എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷതേടാന്‍ അമ്മച്ചി പ്ലാവിന്റെ പോട്ടില്‍ കയറി മാര്‍ത്താണ്ഡവര്‍മ ഒളിച്ചുവെന്ന് ചരിത്രം; ഉപകാരാര്‍ഥം ക്ഷേത്രം നിര്‍മ്മിച്ച മഹാരാജാവ്! അമ്മയ്ക്കും അച്ഛനും അമ്മാവനുമൊപ്പം ഗ്രീഷ്മ തൊഴുതു പ്രാര്‍ത്ഥിച്ചത് നെയ്യാറ്റിന്‍കരയിലെ കണ്ണനെ; ഈശ്വരനും കൈവിട്ടുവെന്ന തിരിച്ചറിവില്‍ മടക്കം; വെള്ളിയാഴ്ചയിലെ ക്ഷേത്ര ദര്‍ശനത്തില്‍ നിറച്ച പ്രതീക്ഷയും വെറുതെയായി
നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസിലെ പ്രതികളായ ഗ്രീഷ്മയും അമ്മയും അമ്മാവനും വെള്ളിയാഴ്ച കോടതിയിലെത്തിയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൊഴുത ശേഷം. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ പുറകുവശത്തുകൂടി രാവിലെ എട്ടുമണിയോടെ കോടതിവളപ്പിലെത്തി. ഇന്ന് ഗ്രീഷ്മയും അമ്മാവനും അതേ കോടതിയിലേക്ക് എത്തുക രണ്ടു വണ്ടികളിലാകും. അട്ടക്കുളങ്ങറ ജയിലില്‍ നിന്നും ഗ്രീഷ്മയെത്തും. അമ്മാവന്‍ പുരുഷ ജയിലില്‍ നിന്നും. അമ്മയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. ഷാരോണ്‍ കേസില്‍ കോടതി വിധി പറയുമ്പോള്‍ എല്ലാവരും കൈവിട്ടുവെന്ന തിരിച്ചറിവിലാണ് ഗ്രീഷ്മ. ആ ദുഖമാണ് ഇന്നലെ കോടതിയില്‍ നിന്നുള്ള മടക്കത്തില്‍ ഗ്രീഷ്മയുടെ മുഖത്ത് കണ്ടതും. ആത്മവിശ്വാസത്തോടെ വെള്ളിയാഴ്ച കോടതിയില്‍ എത്തിയ ഗ്രീഷ്മ ശനിയാഴ്ച വീണ്ടും വരും. കോടതിയില്‍ നിന്നും ശിക്ഷാ ഇളവിന് പ്രായം അടക്കം ഗ്രീഷ്മ ചര്‍ച്ചയുമാക്കും. ആ കോടതി തീരുമാനത്തിനായുള്ള കാത്തിരിപ്പികാണ് മലയാളികളും.
കോടതി ചേരുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ ഗ്രീഷ്മയും മറ്റു പ്രതികളും കോടതിക്കെട്ടിടത്തില്‍ എത്തിയിരുന്നു. കോടതിമുറിയും വരാന്തയും വിധികേള്‍ക്കാനും ഗ്രീഷ്മയെ കാണാനുമെത്തിയവരെക്കൊണ്ടു നിറഞ്ഞു. കോടതിമുറിക്കു പിന്നില്‍ മാസ്‌ക് ധരിച്ച ഗ്രീഷ്മയും പ്രതികളും അക്ഷോഭ്യരായി ഇരുന്നു. 11 മണിയോടെ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒരു ഭാവഭേദവുമില്ലാതെ പ്രതികള്‍ വിധി കേട്ടു. വലിയ തിരക്ക് കോടതിയിലുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ ജീപ്പിനുള്ളിലേക്കു കയറ്റിയത്. പ്രതികളെ പോലീസ് ജീപ്പുകളില്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചു. ഗ്രീഷ്മയെ വനിതാ ജയിലിലും നിര്‍മല്ലനെ സെന്‍ട്രല്‍ ജയിലിലും കൊണ്ടുപോയി. അവിടെ നിന്നാണ് ശനിയാഴ്ച രണ്ടു പേരും നെയ്യാറ്റിന്‍കര കോടതിയില്‍ എത്തുക.
തിരുവനന്തപുരത്തു താമസിക്കുന്ന ഗ്രീഷ്മയും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും വെള്ളിയാഴ്ച രാവിലെ കാറിലാണ് നെയ്യാറ്റിന്‍കരയിലെ ക്ഷേത്രനടയിലെത്തിയത്. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. ക്ഷേത്രദര്‍ശനത്തിനു ശേഷം തെക്കേ നട വഴി പുറത്തിറങ്ങി. കാറില്‍ കോടതിക്ക് അടുത്തെത്തി പുറകുവശത്തുകൂടി അകത്തുകടന്നു. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ വെട്ടിച്ചാണ് ഇവര്‍ കോടതിയിലെത്തിയത്. ഇവര്‍ക്കൊപ്പം ഗ്രീഷ്മയുടെ അച്ഛനും കോടതിയിലെത്തിയിരുന്നു. അച്ഛനേയും മാധ്യമങ്ങള്‍ കണ്ടില്ല. കോടതിയില്‍ എന്ന് എല്ലാവരുടേയും മടക്കം കണ്ണീരോടെയായി. ഏറെ പ്രതീക്ഷയിലാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗ്രീഷ്മയും കുടുംബവും എത്തിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്തണ്ഡവര്‍മ്മയ്ക്ക് തുണയായ അമ്മച്ചിപ്ലാവുള്ള ക്ഷേത്രം. തിരുവിതാംകൂര്‍ ചരിത്രത്തിലെ അപൂര്‍വ്വതയായി ആ അമ്മച്ചിപ്ലാവ് ഇപ്പോഴും അവിടെയുണ്ട്. ഈശ്വര കൃപയിലാണ് അമ്മച്ചിപ്ലാവില്‍ ഒളിച്ചിരുന്ന് മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടതെന്നതാണ് ചരിത്രം.
