നാഗര്‍കോവില്‍ സ്വദേശിയുമായുള്ള വിവാഹ നിശ്ചയം കൃത്യത്തിന് ഒന്‍പത് മാസം മുമ്പ്; ലീവിനെത്തിയപ്പോള്‍ ഭാവി വരനൊപ്പം കന്യാകുമാരി ത്രിവേണി സംഗമത്തിന്റെ സൗന്ദര്യം നുകര്‍ന്നു; ഒരേ സമയം കാമുകനേയും കാശുള്ള വീട്ടിലെ 'നായരേയും' ഡീല്‍ ചെയ്തു; മികച്ചത് 'പട്ടാളമെന്ന്' തിരിച്ചറിവ് കഷായ ചതിയായി; ഷാരോണിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് ഗ്രീഷ്മ വകവരുത്തിയത് എന്തിന്?
തിരുവനന്തപുരം: ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ ഒരേ സമയം കാമുകനൊപ്പവും പ്രതിശ്രുത വരനായി വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി. ബ്രോക്കര്‍ വഴിയെത്തിയ വിവാഹത്തിന്റെ നിശ്ചയം നടന്നത് ഷാരോണിനെ കൊല്ലുന്നതിന് ഏതാണ്ട് ഒന്‍പത് മാസം മുമ്പാണ്. അതിന് ശേഷം ജോലിക്ക് മടങ്ങിയ സൈനികനുമായി ഗ്രീഷ്മ ഫോണില്‍ സല്ലപിച്ചിരുന്നു. അതിന് ശേഷം അവധിക്കെത്തിയ സൈനികനുമായി കറങ്ങുകയും ഭാവി സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ചീത്ത സമയമായതു കൊണ്ട് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്തു. വിവാഹ നിശ്ചയ ശേഷം എത്തുന്ന അവധിക്ക് കല്യാണമെന്ന മുന്‍ധാരണ തെറ്റി. എങ്കിലും ഗ്രീഷ്മയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച സൈനികന്‍ ഫെബ്രുവരിയിലെ വിവാഹ സ്വപ്നവുമായി മടങ്ങി. പിന്നാലെ എത്തിയത് താനുമായി കല്യാണം കഴിക്കാന്‍ നിശ്ചയിച്ച യുവതിയുടെ ക്രൂരതയുടെ വാര്‍ത്തയാണ്. ഇതോടെ ആ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി. ആ സൈനികനും ഈ കേസില്‍ പോലീസിന് മൊഴി കൊടുത്തിരുന്നു.
കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുമ്പോള്‍ പോലീസ് അന്വേഷണ മികവാണ് ചര്‍ച്ചയാകുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷാവിധി നാളെ. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരനെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്. ഗ്രീഷ്മയുടെ അമ്മയും പ്രതിയുമായ സിന്ധുവും കുറ്റക്കാരിയാണെന്നും ശിക്ഷ കൊടുക്കേണ്ടതായിരുന്നു എന്നും ഷാരോണിന്റെ മാതാപിതാക്കളുടെ ആദ്യപ്രതികരണം. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.
അതീവ രഹസ്യമായിട്ടായിരുന്നു ഗ്രീഷ്മയുടെ സൈനികനുമായുള്ള വിവാഹ നിശ്ചയം. അയല്‍ക്കാരെ പോലും അറിയിച്ചില്ല. ഇതിനിടെയാണ് ഒരു പയ്യന്‍ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് ഗ്രീഷ്മയുമായി വിവാഹം നിശ്ചയിച്ചുറപ്പിച്ച പയ്യനാണെന്ന് അപ്പോള്‍ മാത്രമാണ് അയല്‍പക്കം അറിഞ്ഞത്. ഈ സൈനികനുമായി കന്യാകുമാരിയിലേക്ക് ഗ്രീഷ്മ യാത്ര പോയിരുന്നു. ഇതേ സമയം കാമുകനായ ഷോരോണുമായി വേളി പാര്‍ക്കിലും വെട്ടുക്കാട്ടെ ബീച്ചിലുമെല്ലാം അടിച്ചു പൊളിച്ചു. വിവാഹം നിശ്ചയിച്ച സൈനികന്റെ വീട് നാഗര്‍കോവിലിലായിരുന്നു. അതുകൊണ്ട് തന്നെ കന്യാകുമാരിയുടെ ത്രിവേണി സംഗമത്തിലായിരുന്നു സൈനികനുമായി ഗ്രീഷ്മയുടെ യാത്ര. ഇതിനൊപ്പം ആരുമില്ലാത്ത സമയത്ത് സൈനികനെ വീട്ടിലേക്കും ഗ്രീഷ്മ വിളിച്ചു വരുത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടവര്‍ തിരക്കിയപ്പോഴാണ് എത്തിയത് ഭാവി വരനാണെന്ന സൂചന നാട്ടുകാര്‍ക്ക് ഗ്രീഷ്മയുടെ ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ സൈനികനെ സ്വന്തമാക്കാനായിരുന്നു ഷാരോണിനെ ഗ്രീഷ്മ വകവരുത്തിയത്.
