ് എസ് ഐമാര്‍ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കിയിരുന്നു.
ഗ്രേഡ് എസ്ഐമാരെ യഥാര്‍ഥ എസ്ഐമാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് പലവട്ടം എടുത്തിരുന്നതാണ്. അതിനാല്‍ കേസന്വേഷണം ഉള്‍പ്പെടെയുള്ള സബ് ഇന്‍സ്‌പെക്ടറുടെ ചുമതലകള്‍ വഹിക്കുന്നതിന് നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താനാകില്ലെന്നും ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നേരത്തെ തന്നെ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇത്. കെ.എസ്.ബാലസുബ്രഹ്‌മണ്യം പോലീസ് മേധാവിയായിരിക്കേ, ഗ്രേഡ് എസ്ഐമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറപ്പെടുവിച്ചിരുന്നു. പ്രിന്‍സിപ്പല്‍ എസ്ഐയുടെയോ സ്റ്റേഷന്‍ ഇന്‍ചാര്‍ജിന്റെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്.
ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍, വാറണ്ട് കൈമാറല്‍, തടവുകാര്‍ക്ക് എസ്‌കോര്‍ട്ട് പോകല്‍, ഗാര്‍ഡ് ഡ്യൂട്ടി തുടങ്ങിയവയൊക്കെയായിരുന്നു ഗ്രേഡ് എസ് ഐമാര്‍ പ്രധാനമായി ചെയ്തുവരുന്നത്. അതേസമയം, കേസന്വേഷണം നടത്തുന്നതിനു കഴിയുകയുമില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതിരുന്നത് നിയമപരമായ ബുദ്ധിമുട്ടുകളുമുണ്ടാക്കി. കൂടാതെ, മോട്ടോര്‍വാഹന നിയമപ്രകാരം ഗ്രേഡ് എസ്ഐമാര്‍ക്ക് വാഹനപരിശോധനയ്ക്ക് അധികാരമില്ലെന്ന് ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നേരത്തേ കത്തുനല്‍കിയിരുന്നു. ഇതും നടപ്പായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി വ്യക്തത വരുത്തുന്നത്.
പോലീസ് വകുപ്പില്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നതുകൊണ്ട് റഗുലര്‍ സബ് ഇന്‍സ്‌പെക്ടറെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പിലെ ഉത്തരവാദിത്വങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗ്രേഡ് എസ്‌ഐമാരെ റഗുലര്‍ എസ്‌ഐമാരുടെ ചുമതലകള്‍ ഏല്‍പ്പിക്കാറുമുണ്ട്. എങ്കിലും ഗ്രേഡ് എസ്‌ഐമാര്‍ റഗുലര്‍ എസ്‌ഐമാരുടെ വിഭാഗത്തില്‍ വരില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരിച്ചിരുന്നത്. സംസ്ഥാനത്ത് വാഹന പരിശോധനയ്ക്ക് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുതലുള്ളവര്‍ക്ക് അധികാരം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചിരുന്നില്ല. ഇതിനൊപ്പം ഗ്രേഡ് എസ്ഐമാര്‍ വാഹന പരിശോധന നടത്തി പിഴ ഈടാക്കുന്നത് ആഭ്യന്തര വകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ഹൈക്കോടതി.
1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം വാഹന പരിശോധന നടത്തി പിഴ ഈടാക്കാന്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമുള്ളത്. എന്നാല്‍ ഗ്രേഡ് എസ്ഐമാര്‍ ആയിരുന്നു സംസ്ഥാനത്ത് വാഹന പരിശോധന നടത്തിയിരുന്നത്. സ്ഥാനക്കയറ്റം വഴി എസ്ഐ സ്ഥാനത്തെത്തിയവര്‍ക്ക് വാഹന പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ആഭ്യന്തര വകുപ്പിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രേഡ് എസ്ഐമാര്‍ വാഹന പരിശോധന നടത്തി പിഴ ഈടാക്കരുതെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.