ഈ പഴമ പേറുന്ന ക്ഷേത്രത്തിലേക്കാണ് കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകണമെന്ന പ്രാര്‍ത്ഥനയുമായി ഗ്രീഷ്മ അവസാനമെത്തിയത്. പാറശ്ശാലയിലാണ് ഗ്രീഷ്മയുടെ വീട്. ഈ ഭാഗത്തുള്ള വിശ്വാസികളുടെ പ്രധാന ക്ഷേത്രം കൂടിയാണ് നയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ച 'അമ്മച്ചിപ്ലാവ്' കാലപ്പഴക്കത്തില്‍ ചുവടുമാത്രമായി ചെറുതായി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ട് പഴക്കമുള്ള അമ്മച്ചിപ്ലാവിന് നിറമുള്ള മുത്തശ്ശിക്കഥയുടെ പരിവേഷമാണുള്ളത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ശത്രുവൃന്ദത്തില്‍ നിന്ന് രക്ഷതേടാന്‍ മാര്‍ത്താണ്ഡവര്‍മ പ്ലാവിന്റെ പോട്ടില്‍ കയറി ഒളിച്ചുവെന്നാണ് ചരിത്രം. മഹാരാജാവിന് മരപ്പൊത്തിലേക്കുള്ള വഴികാട്ടാന്‍ ഭ്രാന്തന്‍ ചാന്നാന്‍ എന്ന വഴിപോക്കന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുവത്രെ. രാജാവിനെക്കാണാതെ ശത്രുസേന മറുവഴിക്ക് പോയി. പ്രാണരക്ഷയ്ക്കുള്ള ഉപകാരാര്‍ഥം മഹാരാജാവ് പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഇന്നുകാണുന്നിടത്ത് ക്ഷേത്രം നിര്‍മിച്ചുവെന്നാണ് ഐതിഹ്യം.
തൃപ്പടിദാനത്തിന് പിന്നാലെ 1757ല്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയതായി ചരിത്രരേഖയുണ്ട്. സി.വിയുടെ 'മാര്‍ത്താണ്ഡവര്‍മ'യിലൂടെയാണ് അമ്മച്ചിപ്ലാവ് പില്‍ക്കാലത്ത് പ്രചാരം നേടിയത്. പ്ലാവിന്റെ വയസ്സും ചരിത്രപ്പഴമയും അമ്മച്ചിപ്ലാവെന്ന പേര് ചേര്‍ത്തു. ക്ഷേത്രത്തിനു മുന്നില്‍ പ്രദക്ഷിണവഴിയോടു ചേര്‍ന്നാണ് പ്ലാവിന്റെ അവശിഷ്ടം നില്‍ക്കുന്നത്. പത്ത് അടിയോളം ഉയരത്തില്‍ പ്ലാവിന്റെ ചുവടും പൊള്ളയായ ഉള്‍ഭാഗവും കാണാം. ചുവട്ടില്‍ തറകെട്ടിയുയര്‍ത്തിയും മുകളില്‍ ഓടുമേഞ്ഞും പ്ലാവിനെ നിലനിര്‍ത്തിയിട്ടുണ്ട്.
ഷാരോണ്‍ കേസില്‍ വിധിയുടെ വഴി ഇങ്ങനെ
ഒന്നാം പ്രതി ഗ്രീഷ്മ , മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കുറ്റക്കാരനെന്നുള്ള കോടതി വിധി. 2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍രാജ് വധക്കേസ് സമാനതകളില്ലാത്തതാണ്. ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാമുകി ഗ്രീഷ്മ നടത്തിയ ക്രൂര കൊലപാതകതകം ഞെട്ടലോടെയാണ് കേരളം കേട്ടത്.2022 ഒക്ടോബര്‍ 25. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ഷാരോണ്‍ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുന്‍പ് ഒക്ടോബര്‍ 14-നാണ് അവശനിലയില്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ജ്യൂസില്‍ പാരസെറ്റാമോള്‍ കലര്‍ത്തി നല്‍കി. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു മരുന്നു കലര്‍ത്തി നല്‍കിയത്. എന്നാല്‍, അന്ന് ഷാരോണ്‍ രക്ഷപ്പെട്ടു.രണ്ടാമത്തെ ശ്രമത്തില്‍ ഗ്രീഷ്മ വിജയിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് വെളിപ്പെടുത്തി.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം പാറശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബര്‍ 30-ന് ഗ്രീഷ്മയേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബര്‍ 31-ന് അറസ്റ്റ് രേഖപ്പെടുത്തി.