കാരക്കോണം ജംഗ്ഷനില്‍ നിന്ന് ഫെഡറല്‍ ബാങ്കിന് അടുത്തു കൂടെ തിരിയുന്ന റോഡുണ്ട്. രാമവര്‍മ്മന്‍ചിറയിലേക്ക് പോകുന്ന റോഡ്. ഇതു വഴി തമിഴ്നാട്ടിലേക്ക് പോകാം. ഈ വഴിയിലാണ് ഗ്രീഷ്മയുടെ വീട്. ചെന്നൈയിലായിരുന്നു അച്ഛന് ജോലി. എന്താണ് ജോലിയന്ന് നാട്ടില്‍ ആര്‍ക്കും കൃത്യമായി അറിയില്ല. ഫൈവ് സ്റ്റാര്‍ ബാറിലാണ് ജോലിയെന്നും പറയുന്നു. അമ്മയ്ക്ക് ജോലിയുമില്ല. ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതും. ശ്രീനിലയം എന്നാണ് വീട്ടുപേരും. ഈ ശ്രീനിലയത്തിലെ ഗ്രീഷ്മയാണ് ഷാരോണ്‍ എന്ന കാമുകനെ ശ്രീനിലയം എന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി വിഷം കൊടുത്തു കൊന്ന് മലയാളിയെ ഞെട്ടിച്ചത്. ഇതേ ശ്രീനിലയത്തില്‍ തന്നെയാണ് അവധിക്കു വരുമ്പോള്‍ ആരുമില്ലാത്ത സമയത്ത് പട്ടാളക്കാരനേയും വിളിച്ചു വരുത്തിയത്. സൈനികന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ അടുത്ത ബന്ധുവും മറുനാടനോട് പറഞ്ഞിരുന്നു. എല്ലാം അറിഞ്ഞ് ഈ സൈനികന്‍ ജീവനും കൊണ്ടു ഓടി. മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
പാവം സൈനികനെ ഗ്രീഷ്മ പറ്റിക്കുകയായിരുന്നു. കാമുകനെ കുറിച്ചൊന്നും ഗ്രീഷ്മ പറഞ്ഞതുമില്ല. എന്നാല്‍ കല്യാണ നിശ്ചയം കാമുകനായ യുവാവ് മനസ്സിലാക്കിയിരുന്നു. ഇതോടെ താന്‍ പിന്മാറില്ലെന്നും ഗ്രീഷ്മയെ അറിയിച്ചു. എല്ലാം സൈനികനെ അറിയിക്കുമെന്നും വെല്ലുവിളി നടത്തി. ഇതോടെ കാമുകന്‍ ഒഴിഞ്ഞു പോകില്ലെന്ന് മനസ്സിലാക്കി കൂടെ കൂട്ടി. ലീവിന് വന്നപ്പോള്‍ സൈനികനുമായും കറങ്ങി. ഈ കറക്കത്തിന് ശേഷം സൈനികനാണ് തനിക്ക് നല്ലതെന്ന നിഗമനത്തിലേക്ക് ഗ്രീഷ്മ എത്തുകയായിരുന്നു. ഇതിന് ശേഷമാണ് മനസ്സില്‍ രണ്ടും കല്‍പ്പിച്ച തീരുമാനം എടുത്തത്. ഇതിന് കുടുംബത്തിലെ ചിലരേയും നന്നായി ഉപയോഗിക്കുകയായിരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍കുന്ന നായര്‍ കുടുംബാഗമായിരുന്നു സൈനികന്‍. ഗ്രീഷ്മയുടെ അതേ ജാതി. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാല സുഖ ജീവിതത്തിന് ഷാരോണ്‍ തടസ്സം നില്‍ക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു. സര്‍വ്വകലാവല്ലഭയെന്ന ഇമേജുമായി നാഗര്‍കോവിലിലെ മരുമകളാകാനുള്ള ഗ്രീഷ്മയുടെ മോഹമാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ പൊളിച്ചത്.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ഷാരോണ്‍ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 25നു ഷാരോണ്‍ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണു ഗ്രീഷ്മയ്ക്കു ജാമ്യം ലഭിച്ചത്.