ആണ്‍സുഹൃത്തായ ഷാരോണ്‍രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ കുറ്റക്കാരി; പ്രതിഭാഗം വാദങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ്; ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു; അമ്മാവനും തെറ്റുകാരന്‍; പ്രണയ ചതിയിലെ കൊലയില്‍ നിര്‍ണ്ണായക വിധി; ശിക്ഷ നാളെ പ്രഖ്യാപിക്കും

Update: 2025-01-17 05:39 GMT

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ നാളെ ശിക്ഷ വിധിക്കും. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി.

ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞു. ഗ്രീഷ്മയ്ക്കെതിരായ എല്ലാ ആരോപണങ്ങളും കോടതി ശരിവച്ചു. അതുകൊണ്ട് തന്നെ കനത്ത ശിക്ഷ ഗ്രീഷ്മയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തല്‍. ഗ്രീഷ്മ നിരപരാധിയാണെന്നും ജ്യൂസ് ചലഞ്ചിന് മുന്‍പായി നടത്തിയ പാരസെറ്റമോളിനെ കുറിച്ചുള്ള വെബ്‌സെര്‍ച്ച് ഒന്നാം പ്രതിക്ക് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.

ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യുന്നതിനായി പാരക്വറ്റ് എന്ന വിഷയത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തതാണെന്നും വാദിച്ചു. മുഖം കഴുകാനായി ബാത്ത് റൂമില്‍ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോണ്‍ രാജ് കുടിച്ചശേഷം വീട്ടില്‍ നിന്നും പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതൊന്നും കോടതി അംഗീകരിച്ചില്ല.

ഈ വാദങ്ങള്‍ കെട്ടുകഥകളാണെന്നും ഡിജിറ്റല്‍ തെളിവുകളുടെയും മെഡിക്കല്‍ തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ സാഹചര്യങ്ങളും പ്രതികള്‍ക്കെതിരേയുള്ള കുറ്റം പൂര്‍ണമായും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും. അപ്പോഴും പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മയ്ക്ക് കിട്ടിയേക്കും.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.

കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.

നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.

സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്കു അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.

Similar News