ക്ലിയറന്‍സ് റിപ്പോര്‍ട്ട് അനിശ്ചിതമായി പിടിച്ചുവയ്ക്കാനാവില്ല! രഹസ്യമായതിനാല്‍ പകര്‍പ്പ് പോലും നല്‍കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച സര്‍ക്കാരിന് വന്‍തിരിച്ചടി; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അഞ്ചുദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സി എ ടി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയേ തീരു
യോഗേഷ് ഗുപ്തയ്ക്ക് അഞ്ചുദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സി എ ടി
കൊച്ചി: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകിപ്പിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (CAT) അതൃപ്തി രേഖപ്പെടുത്തി. അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ഈ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറേണ്ടതുണ്ട്. ഡിജിപി യോഗേഷ് ഗുപ്തയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് അനിവാര്യമായിരുന്നു. എന്നാല്‍, ഇത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കാലതാമസം ട്രിബ്യൂണലിന്റെ ഇടപെടലിലേക്ക് നയിച്ചു.
ഈ വിഷയത്തില്‍ ഡിജിപി യോഗേഷ് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരിട്ട് ഇടപെട്ടത്.
കഴിഞ്ഞ ദിവസം, ഡിജിപി യോഗേഷ് ഗുപ്തയ്‌ക്കെതിരെ സര്‍ക്കാര്‍ വീണ്ടും പ്രതികാര നടപടി സ്വീകരിച്ചിരുന്നു. അഗ്‌നിരക്ഷാ സേനാ മേധാവിയായ യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മിഷണറായി മാറ്റി നിയമിച്ചു. റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനെയാണ് പുതിയ അഗ്‌നിരക്ഷാസേനാ മേധാവിയാക്കിയത്.
യോഗേഷ് ഗുപ്തയ്ക്കു കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചുവച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷയും സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാള്‍, താന്‍ കൂടി ഭാഗമായ പൊലീസ് വകുപ്പില്‍ തന്റെ പേരിലുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് 'രഹസ്യമായതിനാല്‍ നല്‍കാനാകില്ല' എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേന്ദ്രം ആവശ്യപ്പെട്ടപ്രകാരം യോഗേഷുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പ് തയാറാക്കി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. ഇത് അദ്ദേഹം ചീഫ് സെക്രട്ടറിക്കു നല്‍കിയെങ്കിലും സംസ്ഥാനം അതു കേന്ദ്രത്തിനു കൈമാറാതെ പിടിച്ചുവച്ചു. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഉദ്യോഗസ്ഥനു ജൂണ്‍ 19നാണ് യോഗേഷ് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ തള്ളുകയായിരുന്നു.